കാര്‍ത്തികപ്പള്ളിയില്‍ തെരുവുനായ ആക്രമിച്ച് വയോധികന്റെ തള്ളവിരല്‍ പറിച്ചെടുത്തു
കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം കുളഞ്ഞിയില്‍ കൊട്ടാരത്തില്‍ തെക്കതില്‍ ഹമീദ് കുഞ്ഞിനെയാണ് (72) വീട്ടുമുറ്റത്ത് തെരുനായ ആക്രമിച്ചത്. കഴിഞ്ഞ ദിവസം പകല്‍ രണ്ടരയോടെ വീട്ടുമുറ്റത്ത് നിന്നും മത്സ്യം വാങ്ങുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. എങ്ങുനിന്നോ ഓടി വന്ന നായ ആദ്യംഹമീദ് കുഞ്ഞിന്റെ വലത് കാലില്‍ കടിച്ചു. തിരിഞ്ഞു നോക്കിയപ്പോഴേക്കും മറിഞ്ഞു വീണ ഹമീദ് കുഞ്ഞിന്റെ കൈയ്യിലാണ് കടിച്ചത്. വലത് കൈയ്യുടെ തള്ള വിരലില്‍ കടിയേറ്റു എങ്കിലും വായില്‍ നിന്നും വിരലിന്റെ പിടി വിടാത്ത നായയുമായി അഞ്ചു മിനിറ്റിലേറെ നേരം മല്‍പ്പിടുത്തം നടത്തേണ്ടി വന്നു. ഒടുവില്‍ നായയുടെ വായില്‍ നിന്നും വിരല്‍ വേര്‍പെടുത്തിയപ്പോള്‍ തള്ളവിരലിലെ മുക്കാല്‍ ഭാഗം മാംസം നായ കടിച്ചെടുത്തിരുന്നു.
ഈ സമയം വീട്ടിലുണ്ടായിരുന്ന ഭാര്യ സൗദയും മരുമകള്‍ ജൂബിയും കരഞ്ഞു ബഹളമുണ്ടാക്കിയപ്പോള്‍ ഓടിയെത്തിയ അയല്‍വാസികള്‍ ഹമീദു കുഞ്ഞിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞരമ്പ് മുറിഞ്ഞു പോയതിനാല്‍ ഓപ്പറേഷന്‍ വേണ്ടി വരും. ഇതിന് രണ്ടാഴ്ചയോളം സമയമെടുക്കും. മുറിവ് കരിയുന്നത് വരെ ആറു മണിക്കൂര്‍ ഇടവിട്ട് ഇന്‍ജക്ഷനും എടുക്കണം.
ഹമീദ് കുഞ്ഞിനെ കടിച്ചതെരുവ് നായ വൈകുന്നേരം മൂന്നുമണിയോടെ കണ്ണമ്പള്ളില്‍ ശ്രീകുമാറിന്റെ ഭാര്യ ഇന്ദുവിനേയും ആക്രമിച്ചിരുന്നു. ഇവരുടെ കൈയ്യിലും കാലിലുമാണ് കടിയേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."