സ്‌കൂള്‍ മുറ്റം 'ബേപ്പൂര്‍ സുല്‍ത്താന്റെ' വീടായി
പേരാമ്പ്ര: ബഷീര്‍, പാത്തുമ്മ, ആട്, മജീദ്, പിന്നെ മറ്റു കഥാപാത്രങ്ങളും ഒത്തുകൂടിയപ്പോള്‍ സ്‌കൂള്‍ മുറ്റം 'ബേപ്പൂര്‍ സുല്‍ത്താന്റെ' വീടായി. പേരാമ്പ്ര: ചങ്ങരോത്ത് എം.യു.പി സ്‌കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ പാത്തുമ്മയുടെ ആടിനെ ആസ്പദമാക്കി 'സുല്‍ത്താനോടൊപ്പം മാങ്കോസ്റ്റിന്‍ ചുവട്ടില്‍' ദൃശ്യാവിഷ്‌സാരം നടത്തി.
മുഹമ്മദ് ജാന്‍ഫിഷാന്‍ ബഷീറായും ദേവിക പാത്തുമ്മയായും വേഷമിട്ടു. ബഷീര്‍ പതിപ്പു നിര്‍മാണം, ക്വിസ് മത്സരം, അനുസ്മരണ പ്രഭാഷണം എന്നിവയും നടന്നു. സി.കെ അര്‍ച്ചന, ഇഹ്‌സാന്‍ അബ്ദുറഹ്മാന്‍, കെ.കെ യൂസഫ്, വി.എം ബാബു, എന്‍.സി അബ്ദുറഹ്മാന്‍, ടി.എം അബ്ദുല്‍ അസീസ്, എം.കെ യൂസഫ്, ഷിഹാബ് കന്നാട്ടി, എം.കെ നിസാര്‍, വി.പി നിഷ, കെ. ഹസീന, ടി. രജിഷ, എസ്. സുനന്ദ് നേതൃത്വം നല്‍കി.
പേരാമ്പ്ര: വെസ്റ്റ് എ.യു.പി സ്‌കൂളില്‍ നടന്ന വൈക്കം മുഹമ്മദ് ബഷീര്‍ ദിനാചരണം പ്രധാനാധ്യാപിക പി.പി ശാന്ത ഉദ്ഘാടനം ചെയ്തു. ബഷീര്‍ ഡോക്യുമെന്ററി പ്രദര്‍ശനം, ക്വിസ്, ജീവചരിത്ര രചനാ മത്സരം, കുട്ടികളുടെ കൊളാഷ് മത്സരം എന്നിവ സംഘടിപ്പിച്ചു. പി.സി ദിലീപ് കുമാര്‍ , ഷമീമ, പ്രജിഷ സംസാരിച്ചു.
എടച്ചേരി: മുതുവടത്തൂര്‍ മാപ്പിള യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ ദിനത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്കു ജീവനേകി വിദ്യാലയ മുറ്റത്ത് ഒത്തുകൂടി.
മധുരമൂറും തേന്‍മാവിന്‍ ചുവട്ടില്‍ തങ്ങള്‍ക്കു ജീവന്‍ തന്ന എഴുത്തുകാരന്റെ ഓര്‍മകള്‍ തൊട്ടുണര്‍ത്തി ബഷീന്റെ കഥാപാത്രങ്ങള്‍ അണിനിരന്നതോടെ സ്‌കൂള്‍ മുറ്റം ബഷീറിന്റെ വീടായി മാറുകയായിരുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ 24-ാം ചരമവാര്‍ഷിക ദിനത്തില്‍ കൊച്ചു വിദ്യാര്‍ഥികളാണ് ബഷീര്‍ കഥാപാത്രങ്ങളായി അരങ്ങിലെത്തിയത്. മുഹമ്മദ് സിനാന്‍ ഒതയോത്ത്, വലിയകണ്ടി റിക്കാസ്, കെ.കെ നഹ ഫാത്തിമ, പി.കെ സന്‍ഹ ഫാത്തിമ, എം.കെ ദാനിയ മിന്‍ദ എന്നിവര്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
പൂര്‍വവിദ്യാര്‍ഥി പ്രണവ് ആര്‍.കെ.യുടെ ബഷീര്‍ ചിത്രപ്രദര്‍ശനം ചുമര്‍പത്രിക, അധിക വായനയ്ക്കായി വിവിധ പത്രങ്ങളില്‍ വന്ന ബഷീര്‍ ഫീച്ചറുകൂടെ പ്രദര്‍ശനം, ക്ലാസ് സ്‌കൂള്‍തല ക്വിസ് മത്സരം എന്നിവയും നടന്നു. മലയാളം ക്ലബിന്റെയും വിദ്യാരംഗം കാലാസാഹിത്യ വേദിയുടെയും നേതൃത്വത്തിലായിരുന്നു പരിപാടി. പ്രധാനാധ്യാപകന്‍ പി. കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. മലയാളം അധ്യാപകരായ ടി. ശ്രീലതയും ശ്യാംസുന്ദറും നേതൃത്വം നല്‍കി.
വാണിമേല്‍: ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 'ഓര്‍മകളിലെ സുല്‍ത്താന്‍' ബഷീര്‍ അനുസ്മരണവും പ്രശ്‌നോത്തരിയും സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ പി. പ്രജീഷ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം അധ്യാപകന്‍ പി.കെ പ്രഭാകരന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
പ്രശ്‌നോത്തരി മത്സരത്തില്‍ പ്ലസ്ടു സയന്‍സ് വിഭാഗം വിദ്യാര്‍ഥികളായ ലിയ ഫിലിപ്പ്, വിസ്മയ എന്നിവര്‍ ഒന്നാം സ്ഥാനവും പ്ലസ്ടു കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ഥികളായ അഞ്ജന ജെയിംസ്, അഞ്ജലി ജിജി രണ്ടാം സ്ഥാനവും പ്ലസ് വണ്‍ കോമേഴ്‌സ് വിദ്യാര്‍ഥികളായ അബൂ സലീം, മുഫലഹ് റഹ്മാന്‍ മൂന്നാം സ്ഥാനവും നേടി. സ്റ്റാഫ് സെക്രട്ടറി പി.വി റസാഖ് മാസ്റ്റര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഷൈജു സ്വാഗതവും ഷാനിബ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."