പിണറായി പറഞ്ഞു; ' എം.കെ.ദാമോദരന് ഏതുകേസും വാദിക്കാം'
തിരുവനന്തപുരം: ഇതരസംസ്ഥാന ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിനായും കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസിലെ പ്രതിക്കായും കോടതിയില്‍ ഹാജരായ എം.കെ.ദാമോദരനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവെന്ന നിലയില്‍ ദാമോദരന്‍ പ്രതിഫലം വാങ്ങുന്നില്ല. അദ്ദേഹത്തിന് ഏത് കേസ് വാദിക്കുന്നതിലും തടസമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ പ്രതിപക്ഷം ബഹളംവച്ചതോടെ ശക്തമായ വാക്‌പോരിന് നിയമസഭ വേദിയായി. എം.കെ.ദാമോദരന്‍ സര്‍ക്കാരിനെതിരേ കോടതിയില്‍ ഹാജരാകുന്ന വിഷയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉന്നയിച്ചത്.
നടപടി അധാര്‍മികമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നാളെ മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ജിഷയുടെ ഘാതകന് വേണ്ടി കോടതിയില്‍ ഹാജരായാലും അത്ഭുതപ്പെടാനില്ലെന്ന് അദ്ദേഹം കളിയാക്കി. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെ സഹായിക്കുന്നതിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ അഞ്ചു കോടിയുടെ വായ്പാതട്ടിപ്പ് നടത്തിയെന്നും ചെന്നിത്തല പറഞ്ഞു.
എന്നാല്‍ ക്വാറി ഉടമകള്‍ക്കായും ദാമോദരന്‍ നാളെ ഹൈക്കോടതിയില്‍ ഹാജരാകും. ക്വാറിക്കു പരിസ്ഥിതി അനുമതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ഹാജരാകുക. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ക്വാറികള്‍ സര്‍ക്കാര്‍ നേരത്തെ പൂട്ടിച്ചിരുന്നു. ഇതു ചോദ്യം ചെയ്താണ് ദാമോദരന്‍ ക്വാറി ഉടമകള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."