മണിപ്പൂര്‍ ഭരിക്കാന്‍ നീക്കവുമായി കോണ്‍ഗ്രസ്
ഇംഫാല്‍: മണിപ്പൂരില്‍ കഴിഞ്ഞ ദിവസം പൊടുന്നനെയുണ്ടായ രാഷ്ട്രീയ നീക്കത്തില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭാവി തുലാസിലാണ്. ഘടകകക്ഷിയായ നാഷന്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി)യുടെ നാല് എം.എല്‍.എമാരും തൃണമൂലിന്റെ ഒരു എം.എല്‍.എയും ഒരു സ്വതന്ത്ര എം.എല്‍.എയും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും മൂന്നു ബി.ജെ.പി എം.എല്‍.എമാര്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തതോടെ, സംസ്ഥാനത്തു തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളാണ് നടക്കുന്നത്.
മണിപ്പൂര്‍ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്നും ഉടന്‍തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിയില്‍നിന്നു രാജിവച്ച എം.എല്‍.എമാര്‍ക്കു കോണ്‍ഗ്രസ് ആസ്ഥാനത്ത് സ്വീകരണവുമൊരുക്കി. എന്നാല്‍, പാര്‍ട്ടിവിട്ട എം.എല്‍.എമാര്‍ക്കെതിരേ പാര്‍ട്ടിതലത്തിലോ നിയമസഭയിലോ നടപടി സ്വീകരിക്കില്ലെന്നാണ് ബി.ജെ.പി വ്യക്തമാക്കിയിരിക്കുന്നത്. അല്‍പംകൂടി കാത്തിരിക്കൂവെന്നായിരുന്നു ഇക്കാര്യത്തില്‍ ബി.ജെ.പി നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
നേരത്തെ, 2017ല്‍ മണിപ്പൂരിലെ അറുപതംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 28 സീറ്റുകള്‍ നേടി കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നത്. എന്നാല്‍, 21 സീറ്റുകള്‍ മാത്രം നേടിയിരുന്ന ബി.ജെ.പി കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളെ കൂട്ടുപിടിച്ച് ഭരണം നേടുകയായിരുന്നു. കോണ്‍ഗ്രസിലെ ഏഴ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുകയും ചെയ്തിരുന്നു.
ഇവരെ സ്പീക്കര്‍ അയോഗ്യരാക്കാതിരുന്നതോടെ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കുകയും ഈ എം.എല്‍.എമാര്‍ നിയമസഭയില്‍ പ്രവേശിക്കരുതെന്ന് കഴിഞ്ഞ ദിവസം കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."