അതിവേഗ റെയില്‍ ആരുടെ ആവശ്യം?
അതിരപ്പിള്ളി എന്ന നടക്കാത്ത പദ്ധതിയെ മുന്നില്‍വച്ച് സര്‍ക്കാര്‍ ഇങ്ങനെ അപഹാസ്യമാകുന്നതെന്തിന് എന്ന സംശയം പലരിലും ഉണ്ടായി. എന്നാല്‍, ഈ ചര്‍ച്ചകള്‍ക്കിടയില്‍ കേരളത്തെ കൊള്ളയടിക്കുന്ന നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ തുടങ്ങി എന്നതാണ് കാര്യം. തോട്ടപ്പിള്ളിയിലെ കരിമണല്‍ കൊള്ള മറന്നുപോയി. 20000 ചതു. മീറ്റര്‍ വരെയുള്ള കെട്ടിട നിര്‍മാണത്തിനു മണ്ണെടുക്കാന്‍ അനുമതി വേണ്ട എന്ന വലിയ കൊള്ളക്കുള്ള വഴി ഒരുങ്ങി. അതോടൊപ്പമാണ് കൊവിഡ് ബാധയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന നമ്മുടെ മേല്‍ ഒരു ഇടിത്തീ പോലെ സില്‍വര്‍ ലെയിന്‍ എന്ന അര്‍ധ അതിവേഗ റെയില്‍ പദ്ധതി മന്ത്രിസഭാ അംഗീകരിച്ചത്. അതിരപ്പിള്ളി വിഷയത്തില്‍ കടുത്ത പാരിസ്ഥിതിക മുദ്രാവാക്യം മുഴക്കിയ ആരും അതിനേക്കാള്‍ നൂറുകണക്കിന് മടങ്ങു നാശം വിതക്കുന്ന ഈ പദ്ധതിക്കെതിരേ രംഗത്തെത്തിയില്ല. സി.പി.ഐ മന്ത്രിമാര്‍ കൂടെയിരുന്നല്ലേ ഈ പദ്ധതിക്കുള്ള അംഗീകാരം നല്‍കിയത്? ഇതിന്റെ പാരിസ്ഥിതികാഘാതം ഇവര്‍ പരിശോധിച്ചുവോ? ഈ പദ്ധതിയുടെ സാമ്പത്തിക, സാമൂഹ്യ പ്രത്യാഘാതങ്ങള്‍ വിലയിരുത്തപ്പെട്ടുവോ?
എന്താണ് പദ്ധതി
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഒരു അതിവേഗ തീവണ്ടിപ്പാത, സില്‍വര്‍ ലൈന്‍. കേവലം മൂന്ന് മണിക്കൂര്‍ അമ്പത്തിരണ്ട് മിനുട്ടു കൊണ്ട് തിരുവനന്തപുരത്തെത്താന്‍ കഴിയും. ഒമ്പതു സ്ഥലത്തു നിര്‍ത്തുന്നു. കേരള സര്‍ക്കാര്‍ ഇന്നുവരെ ഏറ്റെടുത്തിട്ടുള്ള ഏറ്റവും വലിയ പദ്ധതി. 532 കിലോമീറ്റര്‍ നീളത്തില്‍ കാസര്‍കോട് നിന്നും തിരുവനന്തപുരം വരെ ഒരു അര്‍ധ അതിവേഗ പാത, 64000 കോടി രൂപ അടങ്കലുള്ള പദ്ധതി. 33700 കോടി വായ്പയായും ബാക്കി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ജപ്പാനിലെ ജിക്ക ബാങ്കാണ് ഒരു വായ്പാ സാധ്യതയായി കേള്‍ക്കുന്നത്. ഫ്രാന്‍സിലെ സിസ്റ്ററെ എന്ന കമ്പനിയാണ് ഉപകരണങ്ങളും സാങ്കേതിക വിദ്യകളും നല്‍കുന്നത്.
സാമ്പത്തികം
ഇപ്പോള്‍ തന്നെ കടക്കെണിയില്‍ മുങ്ങിയ ഒരു സംസ്ഥാനമാണ് കേരളം. കിഫ്ബി പോലെ കാണാക്കടങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍ അതിനോടൊപ്പം ഇത്ര വലിയ ഒരു ബാധ്യത കൂടി വരുന്നതോടെ കേരളത്തിന്റെ റവന്യു വരുമാനത്തിന്റെ സിംഹഭാഗവും കടം (പലിശയും മുതലും) തിരിച്ചടക്കാനായി ഉപയോഗിക്കേണ്ടി വരും. അതിനായി വേറെ കടം എടുക്കേണ്ടിയും വരും. ഇതില്‍നിന്ന് കാര്യമായ വരുമാനമൊന്നും കിട്ടില്ല. പദ്ധതി സംബന്ധിച്ച ആകാശ സര്‍വേയും മറ്റും നടത്തി റൂട്ട് തീരുമാനിച്ചിരിക്കുന്നു. ഈ പാത ഒരിക്കലും ലാഭകരമാവില്ല എന്ന് ആര്‍ക്കും മനസ്സിലാകും. 6000 കോടി ചെലവാക്കി നിര്‍മിച്ച കൊച്ചി മെട്രോ ഇന്ന് കേവലം ഒരു അലങ്കാരവാഹനം മാത്രമാണ്. മുടക്കുമുതലിന്റെ പലിശപോലും അതില്‍ തിരിച്ചു കിട്ടുന്നില്ല. അതിന്റെ കടം തീര്‍ക്കാന്‍ നമ്മുടെ നികുതിപ്പണം ചെലവാക്കുന്നു. കാരണം അവരുടെ കടത്തിന് സര്‍ക്കാരാണ് ജാമ്യക്കാര്‍. കടം തീര്‍ക്കാനുള്ള മറ്റൊരു പോംവഴിയായി പറയുന്നത് പൊതു ഭൂമി സ്വകാര്യമുതലാളിമാര്‍ക്ക് വിറ്റു പണം ഉണ്ടാക്കലാണ്. ഇത് തന്നെയാണ് സ്വകാര്യവല്‍ക്കരണം. സര്‍ക്കാരിന്റെ ബാധ്യത കുറക്കാന്‍ അഥവാ വരുമാനം കൂട്ടാന്‍ എല്ലാ സര്‍ക്കാരുകളും ചെയ്യുന്നതാണിത്. പൊതുമേഖലാസ്ഥാപനങ്ങളുടെ ഭൂമിയടക്കമുള്ള സ്വത്തുക്കള്‍ വില്‍ക്കുന്നതും ഇതാണ്.
ഇപ്പോഴത്തെ പാതയുടെ ആക്‌സില്‍ ലോഡ് ശേഷി 17 ടണ്‍ മാത്രമാണ്. യാത്രക്കാരെ കൊണ്ടുപോകാന്‍ മാത്രമേ ഈ പാതക്ക് കഴിയൂ. അങ്ങനെ ചെയ്താല്‍ ഈ പാത വലിയ നഷ്ടത്തിലാകും. ചരക്കു കൊണ്ടുപോയാല്‍ മാത്രമേ മുടക്കുമുതലെങ്കിലും തിരിച്ചു കിട്ടൂ. അതിനു പാതയുടെ ശേഷി 25 ടണ്‍ ആക്‌സില്‍ ലോഡ് എങ്കിലും വേണം. അങ്ങനെ നിര്‍മിക്കാന്‍ ഒരുലക്ഷം കോടി രൂപക്കടുത്താകും ചെലവ്.
ഭൂമി എങ്ങനെ കിട്ടും
ഈ പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കാന്‍ 13000 കോടി രൂപ വേണം. ഈ പണം വിവിധ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുക്കാന്‍ കിഫ്ബിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍. ഇതിനായുള്ള ഭൂമിയെടുക്കല്‍ ഈ വര്‍ഷം തന്നെ തുടങ്ങുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. കേരളത്തിലെ ഏതു പദ്ധതിയുടെയും ഏറ്റവും പ്രധാന കടമ്പ ഭൂമി ഏറ്റെടുക്കലാണ്. ദേശീയ പാതയടക്കം ഒട്ടനവധി പദ്ധതികള്‍ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ ആരംഭിച്ചിട്ട് പതിറ്റാണ്ടിലേറെയായി. ഇന്നും അതില്‍ കാര്യമായ പുരോഗതിയില്ല. ഇതെന്തു കൊണ്ടാണെന്നു വിലയിരുത്താതെ പതിനായിരക്കണക്കിന് കുടുംബങ്ങളെ കുടിയിറക്കാന്‍ തീരുമാനമെടുക്കുന്നത് വിവരമില്ലായ്മയാകും. ആദ്യപഠനങ്ങള്‍ സൂചിപ്പിച്ചതു ഏഴായിരത്തോളം കുടുംബങ്ങള്‍ എന്നാണ്. മുന്‍കാല അനുഭവത്തില്‍ ഇത് പതിനായിരത്തില്‍ അധികം ഉണ്ടാകും എന്നുറപ്പാണ്.
പാരിസ്ഥിതികം
ജനവാസം കുറഞ്ഞ പ്രദേശം കണ്ടെത്താന്‍ ആകാശ സര്‍വേ ഉപയോഗിച്ചതിലൂടെയാണ് വീടുകളുടെ എണ്ണം ഇത്രയും കുറവെന്നാണ് പഠിച്ച ഏജന്‍സി പറയുന്നത്. അങ്ങനെയെങ്കില്‍ വലിയ തോതില്‍ നെല്‍പാടങ്ങളും തണ്ണീര്‍ത്തടങ്ങളും ഇടനാടന്‍ കുന്നുകളും ഇതിനായി നശിപ്പിക്കേണ്ടി വരും. 132 കിലോമീറ്റര്‍ നെല്‍പാടങ്ങളും തണ്ണീര്‍ത്തടങ്ങളുമാണെന്നു പഠനങ്ങള്‍ പറയുന്നു. ഈ ഭൂമി മണ്ണും കല്ലുമിട്ട് നികത്തിയാല്‍ ജലനിര്‍ഗമന മാര്‍ഗങ്ങള്‍ അടയും. പ്രളയങ്ങള്‍ ഒരു സാധാരണ സംഭവമാകും. രണ്ട് പ്രളയങ്ങളും നമ്മെ ഒന്നും പഠിപ്പിച്ചിട്ടില്ല ( നെടുമ്പാശ്ശേരി അടക്കമുള്ള അനുഭവങ്ങള്‍ മറക്കരുത്) .
ഒരു നെല്‍പാടത്തിനോ തണ്ണീര്‍തടത്തിനോ നടുവില്‍കൂടി ഈ പാത കടന്നു പോകുന്നതോടെ ശേഷിക്കുന്ന കൃഷിഭൂമി കൂടി നശിക്കും. കൃഷി വികസനം, നെല്‍വയല്‍ സംരക്ഷണം, ഭക്ഷ്യസ്വാശ്രയത്വം തുടങ്ങിയ വായ്ത്താരികളൊക്കെ വെറുതെയാണ് എന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. ജൂണ്‍ അഞ്ചിന് നടന്ന മരങ്ങള്‍ പിറ്റേന്നു തന്നെ പറിച്ചു കളയുന്നു. ജനവാസ മേഖലകളില്‍കൂടി ഒട്ടനവധി റോഡുകളെ മുറിച്ചുകൊണ്ടാണ് ഇത് പോകുന്നത്. ഏറ്റവും കുറഞ്ഞത് അഞ്ഞൂറ് മീറ്ററില്‍ ഒന്നെന്ന രീതിയില്‍ മേല്‍പ്പാലം വേണ്ടിവരും. എങ്കില്‍ തന്നെ ഒട്ടനവധി യാത്രാ പ്രശ്‌നങ്ങള്‍ ഉണ്ടാകും. റോഡ് മുറിച്ചു കടക്കാന്‍ ഒരു കിലോമീറ്റര്‍ അധിക ദൂരം സഞ്ചരിക്കേണ്ടി വരും. അതിവേഗ റെയിലാണെന്നതിനാല്‍ ഇതില്‍നിന്ന് വളരെ അകലത്തില്‍ മാത്രമേ മറ്റു കെട്ടിടങ്ങളോ വാഹനങ്ങളോ ഉണ്ടാകാന്‍ കഴിയൂ. ഇത്ര ഉയരത്തില്‍ പാത നിര്‍മിക്കാന്‍ വലിയ അളവില്‍ കരിങ്കല്ലും മണലും മണ്ണും മറ്റും വേണ്ടിവരും. കിഴക്കന്‍ മലകള്‍ ഇപ്പോള്‍ തന്നെ വലിയ ദുരന്ത ഭീഷണിയിലാണ്. ഈ പദ്ധതിക്ക് എവിടെ നിന്ന് പ്രകൃതി വിഭവങ്ങള്‍ കിട്ടുമെന്ന് ഇവര്‍ ആലോചിച്ചിട്ടുണ്ടോ? ഇത്തരം പദ്ധതികള്‍ വന്നാല്‍ പാവപ്പെട്ട മനുഷ്യര്‍ക്ക് ഒരു ചെറിയ വീട് പോലും വക്കാന്‍ കഴിയില്ല.
ഇതോ ജനാധിപത്യം
കേരളത്തെ ദീര്‍ഘകാല കുഴപ്പത്തിലേക്കു തള്ളിവിടുന്ന ഈ പദ്ധതിയുടെ രേഖകള്‍ വിവരാവകാശനിയമം അനുസരിച്ചു തരാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത് വിചിത്രമാണ്. പൊതുപണം ഉപയോഗിച്ച് ജനങ്ങളെ കുടിയിറക്കി നടപ്പിലാക്കുന്ന ഒരു പദ്ധതിയുടെ വിവരങ്ങള്‍ മറച്ചുവയ്ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. മുന്‍ഗണനാ വികസന നയങ്ങളില്‍ പ്രധാനം അതിന്റെ മുന്‍ഗണനാ ക്രമമാണ്. കേരളത്തിന്റെ ഗതാഗത പ്രശ്‌നമാണ് നമ്മുടെ മുന്നിലെങ്കില്‍ പരിഗണിക്കപ്പെടേണ്ട ആദ്യ സാധ്യത ഇതാണോ? നമ്മുടെ സംസ്ഥാനത്തെ റെയില്‍ പാതകള്‍ ഇരട്ടിപ്പിക്കുകയും വൈദ്യുതീകരിക്കുകയും സിഗ്‌നല്‍ സംവിധാനം പരിഷ്‌കരിക്കുകയും പാതകളും പാലങ്ങളും ശക്തിപ്പെടുത്തുകയും പുതിയ തരം (എല്‍.എച്ച്.ബി) കോച്ചുകള്‍ ഉപയോഗിക്കുകയും ചെയ്താല്‍ തന്നെ ഇപ്പോഴുള്ള പാതയില്‍ 110 കിലോമീറ്ററില്‍ അധികം വേഗതയില്‍ വണ്ടി ഓടും. കാസര്‍കോടുനിന്ന് നാലര അഞ്ചു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തെത്താം. യഥാര്‍ഥ ആവശ്യമായ മൂന്നാമതൊരു പാത എന്ന വിഷയം നാം ഉന്നയിക്കുന്നതേയില്ല. അത് കൂടി വന്നാല്‍ ഇന്നുള്ളതിന്റെ പലമടങ്ങു വേഗതയുണ്ടാകും. നാം തുടക്കമിട്ടു പതിറ്റാണ്ടുകളായ നിലമ്പൂര്‍ - നഞ്ചങ്കോട്, ശബരി, ഗുരുവായൂര്‍ - തിരുനാവായ ഒക്കെ എവിടെയെത്തി? പക്ഷെ അങ്ങനെ റെയില്‍ വികസിച്ചാല്‍ ഒരു കുഴപ്പമുണ്ട്. എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ ആ വണ്ടികളില്‍ പോകാന്‍ കഴിയും. ഈ അതിവേഗ വാഹനമാണെങ്കില്‍ കിലോമീറ്ററിന് എട്ടും പത്തും രൂപ കൊടുത്തു യാത്ര ചെയ്യാന്‍ കഴിയുന്ന ഭാഗ്യവാന്മാര്‍ക്കു മാത്രവും. ഇതില്‍ എത്ര പേര് ഒരു ദിവസം യാത്ര ചെയ്യും എന്ന ചോദ്യമുണ്ട്.
കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും ഇപ്പോള്‍ എല്ലാ വാഹനങ്ങളിലുമായി എത്ര പേര് സഞ്ചരിക്കുന്നു എന്ന് പഠിക്കണം. തീവണ്ടികളാണ് പ്രധാന മാര്‍ഗം. എല്ലാ വണ്ടികളിലും കൂടി ആയിരം പേര് അങ്ങനെ സഞ്ചരിക്കുന്നു എന്ന് കരുതിയാല്‍, അതില്‍ എത്രപേര്‍ ഈ വണ്ടിയില്‍ യാത്ര ചെയ്യും. എങ്ങനെ കണക്കു കൂട്ടിയാലും വിമാനക്കൂലിയുടെ ഇരട്ടിയെങ്കിലും ഇതിലെ യാത്രക്കാകും. ആയിരത്തില്‍ പരമാവധി അമ്പത് പേര് മാത്രം. കണ്ണൂരില്‍നിന്ന് ഒട്ടനവധി വിമാനങ്ങളൊന്നും തിരുവനന്തപുരത്തേക്ക് പറക്കുന്നില്ല. കൊച്ചി മെട്രോ പോലെ ഇതും ഒരു കാഴ്ചവസ്തു മാത്രമാകും. ഇതിന്റെ ഭാരം ഓരോ കേരളീയന്റേയും മേല്‍ വരും. നമ്മുടെ ജനപ്രതിനിധികള്‍ ഇതില്‍ പോകും. കാരണം അവരുടെ യാത്ര സര്‍ക്കാര്‍ ചെലവിലാണ്. അതും നമ്മുടെ തലയില്‍ തന്നെ. ചുരുക്കത്തില്‍ കേരളീയരുടെ മേലുള്ള ഒരു വലിയ ബാധ്യതയാകും ഇത്. അതാണല്ലോ ഇടതുപക്ഷ സോഷ്യലിസം.
ദേശീയജലപാത എന്നത് ഇപ്പോഴും നടക്കാത്ത സ്വപ്നമായി തുടരുന്നു. ഏറ്റവും കുറഞ്ഞ ചെലവില്‍ ചരക്കു ഗതാഗതം സാധ്യമാകും. ഇപ്പോള്‍ ദേശീയപാതകളിലെ തിരക്ക് കാര്യമായി കുറക്കാം. അതു ടൂറിസം വികസനത്തിനും സഹായിക്കും. അപ്പോള്‍ ബദല്‍ മാര്‍ഗങ്ങള്‍ ഇല്ലാത്തതാണ് പ്രശ്‌നം. സാധാരണക്കാര്‍ക്ക് പ്രയോജനമില്ലെങ്കിലും വലിയ അഴിമതി സാധ്യതകളുള്ള പദ്ധതികളോടാണ് നമ്മുടെ സര്‍ക്കാരുകള്‍ക്ക് താല്‍പര്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."