14,898 തീര്‍ഥാടകരെ ഗ്രീന്‍ കാറ്റഗറിയില്‍ നിന്ന് അസീസിയയിലേക്ക് മാറ്റി
നെടുമ്പാശ്ശേരി: ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിന് ഗ്രീന്‍ കാറ്റഗറിയില്‍ അനുമതി ലഭിച്ചിരുന്ന 14,898 പേരെ അസീസിയ കാറ്റഗറിയിലേക്ക് മാറ്റി നിശ്ചയിച്ചു. ഗ്രീന്‍ കാറ്റഗറിയില്‍ 30,000 പേര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് അവസരം ലഭിച്ചിരുന്നത്. പരിശുദ്ധ ഹറമിന് അടുത്താണ് ഗ്രീനില്‍ ഉള്‍പ്പെടുന്നവര്‍ക്കുള്ള താമസ സൗകര്യം.
എന്നാല്‍ ഹറമിനടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനാല്‍ ഗ്രീന്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവരെ 12,000 ആയി കുറക്കണമെന്ന് സഊദി ഹജ്ജ് മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അസീസിയ കാറ്റഗറിയിലേക്ക് സ്വമേധയാ മാറാന്‍ താല്‍പര്യമുള്ളവര്‍ ഹജ്ജ് കമ്മിറ്റിയെ അറിയിക്കണമെന്ന് തീര്‍ഥാടകര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ 3000 ത്തോളം പേര്‍ മാത്രമാണ് ഇത്തരത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച് സ്വമേധയാ അപേക്ഷ സമര്‍പ്പിച്ചത്. ഇവരെ കൂടാതെ 11,898 പേരെ കൂടി കംപ്യൂട്ടറിന്റെ സഹായത്താലാണ് അസീസിയ കാറ്റഗറിയിലേക്ക് മാറ്റി നിശ്ചയിച്ചത്.
സഊദി ഹജ്ജ് മന്ത്രാലയം നിര്‍ദ്ദേശിച്ചതനുസരിച്ച് ബാക്കി വരുന്ന 3000 പേര്‍ക്ക് ഗ്രീന്‍ കാറ്റഗറിയില്‍ തന്നെ സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി. അസീസിയ കാറ്റഗറിയിലേക്ക് മാറേണ്ടി വന്നവര്‍ക്ക് യാത്ര പുറപ്പെടും മുന്‍പ് തന്നെ ബാക്കി തുക മടക്കി നല്‍കുമെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അറിയിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."