മാരത്തണില്‍ ചരിത്രമെഴുതിയ ഗോപിയോട് അയിത്തം: ഏഷ്യന്‍ ചാംപ്യനെ ട്രാക്കിന് പുറത്താക്കി എ.എഫ്.ഐ
തിരുവനന്തപുരം: ഏഷ്യന്‍ മാരത്തണില്‍ ചരിത്രമെഴുതിയ വയനാട്ടുകാരന്‍ ടി. ഗോപിക്ക് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടമില്ല. യോഗ്യതാമാര്‍ക്കിന്റെ ഏഴയലത്തു പോലും വരാത്ത ഉത്തരേന്ത്യന്‍ താരങ്ങളെ അടക്കം ഇന്ത്യന്‍ സംഘത്തില്‍ കുത്തിനിറച്ചപ്പോഴാണ് മെഡല്‍ ഉറപ്പായ ഗോപിയെ തഴഞ്ഞത്. യോഗ്യതാ മാര്‍ക്ക് ഒളിംപിക്‌സ് യോഗ്യതയേക്കാള്‍ ഉയര്‍ത്തിയാണ് ടി. ഗോപിയെ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ വീണ്ടും കാലുവച്ചു വീഴ്ത്തിയത്.
വയനാട് സുല്‍ത്താന്‍ബത്തേരിയിലെ ആദിവാസി കുടിലില്‍നിന്ന് ഏഷ്യ കീഴടക്കിയ ഈ ദീര്‍ഘദൂര ഓട്ടക്കാരനെ പിന്തുണയ്ക്കാന്‍ ആരുമുണ്ടായില്ലെന്നത് ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ദുരന്തമുഖം തുറന്നു കാട്ടുകയാണ്. യോഗ്യതാ മാര്‍ക്ക് മറികടക്കാനാവാതെ പോയവരും കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രധാന ദേശീയ രാജ്യാന്തര ചാംപ്യന്‍ഷിപ്പുകളില്‍ മികവ് തെളിയിക്കാനാവാതെ പോയവരുമൊക്കെ ശുപാര്‍ശകളുടെ ബലത്തില്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചു. എട്ടു താരങ്ങളെയാണ് ഇങ്ങനെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ കുത്തിനിറച്ചത്. ഇവര്‍ക്കായി ട്രയല്‍സ് നടത്തുമെന്നാണ് പ്രഖ്യാപനം. സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത മലയാളികള്‍ പോലും മാരത്തണിലെ ഏഷ്യന്‍ ചാംപ്യനായി വാദിക്കാനുണ്ടായില്ല. രണ്ട് മണിക്കൂര്‍ 15.48 സെക്കന്റിലായിരുന്നു ഗോപി ഏഷ്യന്‍ മാരത്തണ്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് ഗോപി.
ഏഷ്യന്‍ ചാംപ്യനായി ചരിത്രമെഴുതിയിട്ടും കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലും തഴഞ്ഞിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് മാരത്തണില്‍ ആസ്‌ത്രേലിയയുടെ മൈക്കല്‍ ഷെല്ലി സ്വര്‍ണം നേടിയത് രണ്ട് മണിക്കൂര്‍ 16.46 സെക്കന്റിലായിരുന്നു. രണ്ട് മണിക്കൂര്‍ 19.02 സെക്കന്റ്, രണ്ട് മണിക്കൂര്‍ 19.36 സെക്കന്റ് എന്നിവയായിരുന്നു വെള്ളിയും വെങ്കലവും നേടിയ താരങ്ങളുടെ സമയം. ഗോപി ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ കുറിച്ച സമയത്തിലും കൂടുതലാണ് മെഡല്‍ നേടാനായി ഈ താരങ്ങള്‍ എടുത്തത്. ഉറപ്പായും ഇന്ത്യക്ക് മെഡല്‍ ലഭിക്കുമായിരുന്ന മാരത്തണില്‍ നിന്ന് ഗോപിയെ ഒഴിവാക്കിയത് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെ തലതിരിഞ്ഞ നടപടികളായിരുന്നു. അതേ സമീപനം തന്നെയാണ് ഇത്തവണ ഏഷ്യന്‍ ഗെയിംസിനുള്ള ടീം തിരഞ്ഞെടുപ്പിലും സ്വീകരിച്ചത്. രണ്ട് മണിക്കൂര്‍ 12 മിനുട്ടാണ് ഏഷ്യന്‍ ഗെയിംസിനുള്ള യോഗ്യതാ മാര്‍ക്കായി എ.എഫ്.ഐ നിഴ്ചയിച്ചത്. കോമണ്‍വെല്‍ത്തിലും ഇതായിരുന്നു ഇന്ത്യന്‍താരങ്ങളുടെ യോഗ്യതാ മാര്‍ക്ക്.
ഈ യോഗ്യതാ മാര്‍ക്ക് മറികടക്കാനായി ഒരവസരവും ഗോപി ഉള്‍പ്പെടെ താരങ്ങള്‍ക്ക് ഉണ്ടാവരുതെന്നുറപ്പിച്ച് ട്രയല്‍സോ പ്രത്യേക ചാംപ്യന്‍ഷിപ്പോ നടത്താന്‍ ഫെഡറേഷന്‍ തയാറായില്ല. ടി. ഗോപിയെ തഴഞ്ഞതിലൂടെ ഇന്ത്യക്ക് ഉറപ്പായും ലഭിക്കേണ്ട ഒരു മെഡലാണ് നഷ്ടമാവുന്നത്. ദേശീയ ചാംപ്യന്‍ഷിപ്പില്‍ സ്റ്റീപ്പിള്‍ചേസില്‍ രണ്ടാം സ്ഥാനത്ത് എത്തിയ താരത്തിനു പോലും മെഡല്‍ ഉറപ്പില്ലാതിരുന്നിട്ടും ഇന്ത്യന്‍ ടീമില്‍ ഇടം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടു വര്‍ഷമായി ദേശീയ, രാജ്യാന്തര ചാംപ്യന്‍ഷിപ്പുകളില്‍ ഒരു മെഡല്‍ പോലും നേടാനാവാത്തൊരു മലയാളി താരവും ഫോം ഔട്ടായിട്ടും പരിശീലകയുടെ ഉന്നതബന്ധത്തിന്റെ ബലത്തില്‍ ടീമില്‍ കയറിക്കൂടി. ഇല്ലായ്മകളെ കരുത്താക്കി കുതിക്കുന്ന ടി. ഗോപിയെ മെഡല്‍ ഉറപ്പായിട്ടും ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍നിന്ന് തഴഞ്ഞു. ടീമില്‍നിന്ന് തഴഞ്ഞതോടെ ഭൂട്ടാനില്‍ പരിശീലനത്തിലായിരുന്ന ഗോപി ഇന്ത്യന്‍ ക്യാംപില്‍നിന്ന് നാട്ടിലേക്ക് മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."