ലീഡറുടെ മണ്ണിലൂടെ ബെന്നി ബെഹനാന്റെ പടയോട്ടം
കൊടുങ്ങല്ലൂര്‍: ലീഡര്‍ കെ. കരുണാകരന്റെ രാഷ്ട്രീയ തട്ടകമായിരുന്ന മാളയുടെ മണ്ണിലൂടെ പര്യടനം നടത്തിയ ചാലക്കുടി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന് ലഭിച്ചത് ആവേശകരമായ സ്വീകരണം. പുലര്‍ച്ചെ ആറിന് പൊയ്യ പഞ്ചായത്തിലെ ചെന്തുരുത്തിയില്‍ നിന്നാണ് സ്ഥാനാര്‍ഥി പ്രചാരണം ആരംഭിച്ചത്.
ലീഡറുടെ ആരാധകനും അനുയായിയും ആയിരുന്ന കുടുംബി സമുദായത്തിലെ തലമുതിര്‍ന്ന അംഗം കൂടിയായ ഗോപി ചേട്ടന്‍ ഓടിനടന്ന് സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തി. സ്ഥാനാര്‍ഥിയെ കണ്ടതോടെ രാവിലെ ജോലിയ്ക്ക് പോകാനിറങ്ങിയ സ്ത്രീകള്‍ പരാതികളും പരിഭവങ്ങളുമായി ചുറ്റും കൂടി.
ഒരാളും ഇങ്ങോട്ടു തിരിഞ്ഞു നോക്കാറില്ലെന്നും കുടുംബി സമുദായത്തിന് സംവരണം എന്നുള്ള ആവശ്യത്തോട് എല്ലാവരും മുഖം തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവായിരിക്കെ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത മാമ്പ്ര കളിമണ്‍ വ്യവസായ സഹകരണ സംഘത്തിലെ മഹാത്മാ ടൈല്‍സിലെത്തി തൊഴിലാളികളോട് ബെന്നി ബെഹനാന്‍ വോട്ട് അഭ്യര്‍ഥിച്ചു. ലീഡര്‍ കെ. കരുണാകരന്റെ ഉറ്റസുഹൃത്തായിരുന്ന യാക്കോബായസഭ എപ്പിസ്‌കോപ്പ ആയിരുന്ന പൂവന്തറ മത്തായിയുടെ വസതിയിലെത്തി ബെന്നി ബെഹനാന്‍ അനുഗ്രഹം തേടി.
വാളൂര്‍ ദാറുസലാം ജുമാമസ്ജിദ്, അന്നമനട ക്ഷേത്രം, കെ.എസ്.ബി.എം.എസ്.എല്‍ കണ്‍ട്രോള്‍ ലിമിറ്റഡ് എന്നിവയും സന്ദര്‍ശിച്ചു. എരവത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണിക്കൊന്ന നല്‍കിയാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. ഇരുചക്ര വാഹന റാലിയോടെയാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. താണിശ്ശേരി സെന്റ്. ആന്റണീസ് സ്‌കൂളിലെത്തിയ ബെന്നി ബെഹനാന്‍ മധ്യവേനലവധി ആഘോഷിക്കുകയായിരുന്ന കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു. മാള ജുമാ മസ്ജിദിലെത്തിയ സ്ഥാനാര്‍ഥിയെ ഇമാം സുബൈര്‍ മന്നാനി സ്വീകരിച്ചു. പ്രളയത്തില്‍ മുങ്ങിയ നെയ്താല്‍ സീഫുഡ് കമ്പനിയും ബെന്നി ബെഹനാന്‍ സന്ദര്‍ശിച്ചു. കൊടുങ്ങല്ലൂര്‍, കയ്പ്പമംഗലം മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ ബെന്നി ബെഹനാന്‍ പ്രചാരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."