നഗരസഭാ കൗണ്‍സില്‍ തീരുമാനം തൃച്ചംബരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കും
തളിപ്പറമ്പ്: തൃച്ചംബരം ദേശീയപാതയോരത്തെ അപകടാവസ്ഥയിലായ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനം. തൊട്ടടുത്ത ആല്‍മരത്തിന്റെ ചില്ലകള്‍ കെട്ടിടത്തിന്റെ ചുമരിനകത്തേക്ക് വളര്‍ന്നും കാലപ്പഴക്കം കൊണ്ടു അപകടാവസ്ഥയിലുമായ കെട്ടിടത്തിന്റെ ചുമരുകള്‍ വിണ്ടുകീറി കല്ലുകള്‍ അടര്‍ന്ന് തുടങ്ങിയിട്ടുണ്ട്. ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കി അല്‍പം അകലെയായുള്ള ഒഴിഞ്ഞ സ്ഥലത്ത് പുതിയത് നിര്‍മിക്കും. നിലവിലെ സ്ഥലത്ത് തന്നെ ബസ് കാത്തിരിപ്പ് കേന്ദ്രം പണിയണമെന്ന് ബി.ജെ.പി കൗണ്‍സിലര്‍ കെ. വത്സരാജന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആല്‍ ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ച് നീക്കിയുള്ള കെട്ടിടനിര്‍മാണം വേണ്ടെന്ന് നഗരസഭാ ചെയര്‍മാന്‍ മഹമ്മൂദ് അള്ളാംകുളം നിലപാട് എടുക്കുകയായിരുന്നു. തളിപ്പറമ്പ് നഗരസഭാ കോംപൗണ്ടില്‍ മുനിസിപ്പല്‍ ഓഡിറ്റോറിയം നിര്‍മിക്കാനായി അടങ്കല്‍ തുകയുടെ 80 ശതമാനം കെ.യു.ആര്‍.ഡി.എഫ്.സിയില്‍ നിന്നു വായ്പയെടുക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ വത്സല പ്രഭാകരന്‍, രജനി രമാനന്ദ്, പി.കെ സുബൈര്‍, എം.പി മുഹമ്മദ് റഫീഖ്, വി.വി കുഞ്ഞിരാമന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."