സ്പിന്നിങ് മില്ലുകളിലെ പി.എഫ് ഫണ്ടില്‍ തിരിമറി; പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെടുന്നു
തൊടുപുഴ: സംസ്ഥാനത്ത് പൊതുമേഖലയിലും സഹകരണ മേഖലയിലും പ്രവര്‍ത്തിക്കുന്ന സ്പിന്നിങ് മില്ലുകളില്‍ പി.എഫ്, ഇ.എസ്.ഐ ഫണ്ടുകളില്‍ വ്യാപക തിരിമറി. പരാതിയെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രശ്‌നത്തില്‍ ഇടപെടുന്നു. അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കി പി.എഫ് കമ്മിഷണര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് കത്ത് നല്‍കി. തൃശൂര്‍, കണ്ണൂര്‍ സഹകരണ സ്പിന്നിങ് മില്ലുകള്‍ ഇ.പി.എഫ് ഇനത്തില്‍ അടയ്‌ക്കേണ്ട 5.83 കോടി രൂപയാണ് തിരിമറി നടത്തിയിരിക്കുന്നത്. 2016 മുതല്‍ ഇവര്‍ തൊഴിലാളികളുടെ ശമ്പളത്തില്‍നിന്ന് വിഹിതം പിടിക്കുന്നതടക്കം പി.എഫും ഇ.എസ്.ഐയും അടയ്ക്കുന്നില്ല. ഇതുമൂലം ലോണും പെന്‍ഷനും പോലും ലഭിക്കാതെ തൊഴിലാളികള്‍ ബുദ്ധിമുട്ടുകയാണ്.
കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ 300 കോടി രൂപയുടെ സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ചാണ് തൊഴിലാളികളില്‍നിന്ന് പിരിച്ച ഇ.പി.എഫ് ഫണ്ട് അടയ്ക്കാതെ തിരിമറി നടത്തിയത്. 48 കോടി രൂപ നാഷനല്‍ കോ-ഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനില്‍നിന്ന് സ്പിന്നിങ് മില്ലുകള്‍ക്ക് സഹായം ലഭിച്ചിട്ടുണ്ട്. ട്രേഡ് യൂനിയനുകള്‍ ഇ.പി.എഫ് റീജ്യനല്‍ കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമ്പോള്‍ മാത്രമാണ് പി.എഫ് അധികാരികള്‍ ചെറിയ നടപടികള്‍ പോലും സ്വീകരിക്കാറുള്ളത്. ഇ.പി.എഫില്‍നിന്ന് വായ്പ എടുക്കുന്നതിനും മറ്റും പോകുമ്പോള്‍ ആണ് പി.എഫ് അടയ്ക്കാത്ത വിവരം അറിയുന്നത്. പലപ്പോഴും പി.എഫ് ഉദ്യോഗസ്ഥര്‍ മാനേജ്‌മെന്റുകളുമായി ഒത്തുകളിക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
പൊതുമേഖലാ സ്പിന്നിങ് മില്ലുകളുടെ കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 71.01 കോടി രൂപയാണ്. അസംസ്‌കൃത വസ്തുവായ പോളിസ്റ്റര്‍, കോട്ടണ്‍ എന്നിവ വാങ്ങുന്നതിലും നൂല്‍ വില്‍പ്പനയിലും ഉന്നത തലങ്ങളില്‍ നടക്കുന്ന വ്യാപക അഴിമതിയാണ് മില്ലുകളെ ഈ വലിയ തകര്‍ച്ചയിലേക്ക് തള്ളിവിടുന്നത്. പല മില്ലുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. അഴിമതിക്കാരായ എം.ഡിമാരെ നീക്കം ചെയ്യണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എസ്.ടി.യു, എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള ടെക്‌സ്റ്റൈല്‍ ഫെഡറേഷന്‍ സംയുക്തസമിതി സമരത്തിലാണ്.
തൃശൂര്‍ സ്പിന്നിങ് മില്ലില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന
തൊടുപുഴ: തൃശൂര്‍ വാഴാനി സഹകരണ സ്പിന്നിങ് മില്ലില്‍ ഇ.പി.എഫ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന. എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസര്‍ ബിജി വര്‍ഗീസിന്റെ നേതൃത്വത്തിലാണ് ഇന്നലെ പരിശോധന നടത്തിയത്.
2015 നവംബര്‍ മുതല്‍ തൊഴിലാളികളുടെ ശമ്പളത്തില്‍നിന്ന് പിടിച്ച 12 ശതമാനം പ്രൊവിഡന്റ് ഫണ്ട് അടച്ചിട്ടില്ല. 2013 ഒക്ടോബര്‍ മുതല്‍ 12 ശതമാനം മാനേജ്‌മെന്റ് വിഹിതവും നല്‍കാതെ 2 കോടി രൂപയോളം തിരിമറി നടത്തിയതായി കണ്ടെത്തി. 10 ദിവസത്തിനുള്ളില്‍ തുക അടക്കണമെന്ന് കാണിച്ച് മാനേജിങ് ഡയറക്ടര്‍ പി.എസ് ശ്രീകുമാറിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. അല്ലാത്ത പക്ഷം അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന മുന്നറിയിപ്പും നല്‍കിയാണ് പരിശോധനാ സംഘം മടങ്ങിയത്. സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് തൃശൂര്‍ സ്പിന്നിങ് മില്‍ എം.ഡിക്കെതിരേ നിലവില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."