ശബരിമല വിമാനത്താവളം: സര്‍ക്കാര്‍ നീക്കം സി.പി.ഐ എതിര്‍പ്പ് വകവയ്ക്കാതെ
കോട്ടയം: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി പണം കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത് സി.പി.ഐയും പ്രതിപക്ഷകക്ഷികളും ഉയര്‍ത്തിയ എതിര്‍പ്പ് വകവയ്ക്കാതെ.
വിമാനത്താവള പദ്ധതിക്കായി പണം കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ സി.പി.ഐ നേരത്തെതന്നെ പരസ്യമായി രംഗത്തുവന്നിരുന്നു. സര്‍ക്കാര്‍ നീക്കം ഹാരിസണ്‍ അടക്കം കുത്തക കമ്പനികളെ സഹായിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.ഐ എതിര്‍പ്പ് ഉയര്‍ത്തിയത്. ചെറുവള്ളി തോട്ടത്തിന് പുറമെ ഹാരിസണ്‍ മലയാളം കമ്പനി കൈവശംവച്ചിട്ടുള്ള തോട്ടങ്ങളെല്ലാം സര്‍ക്കാര്‍ ഭൂമിയാണെന്ന നിലപാടാണ് റവന്യൂ വകുപ്പും സി.പി.ഐയും ഉയര്‍ത്തിയിരുന്നത്. തര്‍ക്കഭൂമികള്‍ ഏറ്റെടുക്കാനായി ജില്ലകള്‍തോറും റവന്യൂ വകുപ്പ് സിവില്‍ കേസുകളും നല്‍കിയിരുന്നു. ഇതിനിടെയാണ് നഷ്ടപരിഹാരം കോടതിയില്‍ കെട്ടിവച്ച് ചെറുവള്ളി തോട്ടം ഏറ്റെടുക്കാനായി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. സര്‍ക്കാര്‍ നീക്കം റവന്യൂ വകുപ്പ് നല്‍കിയിരിക്കുന്ന കേസുകളെ ദുര്‍ബലമാക്കുമെന്ന വാദമാണ് സി.പി.ഐ ഉയര്‍ത്തിയിരുന്നത്.
ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവ് ഇറങ്ങിയത് സി.പി.ഐ നിലപാടിന് വിരുദ്ധമായാണ്. പണം നല്‍കി ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരേ കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരനും യു.ഡി.എഫും രംഗത്തുവന്നിരുന്നു. ചെറുവള്ളി തോട്ടം ഏറ്റെടുക്കാന്‍ കോട്ടയം ജില്ലാ കലക്ടര്‍ നല്‍കിയ സിവില്‍ കേസ് പാലാ കോടതിയുടെ പരിഗണനയിലാണ്. ഇതിനുള്ള നിയമനടപടികള്‍ തുടരുന്നതിനിടെയാണ് കോടതിയില്‍ നഷ്ടപരിഹാരം കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."