കെജ്‌രിവാള്‍- ഗവര്‍ണര്‍ കൂടിക്കാഴ്ച ഇന്ന്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. സുപ്രിം കോടതി വിധി നടപ്പാക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട കെജ്‌രിവാള്‍ അയച്ച കത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് മൂവരും കൂടിക്കാഴ്ച നടത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് ഡല്‍ഹിയില്‍ അധികാരമെന്നായിരുന്നു സുപ്രിംകോടതി ഉത്തരവ്.
കോടതി ഉത്തരവിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനുള്ള അനുമതി ലെഫ്റ്റനന്റ് ഗവര്‍ണറില്‍ നിന്ന് സര്‍ക്കാര്‍ എടുത്തു മാറ്റിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. അധികാരം സര്‍ക്കാരിനല്ല ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണെന്ന കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ പഴയ ഉത്തരവ് നിലനില്‍ക്കുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ഇതിനെതിരായി സുപ്രിംകോടതിയെ വീണ്ടും സമീപിക്കാന്‍ ഒരുങ്ങവേയാണ് ലെഫ്റ്റനന്റ് ഗവര്‍ണറുമായി സര്‍ക്കാര്‍ കൂടിക്കാഴ്ചക്ക് അനുമതി തേടിയത്. തുടര്‍ന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ കൂടിക്കാഴ്ചക്ക് അനുമതി നല്‍കുകയായിരുന്നു.
അതേസമയം സേവന വകുപ്പിന്റെ അധികാരം ആര്‍ക്കാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. നേരത്തെ സര്‍ക്കാര്‍ ഉത്തരവിന്റെ ഫയല്‍ സേവന വിഭാഗം സെക്രട്ടറി തിരിച്ചയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യകേസ് ഫയല്‍ ചെയ്യുമെന്നായിരുന്നു ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."