മടങ്ങിവരുന്ന പ്രവാസികള്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
തിരുവനന്തപുരം: വിദേശത്തു നിന്ന് മടങ്ങിവരുന്ന പ്രവാസികള്‍ കൊവിഡ് - 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍. പാസഞ്ചര്‍ മാനിഫെസ്റ്റിലെയും നോര്‍ക്ക രജിസ്‌ട്രേഷനിലെയും വിവരങ്ങള്‍ വച്ച് യാത്രക്കാരുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നത് കൂടുതല്‍ വിമാനങ്ങളെത്തുമ്പോള്‍ ഫലപ്രദമാവാത്ത സാഹചര്യത്തിലാണ് ഈ ക്രമീകരണം.
കൊവിഡ് -19 ജാഗ്രത പോര്‍ട്ടലിലെ പബ്ലിക് സര്‍വിസ് വിന്‍ഡോയില്‍ പ്രവാസി രജിസ്‌ട്രേഷന്‍ എന്ന പുതിയ സംവിധാനം ഇതിനായി നിലവില്‍ വന്നു. യാത്രാ ടിക്കറ്റ് എടുത്ത ശേഷമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. വന്ദേഭാരത് മിഷനിലും ചാര്‍ട്ടേഡ് വിമാനങ്ങളിലും എത്തുന്നവര്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഇ മെയിലോ ഏതെങ്കിലും ഇന്ത്യന്‍ മൊബൈല്‍ നമ്പറോ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം.
രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഓട്ടോ ജനറേറ്റഡ് രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കും. സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ രജിസ്റ്റര്‍ ചെയ്ത ശേഷം പെര്‍മിറ്റ് നമ്പര്‍ പ്രവാസികള്‍ക്ക് അയച്ചുകൊടുക്കാം. യാത്രക്കാരുടെ വിവരം ഇതിലൂടെ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ലഭിക്കുന്നതിനാല്‍ ഹോം ക്വാറന്റൈന്‍ അടക്കമുള്ള ആരോഗ്യ പരിപാലനം കൃത്യമായി നടപ്പാക്കാനാവും. എയര്‍പോര്‍ട്ടില്‍ പെര്‍മിറ്റ് നമ്പര്‍ കാണിക്കുമ്പോള്‍ ഇവരുടെ വിവരം വേഗത്തില്‍ രേഖപ്പെടുത്താനാവും.
ചാര്‍ട്ടേഡ് വിമാനമൊരുക്കുന്നവര്‍ തന്നെ അതില്‍ വരുന്നവരെല്ലാം രജിസ്റ്റര്‍ ചെയ്‌തെന്ന് ഉറപ്പാക്കണം. നോര്‍ക്കയിലെയും പാസഞ്ചര്‍ മാനിഫെസ്റ്റിലെയും വിവരങ്ങളില്‍ പലപ്പോഴും വ്യത്യാസമുണ്ടാകുന്നത് മടങ്ങിയെത്തുന്ന പ്രവാസികളുടെ വിവരശേഖരണം ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇതുകാരണം വിമാനത്താവളത്തില്‍ താമസം നേരിടുകയും ചെയ്യുന്നു. കൊവിഡ് - 19 ജാഗ്രതയിലെ രജിസ്‌ട്രേഷനിലൂടെ ഇതിനും പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."