HOME
DETAILS

നീയെന്റെ ഉന്മാദങ്ങളുടെ അറ്റം

  
backup
March 30 2019 | 19:03 PM

punjabi-sufi-poeter-samaye-spm-sunday-prabhaatham

ഞ്ചാബി സൂഫികവി ബാബാ ബുല്ലേഷാഹ് (മരണം 1757) എഴുതിയ കലാമാണ് 'നിമ കമിലീ'. ഹസ്‌റത് ശാഹ് ഇനായത് ഖാദിരിയുടെ ശിഷ്യനായിരുന്ന ബുല്ലേഷാഹ് ദക്ഷിണേഷ്യന്‍ സൂഫിസാഹിത്യത്തിനും ദാര്‍ശനികതക്കുമേകിയ സംഭാവനകള്‍ അനല്പമാണ്. നൂറ്റാണ്ടുകളെ ഭേദിച്ച് ഇന്നുമവ മുസ്‌ലിം - സിഖ് - ഹൈന്ദവ പാരമ്പര്യങ്ങളില്‍ ഒരേപോലെ ബഹുമാനിക്കപ്പെടുകയും ശ്രവിക്കപ്പെടുകയും ചെയ്യുന്നു. ആത്മീയാന്വേഷണത്തിന്റെ അസ്വാസ്ഥ്യവും ലഹരിയും പ്രകടമാകുന്ന നിരവധി രചനകള്‍ അദ്ദേഹത്തിന്റേതായുണ്ട്. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സഹവര്‍ത്തിത്തത്തിന്റെയും സന്ദേശമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും എഴുത്തും. വാമൊഴി പാരമ്പര്യങ്ങളിലൂടെയാണ് ബുല്ലേഷായുടെ അധികരചനകളും ജീവിതവിവരങ്ങളും കൈമാറ്റം ചെയ്യപ്പെട്ടു പോന്നത്.

മതത്തിന്റെ ഭൗതികസത്തയും ആന്തരികചൈതന്യവും തമ്മിലുള്ള പാരസ്പര്യവും സംഘര്‍ഷവും പ്രയോഗ വൈരുധ്യങ്ങളും സൂഫികവിതകളിലെ സ്ഥിരം പ്രമേയങ്ങളാണ്. പ്രത്യേകിച്ചും ദക്ഷിണേഷ്യന്‍ പ്രദേശങ്ങളില്‍. ഭക്തിപാരമ്പര്യത്തിന്റെ കൂടി സാന്നിധ്യവും ഇവിടത്തെ സിഖ് - ഹൈന്ദവ ജനതക്കിടയില്‍ സൂഫിഗുരുക്കന്മാര്‍ക്കുണ്ടായിരുന്ന വമ്പിച്ച സ്വാധീനവും കൊണ്ടാവാം മുസ്‌ലിം മതാത്മകതക്കു പുറത്തുനിന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സൂഫികാവ്യങ്ങള്‍ രൂപകങ്ങളും ഉപമകളും ഉപയോഗിക്കുന്നത്. ഉന്മാദത്തിന്റെ ലയത്തില്‍ ദിവ്യപ്രണയിയെ അന്വേഷിച്ചു പോകുന്നതിന്റെ വേദനയും ആ യാത്രയുടെ ഉള്‍ക്കാഴ്ചകളുമാണ് ഈ കലാം. അധികം ഖവാലി ഗായകര്‍ അവതരിപ്പിച്ചു കണ്ടിട്ടിട്ടില്ലാത്ത ഈ ഭാഷ്യം പ്രശസ്ത പാകിസ്താനി യുവഗായിക ഹദീഖ കിയാനിയുടെ ആലാപനത്തില്‍ നിന്നാണ്.

നിമ കമിലീ/ ബുല്ലേഷാഹ്

ലാഹോര്‍ നഗരത്തിലെത്ര
വാതിലുകളും ജനലുകളുമുണ്ടെന്നു പറയാമോ
അവയുടെ മണ്‍കട്ടകളോരോന്നിനെപ്പറ്റിയും പറയണം,
പൊട്ടിപ്പോയതേതൊക്കെ,
നഗരത്തെ താങ്ങിനിര്‍ത്തുന്നതേതൊക്കെ?
ലാഹോര്‍ നഗരത്തിലെത്ര
കിണറുകളുണ്ടെന്നു നീയൊന്നോടു പറയണം.
കുടിവെള്ളമുള്ളതേതൊക്കെ,
ഉപ്പുകലങ്ങിയതേതിലൊക്കെ?
ഉത്തരം തരുംമുമ്പു നീയൊന്നാലോചിക്കണം,
എത്രപേര്‍ സുമംഗലികളെന്നും
എത്രപേര്‍ തുണയറ്റവരെന്നും.

ലാഹോറിന്റെ വിശേഷമൊക്കെയും
ഞാന്‍തന്നെ പറയാം
എണ്ണമറ്റ വാതിലുകളും ജനലുകളുമുണ്ടവിടെ,
പ്രണേതാക്കളുടെ കാലടികളെയോര്‍ത്ത്
തപിക്കുന്നു മണ്‍കട്ടകള്‍,
ബാക്കിയെല്ലാം പൊട്ടിപ്പൊളിഞ്ഞുപോയിരിക്കുന്നു.
പ്രണയികള്‍ക്ക് ദാഹം തീര്‍ക്കാവുന്ന
കിണറുകളിലേ വെള്ളമുള്ളൂ.
ബാക്കിയെല്ലാം ഉപ്പുകലങ്ങിയിരിക്കുന്നു.
ചാരത്തു പ്രണയികള്‍ ചേര്‍ന്നിരിക്കുന്നവര്‍ മാത്രം
വിവാഹിതര്‍
ബാക്കിയെല്ലാവരും വിരഹികള്‍.

ഹാജിയാവാനുള്ളവര്‍ മക്കയില്‍ പോകുന്നു
എന്റെ പ്രണയിനിയുള്ളത് മക്കയിലാണ്,
എനിക്കുന്മാദമാണ്.

ഞാന്‍ ഉന്മത്തനാണ്
ഞാന്‍ ഉന്മത്തനാണ്..

കണ്ണെഴുതിയിട്ടെന്തു ഗുണം
ചുടുകണ്ണീരതൊഴുക്കിക്കളയുമ്പോള്‍.
കണ്ണട വെച്ചിട്ടെന്തു ഗുണം
ഒരിളക്കംകൊണ്ടത് വീണുടയുമ്പോള്‍.
ചമയമണിയുന്നതു കൊണ്ടെന്തു ഗുണം
ഒരോതുള്ളിയിലും അതുരുകിയൊലിക്കുമ്പോള്‍.
പ്രണേതാവിനെ കൊല്ലുന്നതെന്തിന്
നിന്റെ കോപത്തെയോര്‍ത്തവന്‍ സ്വയംചാവുമ്പോള്‍.
ഞാന്‍ ഉന്മത്തനാണ്
ഞാന്‍ ഉന്മത്തനാണ്...

ഞാനെന്റെ പ്രണേതാവുമായി ചേര്‍ന്നുകഴിഞ്ഞിരിക്കുന്നു
എന്നിട്ടും പിതാവെന്നെ വേറൊന്നിലേക്കുന്തിവിടുന്നു.
ഞാന്‍ ഉന്മത്തനാണ്
ഞാന്‍ ഉന്മത്തനാണ്..

കുളിക്കുന്നത്‌കൊണ്ട് ഈശനെ കാണുമായിരുന്നെങ്കില്‍
തവളയും മീനുകളുമവനെ കണ്ടേനെ.
കാട്ടിലലയുന്നതു കൊണ്ട് ഈശനെ കാണുമായിരുന്നെങ്കില്‍
പൈക്കളും കിടാങ്ങളുമവനെ കണ്ടേനെ.
പള്ളിയില്‍പോയാല്‍ ഈശനെ കാണുമായിരുന്നെങ്കില്‍
വവ്വാലുകളവനെ കണ്ടേനെ.
ബുല്ലേഷാഹ്, ഈശനെ കാണാനാവുന്നത്
ഉള്ളില്‍ നേരുള്ളവര്‍ക്കു മാത്രമാണ്,
ഉള്ളില്‍ നേരുള്ളവര്‍ക്കു മാത്രമാണ്.
ഞാന്‍ ഉന്മത്തനാണ്
ഞാന്‍ ഉന്മത്തനാണ്..

ആയിരം പുസ്തകം വായിച്ചു നീയറിവുനേടിയിട്ടുണ്ടാകാം
നിന്റെയുള്ളിനെ എങ്കിലുമൊരിക്കലും വായിച്ചില്ല.
പള്ളിയുമമ്പലവും തേടി നീയോടിത്തളര്‍ന്നു
നിന്റെയുള്ളിലേക്ക് ഒരിക്കലുമൊന്നു കയറിച്ചെന്നില്ല.
സാത്താനോടുള്ള അങ്കങ്ങളിലെല്ലാം നീ തോറ്റുതൊപ്പിയിട്ടു,
സ്വന്തമാസക്തികളോട് പടവെട്ടാനാവാത്തതു കാരണം.
പീര്‍ ബുല്ലേഷാഹ് പറയുന്നു,
നീയെപ്പോഴും മാനത്തുള്ളതിനെ തൊടാനായുകയാണ്
നിന്റെയുള്ളില്‍ സദാ പുലരുന്നവനെ പുണരാതെ,
അല്ലാഹുവിനെ അറിയാതെ...

ഞാന്‍ ഉന്മത്തനാണ്
ഞാന്‍ ഉന്മത്തനാണ്...



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago