വിളക്കുകള്‍ വെളിച്ചം തേടുന്നു
ആദ്യകാലങ്ങളില്‍ എണ്ണ, മെഴുകുതിരി വിളക്കുകളായിരുന്നു മനുഷ്യന്‍ ഉപയോഗിച്ചിരുന്നത്. ഹംഫ്രിഡേവിയാണ് ആദ്യമായി വൈദ്യുതി ഉപയോഗിച്ച് വെളിച്ചം സൃഷ്ടിച്ചത്. വൈദ്യുതി ബാറ്ററിയുടെ രണ്ടറ്റവുമായി ചേര്‍ത്തുവച്ച കാര്‍ബണ്‍ കഷ്ണം ഉപയോഗിച്ചായിരുന്നു ഈ പരീക്ഷണം നടത്തിയത്.പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം തോമസ് ആല്‍വാ എഡിസണ്‍ വൈദ്യുത ബള്‍ബ് കണ്ടെത്തിയതോടെയാണ് വിളക്കുകളുടെ ആധുനിക ചരിത്രം തുടങ്ങുന്നത്.കൂടുതല്‍ വായിക്കാം.
ഇന്‍കാന്‍ഡസെന്റ് ലാമ്പ്
ടണ്‍സ്റ്റണ്‍ ലോഹം കൊണ്ടുനിര്‍മിച്ച ഫിലമെന്റ് അടങ്ങിയ വിളക്കുകളാണിവ. ദീര്‍ഘനേരം ചുട്ടുപഴുത്ത് വെള്ളപ്രകാശം പുറപ്പെടുവിക്കാനുള്ള ടണ്‍സ്റ്റണിന്റെ കഴിവിനെ അടിസ്ഥാനമാക്കിയാണ് ഇത്തരം ബള്‍ബുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഉയര്‍ന്ന പ്രതിരോധവും ദ്രവണാങ്കവും അടങ്ങിയ ടങ്‌സ്റ്റണ്‍ ഫിലമെന്റിന്റെ ഓക്‌സീകരണം അസാധ്യമാക്കാനായി ഗ്ലാസ് ബള്‍ബിനകത്തെ വായു ശൂന്യമാക്കുകയും ബാഷ്പീകരണ തോത് കുറയ്ക്കാനായി നൈട്രജന്‍ വാതകം നിറയ്ക്കുകയും ചെയ്യുന്നു. ഇതിലൂടെ ബള്‍ബിനകത്തെ ബാഷ്പീകരണ തോത് കുറയുകയും ടങ്‌സ്റ്റണ്‍ ഉന്നത താപനിലയില്‍ ജ്വലിക്കുകയും ചെയ്യുന്നു.
ഡിസ്ചാര്‍ജ് ലാമ്പ്
ഫിലമെന്റ് ഇല്ലാത്ത ലാമ്പുകളാണിവ. താഴ്ന്ന മര്‍ദ്ദത്തില്‍ അനുയോജ്യമായ വാതകം നിറച്ചിരിക്കുന്ന ഒരു ഗ്ലാസ് ട്യൂബിന്റെ രണ്ട് അറ്റങ്ങളിലായി ഓരോ ഇലക്ട്രോഡുകള്‍ ഉണ്ടായിരിക്കും. ഇവയിലെ ഇലക്ട്രോഡുകള്‍ക്കിടയില്‍ ഒരു പൊട്ടന്‍ഷ്യല്‍ വ്യത്യാസം അനുഭവപ്പെടുകയും അവയ്ക്കിടയിലെ വാതകവും തല്‍ഫലമായി ആറ്റങ്ങളും അയോണീകരിക്കപ്പെടുകയും ചെയ്യും. എന്നാല്‍ ഇങ്ങനെ അയോണീകരിക്കപ്പെടുന്നതിനിടയില്‍ അയോണീകരിക്കപ്പെടാത്ത ആറ്റങ്ങളുമായി ഇവ സംഘട്ടനത്തില്‍ ഏര്‍പ്പെടുകയും അയോണീകരിക്കപ്പെടാത്ത ആറ്റങ്ങള്‍ ഉയര്‍ന്ന ഊര്‍ജനിലയിലെത്തുകയും ചെയ്യും. ഇവ പൂര്‍വാവസ്ഥയിലേക്കെത്താന്‍ ശ്രമിക്കുമ്പോള്‍ ആഗിരണം ചെയ്ത ഊര്‍ജം പ്രകാശകിരണരൂപത്തില്‍ പുറത്തു വിടുന്നതാണ് ഡിസ്ചാര്‍ജ് ലാമ്പിലെ വെളിച്ചം. ഗ്ലാസ് ട്യൂബില്‍ നിറച്ചിരിക്കുന്ന വാതകങ്ങള്‍ക്കനുസൃതമായിരിക്കും ഡിസ്ചാര്‍ജ്ജ് ലാമ്പിലെ പ്രകാശത്തിന്റെ നിറം
ഫ്‌ളൂറസെന്റ്
ഒരു ഗ്ലാസ് ട്യൂബിനകത്തായി സ്തിഥി ചെയ്യുന്ന തോറിയം ഓക്‌സൈഡ് ലേപനം ചെയ്ത രണ്ട് ഹീറ്റിംഗ് കോയില്‍ വൈദ്യുത പ്രവാഹത്താല്‍ ചുട്ടുപഴുക്കുകയും തല്‍ഫലമായി ഇലകട്രോണ്‍ പുറം തള്ളുകയും ചെയ്താണ് ഫ്‌ളൂറസെന്റ് ലാമ്പില്‍ പ്രകാശമുണ്ടാകുന്നത്. ഗ്ലാസ് ട്യൂബിനകത്ത് നിറച്ചിരിക്കുന്ന മെര്‍ക്കുറി ബാഷ്പത്തിലെ അയോണീകരിക്കാത്ത ആറ്റങ്ങളുമായി ഇലക്ട്രോണുകള്‍ സംഘട്ടനത്തിലേര്‍പ്പെടുകയും തല്‍ഫലമായി അള്‍ട്രാവയലറ്റ് രശ്മികള്‍ രൂപം കൊള്ളുകയും ഇവയെ ട്യൂബിലെ ഫ്‌ളൂറസെന്റ് പദാര്‍ഥം ആഗിരണം ചെയ്ത് ദൃശ്യപ്രകാശമാക്കി മാറ്റുകയും ചെയ്യുന്നു. ആയിരത്തിത്തൊള്ളായിരത്തി നാല്‍പ്പതുകളിലാണ് ഇവയുടെ ഉദയം. ഇന്നു വിപണിയില്‍ ലഭ്യമാകുന്ന ഫ്‌ളൂറസെന്റ് ലാമ്പുകളില്‍ ഇലക്ട്രോണിക്‌സ് ബാലസ്റ്റുകളാണ് (ചോക്ക്) ആണ് ഉപയോഗിക്കുന്നത്. ഇന്‍കാന്‍ഡസെന്റ് ബള്‍ബുകളെ അപേക്ഷിച്ച് ഫ്‌ളൂറസെന്റ് ബള്‍ബുകള്‍ക്ക് ഏതാണ്ട് അഞ്ചിരട്ടി ആയുസ് കൂടുതലാണ്. വൈദ്യുതോപയോഗ കാര്യത്തിലും ഇവ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നു. എന്നാല്‍ പ്രകൃതിമലിനീകരണത്തില്‍ ഫ്‌ളൂറസെന്റ് ലാമ്പിന്റെ പങ്ക് വളരെ വലുതാണ്.
എല്‍.ഇ.ഡി ബള്‍ബ്
ലൈറ്റ് എമിറ്റിംഗ് ഡയോഡ് എന്ന എല്‍.ഇ.ഡി ബള്‍ബുകള്‍ ഇന്ന് സര്‍വവ്യാപകമായി കഴിഞ്ഞു. വളരെ കുറഞ്ഞ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഇവ പ്രകൃതി മലിനീകരണമോ ഊര്‍ജനഷ്ടമോ ഉണ്ടാക്കുന്നില്ല.
ലേസര്‍ ബള്‍ബ്
എല്‍.ഇ.ഡി ബള്‍ബിനെപോലെ സര്‍വവ്യാപിയായി മാറിക്കൊണ്ടിരിക്കുകയാണ് ലേസര്‍ ബള്‍ബുകള്‍. വൈദ്യുത- കാന്തിക വികിരണങ്ങളെ ഉത്തേജിപ്പിച്ച് ശക്തി വര്‍ധിപ്പിച്ചാണ് ഇത്തരം ബള്‍ബുകളില്‍ പ്രകാശമുണ്ടാക്കുന്നത്. എല്‍.ഇ.ഡിയേക്കാള്‍ കുറഞ്ഞ ഊര്‍ജം ആവശ്യമായ ലേസര്‍ ബള്‍ബുകളില്‍നിന്നുള്ള വെളിച്ചം കണ്ണിലേല്‍ക്കുന്നത് അപകടകരമാണ്.
മൈക്രോവേവ് വിളക്ക്
മൈക്രോ വേവ് തരംഗങ്ങളെ ഉപയോഗപ്പെടുത്തി പ്രകാശം സൃഷ്ടിക്കുന്നവയാണ് ഇവ.സള്‍ഫര്‍ വിളക്ക് ഇത്തരത്തിലുള്ളതാണ്.ഒരു ഗോള്‍ഫ് പന്തോളം വലുപ്പമുള്ള സള്‍ഫര്‍ ലാമ്പിനകത്ത് സള്‍ഫര്‍ പൗഡറും ആര്‍ഗണ്‍ വാതകവും നിറയ്ക്കും. ഒരു വേവ് ഗൈഡ് വഴി മൈക്രോ വേവ് തരംഗങ്ങള്‍ ബള്‍ബിലേക്കെത്തിക്കുകയും ഇവ ബള്‍ബിനകത്തെ വാതകത്തെ അന്തരീക്ഷ മര്‍ദ്ദത്തിന്റെ അഞ്ചിരട്ടിയിലേക്ക് മാറ്റുകയും സള്‍ഫറിനെ ഉയര്‍ന്ന ഊഷ്മാവിലേക്ക് മാറ്റുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി സള്‍ഫര്‍ പ്രകാശം സൃഷ്ടിക്കുന്നു. അറുപതിനായിരം മണിക്കൂറാണ് ഇത്തരം ബള്‍ബുകളുടെ ആയുര്‍ദൈര്‍ഘ്യമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.1990 യൂണൈറ്റഡ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജിയുടെ സഹായത്തോടെ മൈക്കല്‍ യൂറി,ചാള്‍ഡ് വുഡ് എന്നിവരാണ് ഈ സാങ്കേതിക വിദ്യക്ക് തുടക്കം കുറിച്ചത്.
വാഹനങ്ങള്‍ക്കൊരു ലാമ്പ്
കൂട്ടുകാര്‍ വാഹനങ്ങളുടെ ഹെഡ് ലൈറ്റുകള്‍ ശ്രദ്ധിച്ചിട്ടില്ലേ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലത്താണ് ഇത്തരം ലാമ്പുകളുടെ മുന്‍ ഗാമികള്‍ പ്രചാരത്തില്‍വന്നത്. അസറ്റിലിന്‍ വിളക്കുകളെന്ന് അറിയപ്പെടുന്ന ഇവ എണ്ണ ഉപയോഗപ്പെടുത്തിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഹെഡ്‌ലാമ്പുകള്‍ പ്രചാരത്തില്‍ വന്നു. നിശ്ചിത സമയത്തേക്ക് മാത്രം പ്രവര്‍ത്തിക്കുന്ന ഫിലമെന്റുകളും ഡൈനാമോകളുടെ വലുപ്പക്കൂടുതലും ഇവയുടെ പ്രചാരണത്തിന് തടസമായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പ്രകാശ തീവ്രത കുറയ്ക്കാനും കൂട്ടാനും സാധിക്കുന്ന ഹെഡ് ലാമ്പുകള്‍ ലഭ്യമായിത്തുടങ്ങി.
മൊബൈലും കമ്പ്യൂട്ടറും കണ്ണും
രാത്രിയിലെ ഇരുട്ടില്‍ മൊബൈലോ കമ്പ്യൂട്ടറോ ഉപയോഗിക്കുന്ന കൂട്ടുകാര്‍ പ്രത്യേകം ശ്രദ്ധിക്കണേ സ്‌ക്രീനില്‍നിന്ന് നിങ്ങളുടെ കണ്ണിലേക്കെത്തുന്ന നീല വെളിച്ചം നിങ്ങളുടെ കണ്ണിന്റെ കാഴ്ച ശക്തി തന്നെ നഷ്ടപ്പെടുത്തിയേക്കാം. എല്‍.ഇ.ഡി ബാക്ക് ലൈറ്റ് സംവിധാനമുള്ള മോണിറ്ററുകളാണ് ഇത്തരത്തില്‍ വില്ലന്മാരാകുന്നതെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഉറക്കത്തെ നിയന്ത്രിക്കുന്ന മെലാടോണിന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനത്തെ സ്‌ക്രീനിലെ നീല വെളിച്ചം തടയുകയും ശരീരത്തിലെ സന്തുലിതാവസ്ഥ തകിടം മറിക്കുകയും ചെയ്യുമെന്നാണ് എലികളില്‍ നടത്തിയ ഒരു പഠനത്തില്‍നിന്നു ഗവേഷകര്‍ കണ്ടെത്തിയത്. ഇതോടെ എയ്‌സര്‍ പോലെയുള്ള ഐ.ടി കമ്പനികള്‍ ബ്‌ളൂലൈറ്റ് ഷീല്‍ഡ് ടെക്‌നോളജി ഉപയോഗിച്ച് ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിക്കുകയുണ്ടായി.
ആര്‍ക്ക് ലാമ്പ്
സെര്‍ച്ച് ലൈറ്റുകള്‍,സിനിമാ ഷൂട്ടിങ് ലൈറ്റുകള്‍ എന്നിവയില്‍ ആര്‍ക്ക് ലാമ്പുകള്‍ ഉപയോഗപ്പെടുത്തുന്നു. വായുശൂന്യമാക്കിയ ഒരു ഗ്ലാസ് ട്യൂബില്‍ നിശ്ചിത അകലത്തില്‍ ഘടിപ്പിച്ചിരിക്കുന്ന കാര്‍ബണിന്റേയോ പ്ലാറ്റിനത്തിന്റേയോ ദണ്ഡുകളാണ് ആര്‍ക്ക് ലാമ്പുകളില്‍ പ്രകാശം പുറപ്പെടുവിക്കുന്നത്.
സീറോ വാട്ടും അബദ്ധങ്ങളും
കടയില്‍ ചെന്ന് സീറോ വാട്ട് ബള്‍ബുകളെന്ന് പേരുള്ള ബള്‍ബുകള്‍ പലരും വീട്ടിലേക്ക് വാങ്ങാറുണ്ട്. എന്നാല്‍ ഇവ പേര് പോലെ സീറോ ഒന്നും അല്ല. പന്ത്രണ്ട് മുതല്‍ പതിനഞ്ച് വരെ വാട്ട് ഉള്ളവയാണ് ഇവ. ചെറിയ അളവില്‍ സീറോ വാട്ട് ബള്‍ബുകള്‍ വൈദ്യുതി ഉപയോഗപ്പെടുത്തുന്നുണ്ട്.മാസം മുഴുവന്‍ കത്തിച്ചിടുന്ന ഇത്തരത്തിലുള്ള ഒരു ബള്‍ബ് ഏതാണ്ട് പതിനൊന്ന് യൂണിറ്റോളം വൈദ്യുതി വിഴുങ്ങുമെന്നാണ് കണക്ക്
പ്ലാസ്മ കൊണ്ടൊരു വിളക്ക്
സൂര്യന്‍ പ്ലാസ്മാവസ്ഥയിലാണെന്ന് കൂട്ടുകാര്‍ പഠിച്ചിട്ടില്ലേ. അത്തരം പ്ലാസ്മാവസ്ഥ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ വെളിച്ചം ലഭ്യമാകുമോയെന്ന പരീക്ഷണമാണ് ശാസ്ത്രജ്ഞരെ പ്ലാസ്മ വിളക്കിന്റെ നിര്‍മാണത്തിന് പ്രേരിപ്പിച്ചത്. മെര്‍ക്കുറി ,സോഡിയം,സള്‍ഫര്‍ തുടങ്ങിയ മിശ്രിതങ്ങള്‍ ഒരു ഗ്ലാസ് ട്യൂബിനകത്ത് നിറയ്ക്കുകയും റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് പ്ലാസ്മാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് വാതകങ്ങളുടെ അയോണീകരണവുമായി ബന്ധപ്പെട്ട സംഘട്ടനങ്ങള്‍ മൂലം സൃഷ്ടിക്കപ്പെടുന്ന സ്വതന്ത്ര ഇലകട്രോണുകള്‍ക്ക് ഊര്‍ജ്ജ നിലകളില്‍ സംഭവിക്കുന്ന വ്യതിയാനം മൂലം പ്രകാശം സാധ്യമാകുകയും ചെയ്യുന്നു.
സോളാര്‍ ബള്‍ബുകള്‍
സൂര്യപ്രകാശത്തെ ഉപയോഗപ്പെടുത്തിയാണ് ഇത്തരം ബള്‍ബുകള്‍ പ്രവര്‍ത്തിക്കുന്നത്. ഫോട്ടോവോള്‍ട്ടായിക് ഇഫക്ട് ഉപയോഗിച്ചാണ് സോളാര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നത്. അന്തരീക്ഷ മലിനീകരണം തീരെയില്ലാത്ത ഇത്തരം വിളക്കുകള്‍ സ്ഥാപിക്കുന്നതിന് ആദ്യഘട്ടത്തില്‍ മാത്രമാണ് സാമാന്യം വലിയൊരു തുക ആവശ്യമായി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."