മുതലമടയിലെ മാമ്പഴ വിശേഷങ്ങള്‍
പാലക്കാടന്‍ഗ്രാമങ്ങളിലൂടെയുള്ള പകല്‍ യാത്രക്കും, കാഴ്ചകള്‍ക്കും എന്നും പത്തരമാറ്റഴകാണ്. ഇരുണ്ട പാതകളുടെ ഇരുപാര്‍ശ്വങ്ങളിലും ഹരിതകാന്തി പടര്‍ത്തി നീണ്ടു നിവര്‍ന്നു കിടക്കുന്ന നെല്‍വയലുകള്‍, ഇടക്കെന്നോണം ഗഗനനീലിമയിലേക്ക് നിവര്‍ന്നു നില്‍ക്കുന്ന കരിമ്പനകള്‍, പൊള്ളുന്ന ചൂടിലും പന്തല് കെട്ടിയ തെങ്ങിന്‍ തോപ്പുകള്‍, എന്തോ വല്ലാത്തൊരു ആത്മനിര്‍വൃതിയാണീ ദൃശ്യങ്ങള്‍ക്ക്. ഗ്രാമക്കാഴ്ചകളുടെ നിറവസന്തത്തിലൂടെ ഒഴുകി നടക്കുമ്പോള്‍ മനസിന്റെ ചില്ലുജാലകങ്ങളില്‍ പ്രകൃതിയോടുള്ള പ്രണയാക്ഷരങ്ങള്‍ കുടനിവര്‍ത്തും. പാലക്കാട്ടെ ക്ഷേത്രമുറ്റങ്ങള്‍ പോലെ നൈര്‍മല്യമേറിയതാണ് ഇവിടത്തെ മനുഷ്യരുടെ മനസ്സും. മുള്ളുവേലികള്‍ അതിരിട്ട ചെമ്മണ്‍പാതകളും, ഇല്ലിമുളം കാടുകള്‍ തണല്‍ വിരിച്ച നാട്ടിട വഴികളും ലാളിത്യം മുറ്റിനില്‍ക്കുന്ന കുടിലുകളിലേക്ക് നമ്മെ വഴിനടത്തും. വഴിയോരങ്ങളില്‍ ഇടക്കിടെ പായല്‍ നിറഞ്ഞ കുളങ്ങളുടെ സാന്നിധ്യമുണ്ട്. പാടത്തെ ചേറില്‍ കൊത്തിപ്പെറുക്കുന്ന ഒറ്റയും, തെറ്റയും താറാക്കൂട്ടങ്ങള്‍, കുളക്കടവുകളിലെ അലക്കുകല്ലില്‍ ഇരപിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന കൊറ്റികള്‍. മനം കവരുന്ന കാഴ്ച്ചകള്‍ക്കിടയിലും പാലക്കാടന്‍ വെയില്‍ ഉന്മാദ നൃത്തം ചെയ്യും.
മുതലമടയിലെ മാന്തോപ്പുകളിലേക്കാണ് ഞങ്ങളുടെ യാത്ര. കേട്ടറിവിലൂടെയുള്ളൊരു സഞ്ചാരം യാഥാര്‍ഥ്യം തൊടാന്‍ നിമിഷങ്ങളുടെ വഴിദൂരം മാത്രം. മാമ്പഴകൃഷി ചെയ്യുന്നവരെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കൊടുവില്‍ കണ്ടെത്തിയ ഷാജഹാന്‍ക്ക മുമ്പിലൊരു ബൈക്കില്‍ വഴികാട്ടിയായി കൂടെയുണ്ട്. പാലക്കാട് നിന്നു ചിറ്റൂര്‍ പൊള്ളാച്ചി റോഡില്‍ ഏഴ് മൈല്‍ പിന്നിട്ടാല്‍ ഇടവും, വലവും മാന്തോപ്പുകളിലേക്കുള്ള ഇടുങ്ങിയ പാതകള്‍ കാണാം. ഗോവിന്ദാപുരം മുതല്‍ എലവഞ്ചേരി വരെ പരന്നു കിടക്കുന്ന പതിനായിരത്തോളം ഹെക്ടറില്‍ മാമ്പഴകൃഷിയാണ്. മുതലമട, കൊല്ലംങ്കോട് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ഭൂപ്രദേശം കേരളത്തിന്റെ മാങ്കോ സിറ്റി എന്നാണറിയപ്പെടുന്നത്. ഭൂവിസ്തൃതിയില്‍ കേരളത്തിലെത്തന്നെ വലിയ പഞ്ചായത്തുകളിലൊന്നാണ് മുതലമട. ഇവിടെത്തെ തൊണ്ണൂറ് ശതമാനം ജനങ്ങളും നിത്യവൃത്തി നടത്തുന്നത് മാമ്പഴത്തോപ്പുകളിലെ വരുമാനം കൊണ്ടാണ്. സ്വന്തമായി തോട്ടമുള്ള കര്‍ഷകര്‍ മുതല്‍ പാട്ടക്കര്‍ഷകരും തൊഴിലാളികളും കച്ചവടക്കാരും, എല്ലാം മാങ്ങയെ ചുറ്റിപ്പറ്റിയുള്ള അതിജീവനം. പേരുകേട്ട പാലക്കാടന്‍ ചൂടും, പാലക്കാടന്‍ കാറ്റുമാണ് ഈ ദേശത്തെ മാമ്പഴക്കൃഷിക്ക് അനുയോജ്യമാക്കിയതെന്ന് പഴമക്കാര്‍ പറയുന്നു.
ചുള്ളിയാര്‍ ഡാമിലേക്കുള്ള വഴിയില്‍നിന്ന് ഷാജഹാന്‍ക്ക വലത്തോട്ട് തിരിഞ്ഞു. പിറകെ ഞങ്ങളുടെ കാറും, കറുപ്പിക്കാന്‍ ബോളര്‍ പതിച്ചിട്ട ഇടുങ്ങിയ പാതക്കിരുവശങ്ങളിലും പൂവിട്ട് നില്‍ക്കുന്ന ചെറിയ മാവുകള്‍, ചിലതില്‍ മാമ്പൂവടര്‍ന്നു വീണ ഞെട്ടുകള്‍ കരിഞ്ഞുനിവര്‍ന്നു നില്‍ക്കുന്നു. ചുറ്റും പടര്‍ന്നു നില്‍ക്കുന്ന ഉയരമില്ലാത്ത മാവുകളില്‍ കായ്ച്ചു നില്‍ക്കുന്ന മാമ്പഴങ്ങള്‍ കാണാനെന്തൊരു ചേല്. മുമ്പിലെ കമ്പിമുള്‍വേലിയുടെ കൊളുത്തടര്‍ത്തി ആറേക്കറുള്ള പുള്ളിക്കാരന്റെ പറമ്പിലേക്ക് ഞങ്ങളെ സ്വാഗതം ചെയ്തു. മുന്‍പൊരിക്കലും കണ്ടോ, സംസാരിച്ചോ പരിചയമില്ലാത്തൊരു മനുഷ്യന്‍ എത്ര വശ്യമായി പെരുമാറുന്നു എന്നാലോചിച്ചപ്പോള്‍ മനസ്സിലൊരു തണുപ്പ്. മുതലമടയുടെ വിവിധഭാഗങ്ങളിലായി മുപ്പത് ഏക്കറില്‍ മാമ്പഴം കൃഷിചെയ്യുന്നുണ്ട് നാല്‍പത്തിയെട്ടുകാരനായ ഷാജഹാന്‍. മാങ്ങാ കര്‍ഷകന്‍ തന്നെയായിരുന്ന പിതാവ് ഹനീഫാ റാവുത്തര്‍ എട്ട് വര്‍ഷം മുമ്പ് മരണപ്പെട്ടു. കൂടപ്പിറപ്പുകളായ ഏഴ് സഹോദരങ്ങളും ഇതേ തൊഴില്‍ ചെയ്താണ് ജീവിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മാമ്പഴ പ്രദര്‍ശനവും, വില്‍പനയും നടത്തി പരിചയമുള്ള കുടുംബമാണ് ഷാജഹാന്റേത്. 'ഇക്കുറി കായ് കുറവാണ്, ഫഌവറിങ്ങാകെ പിഞ്ചി പോവാ.., ഫഌവറിലെ ചാറൊക്കെ ഫംഗസ് കുടിക്കാണ്, ലിറ്ററിന് പതിനായിരം വെലള്ള മര്ന്നടിച്ചിട്ടും ഫഌവറിങ് പിഞ്ചായി പോവാണ്'- ഷാജഹാന്‍ക്കയുടെ വേഗതയാര്‍ന്ന സംസാരം പിടിച്ചെടുക്കാനിത്തിരി പാടാണ്. മാമ്പഴ കര്‍ഷകര്‍ക്കിത് സങ്കടച്ചുവ കലര്‍ന്ന വര്‍ത്തമാനകാലം. കാലാവസ്ഥാ വ്യതിയാനവും, തേനടിയുമൊക്കെ ചേര്‍ന്ന് ഇവരെ കഷ്ടപ്പെടുത്തുകയാണത്രെ.
ഏഷ്യയിലെ മാമ്പഴ സീസണിന്റെ തുടക്കം മുതലമടയില്‍നിന്നാണ്. നവംബര്‍ മാസത്തില്‍ തന്നെ ഇവിടത്തെ മാവുകളില്‍ പൂവിട്ട് തുടങ്ങും. ജനുവരി മുതല്‍ മേയ് വരെ മുതലമടയിലെ മാന്തോപ്പുകളില്‍ രാപ്പകല്‍ ഭേദമില്ലാതെ വിളവെടുപ്പ് കാലമാണ്. മൂന്ന് ഘട്ടങ്ങളായാണ് തോട്ടങ്ങളില്‍ ക്രോപ്പിങ് നടക്കാറുള്ളത്. നൂറ്റിയിരുപതോളം ഇനം മാമ്പഴങ്ങളാണ് ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നത്. ഹിമാ പസന്ത്, കലാപാടി, നീലം, മല്ലിക, സിന്ദൂരം, പയരി, മല്‍ഗോവ, മൂവാണ്ടന്‍, ബംഗാനപ്പള്ളി, ബഗ്ലോറ, അല്‍ഫോണ്‍സ അങ്ങനെ ലോകമാര്‍ക്കറ്റിലേക്ക് കേരളത്തിന്റെ വടക്കന്‍ ജില്ലയുടെ ഒരു ചെറിയ ഭൂദേശം ഒരു സീസണില്‍ കയറ്റിഅയക്കപ്പെടുന്നത് മുന്നൂറ് കോടിയുടെ മാമ്പഴങ്ങള്‍. മാമ്പഴ മാര്‍ക്കറ്റിലെ പ്രിയങ്കരി അല്‍ഫോന്‍സയാണ്. രുചിയൂറും തേന്‍കനി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മാത്രമല്ല ഗള്‍ഫ്, യൂറോപ്യന്‍ മാര്‍ക്കറ്റിലും പേരു കേട്ടവള്‍. മുതലമട മാന്തോപ്പുകളില്‍നിന്ന് പാക്ക് ചെയ്തു വിടുന്ന 'കാലാപ്പാടി' ഇനം മാങ്ങ മാര്‍ക്കറ്റിലിറങ്ങുന്നത് അമേരിക്കയിലെ വാഷിങ് ടണിലാണ്. മുമ്പൊക്കെ ഇടനിലക്കാര്‍ വഴിയായിരുന്നത്രെ ഇവിടനിന്നും വിദേശങ്ങളിലേക്ക് മാമ്പഴം കയറ്റി അയച്ചിരുന്നത്. ഇപ്പോള്‍ കര്‍ഷകര്‍ തന്നെ നേരിട്ട് ദുബായ്, സിംഗപ്പൂര്‍, മലേഷ്യ, അമേരിക്ക വരെയുള്ള അന്യരാജ്യങ്ങളിലേക്ക് മാമ്പഴം പാക്ക് ചെയ്തു കയറ്റിവിടുന്നു. വിളവെടുപ്പിന് ശേഷം ഗ്രേഡിങ് നടത്തി ഏറ്റവും മുന്തിയ തരം മാത്രമാണ് വിദേശമാര്‍ക്കറ്റിലേക്ക് പോവുക, ഗ്രേഡിങ്ങിലെ രണ്ടാം തരക്കാരെ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ഇന്‍ഡോര്‍ എന്നീ മാര്‍ക്കറ്റുകളിലേക്ക് പറഞ്ഞുവിടും. മൂന്നാം തരം മാത്രമാണ് പ്രാദേശിക മാര്‍ക്കറ്റുകളില്‍ നമ്മെത്തേടി വിരുന്നെത്തുന്നത്. കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ മൂവാണ്ടനും, കുളിച്ചുണ്ടനുമൊക്കെ മാമ്പഴ ചന്തയിലെ വിലയും, നിലവാരവും കുറഞ്ഞവരെന്ന് സാരം.
ഷാജഹാന്‍ക്ക എലവഞ്ചേരിയിലുള്ള തന്റെ തോട്ടത്തിലേക്ക് പോവാനുള്ള തിടുക്കം കാട്ടിത്തുടങ്ങി. പുലര്‍ച്ചെ മുതല്‍ സമയബന്ധിതമായ മേല്‍നോട്ടമാണ് ഇദ്ദേഹത്തിന്റേത്. ഓരോ തോട്ടങ്ങളിലും ഇന്നയിന്ന സമയങ്ങളില്‍ ഓടിക്കിതച്ച് ആളെത്തും. തൊഴിലാളികള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും, അവരുടെ കൂടെ ഇത്തിരി നേരം ജോലിയെടുക്കും വേഗം അടുത്ത തോട്ടത്തിലേക്ക് ഇങ്ങനെ രാത്രി വരെ നീളുന്ന ടൈം ടേബിള്‍. അതിനിടയില്‍ നമ്മളെപ്പോലെ ചിലയാളുകള്‍ തോട്ടം സന്ദര്‍ശിക്കാനെത്തും, എല്ലാവരെയും ഇങ്ങനെ തോട്ടത്തിന്റെ മുക്കുമൂലകളിലേക്കൊന്നും പ്രവേശിപ്പിക്കാറില്ലത്രേ. നാക്കും, പ്രാക്കും, കണ്ണേറും ഒക്കെ പേടിയാണ് ഞങ്ങള്‍ക്ക്, അത്രക്ക് സൂക്ഷ്മതയാണ് ഇവിടത്തെ ഓരോ മാമ്പഴ കര്‍ഷകനും. പഴുത്ത മാമ്പഴം തേടി നടന്ന ഞങ്ങള്‍ക്ക് നിരാശയായിരുന്നു ഫലം, പാതി പാകമായൊരു മാമ്പഴം നീട്ടി ഷാജഹാന്‍ക്ക പറഞ്ഞു രണ്ട് ദിവസം കഴിഞ്ഞാല്‍ നന്നായി പഴുക്കും കാറില് വെച്ചോളീ.... പറഞ്ഞു തീരും മുന്‍പേ ഞാനത് തീറ്റ തുടങ്ങിയിരുന്നു. ബംഗാനപള്ളിയിനം എന്തൊരു രുചിയാണ്, പഴങ്ങളുടെ രാജാവ് മാമ്പഴം തന്നെ, നാക്കിലിപ്പോഴും വട്ടം പിടിച്ചു നില്‍പ്പുണ്ടാ സ്വാദ്. എണ്‍പത് ശതമാനം മൂപ്പെത്തുമ്പോഴേക്ക് ക്രോപ്പിങ് നടത്തുന്നതാണ് ഇവിടത്തെ രീതി. എന്നാലേ എത്തിച്ചേരാന്‍ ദിവസങ്ങളെടുക്കുന്ന വിദേശങ്ങളിലേക്ക് കയറ്റി അയക്കാന്‍ പറ്റൂ. കാറിന്റെ ഡിക്കിയിലേക്ക് മൂപ്പെത്തിയ മാമ്പഴങ്ങള്‍ വയ്ക്കുമ്പോഴും ഷാജഹാന്‍ക്ക പറഞ്ഞു കൊണ്ടേയിരുന്നു. മാമ്പഴക്കഥകള്‍ പറഞ്ഞു തീരാതെ ഞങ്ങള്‍ യാത്ര പറയുമ്പോള്‍ സൂര്യന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ പഴുത്തു തുടുത്ത മാമ്പഴ വര്‍ണ്ണത്തില്‍ ജ്വലിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."