ഹാന്‍വീവിലെ പ്രശ്നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കും: കെ.എം ഷാജി
കണ്ണൂര്‍: ഹാന്‍വീവിന്റെ പ്രശ്നങ്ങള്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നു കെ.എം ഷാജി എം.എല്‍.എ. അനധികൃത സ്ഥലംമാറ്റത്തിലും മൂന്നുമാസമായി ശമ്പളം വൈകുന്നതിലും പ്രതിഷേധിച്ച് കേരള സംസ്ഥാന കൈത്തറി വികസന കോര്പറേഷന്(എസ്.ടി.യു) നേതൃത്വത്തില്‍ കണ്ണൂരിലെ ഹാന്‍വീവ് ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈവര്‍ഷം മുതല്‍ സ്കൂള്‍ യൂനിഫോം ഹാന്‍വീവിനെ ഏല്‍പ്പിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ യൂനിഫോം വില്പനയിലൂടെ പത്തുരൂപയുടെ മിച്ചംപോലും ഹാന്‍വീവിന് ഉണ്ടാക്കാന്‍ സാധിക്കില്ല. ജീവനക്കാരെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ തലങ്ങും വിലങ്ങും സ്ഥലംമാറ്റുകയാണ്. എല്ലാ പിന്തിരിപ്പന് നയങ്ങള്‍ക്കും കുട പിടിക്കുന്ന ചെയര്‍മാനാണു ഹാന്വീവിലുള്ളതെന്നും കെ.എം ഷാജി ആരോപിച്ചു. എസ്.ടി.യു സംസ്ഥാനസെക്രട്ടറി എം.എ കരീം അധ്യക്ഷനായി. ദേശീയ സെക്രട്ടറി എം. റഹ്മത്തുല്ല, ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്, പി.പി കുഞ്ഞഹമ്മദ്, മുഹമ്മദ് അഷ്റഫ്, ആലിക്കുഞ്ഞി, കെ. ഉമ്മര്‍, ഹംസ ഹാജി, ടി.കെ ഹുസൈന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."