രാഹുലോ സിദ്ധീഖോ? നാളെയോടെ തീരുമാനമെന്ന് കോണ്‍ഗ്രസ്: പ്രചാരണം അവസാനിപ്പിക്കുമെന്ന് പ്രവര്‍ത്തകര്‍
ന്യൂഡല്‍ഹി: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയോ ടി.സിദ്ധീഖോ, അതുമല്ല മറ്റാരെങ്കിലുമാണോ? തീരുമാനം നാളെ അറിയാം. ഏതായാലും ഇനി വൈകില്ല. വൈകിയാല്‍ കൈവിട്ട കളിയാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വവും വിലയിരുത്തിയിട്ടുണ്ട്.
നാമനിര്‍േദശ പത്രിക നല്‍കാനുള്ള സമയവും ഇനി അധികമില്ല. ഇന്നോ നാളെയോ തീരുമാനം ഉണ്ടായാല്‍ തന്നെ ഒന്നും മൂന്നും തീയതികള്‍ മാത്രമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനായി ശേഷിക്കുന്നുള്ളൂ. ഇക്കാര്യത്തില്‍ മുന്നണിയിലും ഇതര പാര്‍ട്ടി അനുഭാവികളിലും അനിശ്ചിതത്വവും അസംതൃപ്തിയും പുകയുമ്പോഴാണ് രണ്ടിലൊരു തീരുമാനം അധികം വൈകില്ലെന്ന വിശദീകരണവുമായി ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍ രംഗത്തു വരുന്നത്.
അതേ സമയം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ ഇനി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് വയനാട്ടിലെ ഘടകകക്ഷികള്‍ അറിയിച്ചതോടെ മണ്ഡലത്തില്‍ യുഡിഎഫ് പ്രചാരണവും നിലച്ചമട്ടാണ്. പ്രചരണത്തിനില്ലെന്ന് ഘടകക്ഷികള്‍ നിലപാടെടുത്തതോടെ മുഴുവന്‍ ബുത്തുകമ്മിറ്റികളുടെയും പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്.
ഇന്നോ നാളെയോ തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും. നാളെ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന റാലി കര്‍ണാടകയില്‍ നടക്കുകയാണ്. അതിന് മുന്‍പ് തെക്കേ ഇന്ത്യയില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനും നിലപാട് പറയാനും നിര്‍ബന്ധിതമായ സാഹചര്യമാണ് രാഹുല്‍ ഗാന്ധിക്ക് മുന്നിലുള്ളത്.
വയനാട്ടില്‍ യുഡിഎഫിന് ഇത് വരെ സ്ഥാനാര്‍ഥി ഇല്ലാത്ത സാഹചര്യം വലിയ അതൃപ്തിയാണ് നേതാക്കള്‍ക്ക് ഉണ്ടാക്കുന്നത്. ഇത് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുമുണ്ട്.
വടകരയിലും ഔദ്യോഗിക പ്രഖ്യാപനവും വൈകുന്നതിലും അസംതൃപ്തിയുണ്ട്. ഇതും യുഡിഎഫ് ക്യാമ്പിലും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഇന്നോ നാളെയോ ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നരേന്ദ്രമോദിക്കെതിരെ പ്രിയങ്ക ഗാന്ധി വരാണസിയില്‍ മത്സരിക്കുന്നതിലും ആം ആദ്മി പാര്‍ട്ടിയുമായി ദല്‍ഹിയില്‍ സഖ്യ നീക്കത്തിലും അവസാന തീരുമാനം രാഹുല്‍ ഗാന്ധിയില്‍ നിന്നാണ് ഉണ്ടാകേണ്ടത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തെക്കേ ഇന്ത്യയില്‍ നിന്ന് താന്‍ മത്സരിക്കാനുള്ള സാധ്യത രാഹുല്‍ തള്ളിയിരുന്നില്ല. അതുകൊണ്ടുതന്നെ രാഹുല്‍ മത്സരിക്കാനെത്തിയേക്കുമെന്നും പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വവും പാര്‍ട്ടി പ്രവര്‍ത്തകരും പ്രതീക്ഷിക്കുന്നത്. ഘടകക്ഷികള്‍ക്കും ഏറെ താത്പര്യവും അതുതന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."