എം. ഗോവിന്ദന്റെ ജീവിതവും ദര്‍ശനവും
1919 സെപ്റ്റംബര്‍ 28ന് കുറ്റിപ്പുറത്തിനടുത്തുള്ള കൂരട എന്ന ഗ്രാമത്തിലാണ് ജനനം. പതിനേഴാമത്തെ വയസ്സില്‍ മദിരാശിയിലേക്ക് താമസം മാറി. മദിരാശിയില്‍ വച്ചാണ് ഗോവിന്ദന്റെ സര്‍ഗാത്മക ജീവിതം ആരംഭിക്കുന്നതും ചിന്താലോകം വികസിക്കുന്നതും.
അധികമാരും ഗോവിന്ദന്റെ ജന്മശതാബ്ദി ആഘോഷിക്കാന്‍ ഉണ്ടാവണമെന്നില്ല, പലരും അറിഞ്ഞിരിക്കാനുമിടയില്ല. ഏതെങ്കിലും പക്ഷം ചേര്‍ന്ന് തന്റെ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹം ഉത്സുകനായില്ല എന്നത് തന്നെ കാരണം. ധിഷണയുടെ ഊക്ക് കൊണ്ട് നിഷ്പക്ഷനായിരിക്കാനുള്ള ധിക്കാരം കാണിച്ചു ആ മനുഷ്യന്‍. തിടമ്പേറ്റി എഴുന്നള്ളിക്കാന്‍ തന്റെ മസ്തകം ആര്‍ക്കുമുമ്പിലും കുനിച്ചു കൊടുത്തില്ല. എഴുന്നള്ളിപ്പുകാരുടെ വലയം ഭേദിച്ചുകൊണ്ടായിരുന്നു ആ ഒറ്റയാന്‍ സഞ്ചാരങ്ങള്‍. അതിനാല്‍ എല്ലാ പക്ഷങ്ങള്‍ക്കും അദ്ദേഹം വിരോധിയായി. ഗോവിന്ദന്‍ പക്ഷേ, തന്റെ 'ഉള്ളം കോവിലില്‍ കുടികൊള്ളും തേവരെത്തേടി' അന്വേഷണങ്ങള്‍ തുടര്‍ന്നു; തെറ്റിദ്ധരിക്കപ്പെടാനും തിരസ്‌കരിക്കപ്പെടാനുമുള്ള ജാതകവിധിയുമായി!
ചിത്രകാരനും ആത്മമിത്രവുമായിരുന്ന കെ.സി.എസ് പണിക്കര്‍ ഗോവിന്ദനെ വരഞ്ഞ് അടിക്കുറിപ്പെഴുതി: 'മദിരാശിയിലെ ലൈബ്രറി പുസ്തകങ്ങള്‍ ചിതലെടുത്ത് പോകാത്തത് ഈ മനുഷ്യന്‍ ഉള്ളത് കൊണ്ടാണ്'. അതായിരുന്നു ഗോവിന്ദന്‍. എഴുത്തും വായനയും സപര്യയാക്കിയ ഒരു ജീവിതം. പുതുലോകത്തിന്റെ നിര്‍മിതിക്ക് കാര്‍മികത്വം വഹിക്കേണ്ടത് എഴുത്തുകാരും കലാകാരുമാണെന്ന് അദ്ദേഹം വിശ്വസിച്ചു. സുഖ ഭൂഷിയിഷ്ഠവും സമത്വസുന്ദരവുമായ നവലോകം നിര്‍മിക്കുന്നതിന് വേണ്ട ഇഷ്ടികയും കുമ്മായവും നമുക്ക് മുന്‍പിലുണ്ട്. അവ ചേരുംപടി ചേര്‍ന്ന് ആശാവഹമായ ഒരു ജീവിത വ്യവസ്ഥ രൂപ്പെടുത്താന്‍, തലച്ചോറ് പണയപ്പെടുത്താന്‍ സന്നദ്ധമാവാത്ത ധിഷണാശാലികള്‍ക്കേ കഴിയൂ എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
മലയാളികളെ ആധുനികതയുടെ തുറസ്സിടങ്ങളിലേക്ക് നയിച്ചവരില്‍, മുന്‍നിരയില്‍ ഗോവിന്ദനുണ്ട്. എന്നാല്‍ പാശ്ചാത്യരുടേത് പോലെ മനുഷ്യന്റെ അധികാരശക്തിയെ ഭൂമിക്കുമേല്‍ അടിച്ചേര്‍പ്പിക്കുന്ന ഒരാധുനികതയല്ല അദ്ദേഹം വിവക്ഷിക്കുന്നത്. പരിസ്ഥിതിതിക്കുമേല്‍ മനുഷ്യന്‍ ഏല്‍പ്പിക്കുന്ന ഓരോ ആഘാതവും അവന്റെ തന്നെ നിലനില്‍പിന് ഭീഷണിയാവും. മനുഷ്യന്‍ മാത്രമല്ല, സര്‍വ്വ ജീവജാലങ്ങളും ഇഴചേരുന്ന ഒരു പ്രപഞ്ചബോധം ഗോവിന്ദന്‍ ആവിഷ്‌കരിച്ചു. അതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ്, കേരളത്തിലെ സര്‍ഗ്ഗാത്മകാവിഷ്‌കാരങ്ങളില്‍ പാരിസ്ഥിതികാവബോധം സജീവമാകുന്നത്.
ഗോവിന്ദന്‍ നാസ്തികനായിരുന്നു, പക്ഷെ കടുത്ത മതവിരോധി ആയിരുന്നില്ല. സാംസ്‌കാരിക പരോഗതിയുടെയും സമഭാവനയുടെയും ആദിമ പ്രചോദനസ്രോതസ്സുകളായി മതങ്ങളെ അംഗീകരിക്കുന്നുണ്ട്. 'ഗോത്രമതങ്ങളില്‍ നിന്നുംക്ഷുദ്ര വിശ്വാസങ്ങളില്‍ നിന്നും തുടങ്ങി ദേശീയവും അന്തര്‍ ദേശീയവുമായ മതങ്ങളും, പ്രാകൃത മൂര്‍ത്തികളില്‍ നിന്നാരംഭിച്ച് ഏകദൈവവും രുപം കൊണ്ടപ്പോള്‍, സാഹോദ്രയ സമത്വാദര്‍ശങ്ങള്‍ക്ക് തദനുസൃതമായ വ്യാപ്തിയും അഗാധതയും വര്‍ധിച്ചുവന്നു' എന്ന് ആ ചിന്തകന്‍ എഴുതി. ഇതിനര്‍ത്ഥം, മതങ്ങളെ കണ്ണുംപൂട്ടി അംഗീകരിക്കുന്നുവെന്നല്ല. മതജീര്‍ണ്ണതകളെയും പൗരോഹിത്യാധിപത്യത്തെയും എതിര്‍ക്കുകയും, വിശ്വാസം പ്രതിലോമകരമായിത്തീരാനുള്ള സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. സന്മാര്‍ഗം മതത്തിലൂടെ മാത്രമേ സാധ്യമാവൂ എന്നോ, മതങ്ങള്‍ ഒരിക്കലും സന്മാര്‍ഗനിഷ്ഠയില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല എന്നോ അഭിപ്രായവുമില്ല.
ഇസ്മാലിനെക്കുറിച്ച് തെളിഞ്ഞ കാഴിചപ്പാട് ഗോവിന്ദനുണ്ടായിരുന്നു. ദൈവത്തിന് കീഴില്‍ എല്ലാ മനുഷ്യരും സമന്മാരാണെന്ന് യുക്തിയുക്തം വാദിക്കുകയും അക്കാല പരിത:സ്ഥിതിക്ക് അനുയോജ്യമായ വിധം അത് പ്രോയഗിക്കുകയും ചെയ്യാന്‍ ഇസ്‌ലാമിന് കഴിഞ്ഞതായി അദ്ദേഹം വിലയിരുത്തുന്നു. ഇസ്‌ലാമിന്റെ ആവിര്‍ഭാവവും പ്രചാരവും ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായിരുന്നു. 'യൂറോപ്പ് മുഴുവന്‍അന്ധകാരത്തില്‍ കിടന്നുമയങ്ങിയ അവസരത്തില്‍, യൂറോപ്പ് ത്യജിക്കുകയും ബഹിഷ്‌കരിക്കുകയും ചെയ്ത ദര്‍ശനങ്ങളെയും ശാസ്ത്രങ്ങളെയും, ഒറ്റവാക്കില്‍പറഞ്ഞാല്‍ സംസ്‌കാരപരിഷ്‌കാരങ്ങളെ പകര്‍ത്തി പരിശോധിച്ച് പുനരാവിഷ്‌കരിച്ച് ഒരു പുതിയ പൈതൃകമാക്കി സംരക്ഷിക്കുവാന്‍ ഇസ്‌ലാം അക്ഷീണ പരിശ്രമം ചെയ്തുപോന്നു. ലോകമെന്നാല്‍ യൂറോപ്പ് മാത്രമാണെന്ന് യൂറോപ്പും ഏഷ്യ മാത്രമാണെന്ന് ഏഷ്യയും വിശ്വസിക്കുന്ന കാലഘട്ടത്തില്‍, ഈ രണ്ട് പരിഷ്‌കാരങ്ങളെയും ഏകീകരിച്ച് സംയോജിപ്പിക്കുന്നതില്‍ പ്രയത്‌നിച്ചു വിജയിച്ച ഒരുജനതയാണ് അറബികള്‍. അറബികള്‍ മുഖാന്തരം ലഭിച്ച വിജ്ഞാനമാണ് യൂറോപ്പില്‍ നവോത്ഥാനത്തിന്റെ പൂര്‍വസ്ഥിതികള്‍ ഉളവാക്കിയത്'. ഈ വാക്കുകള്‍ അക്ഷരംപ്രതി ശരിയാണ്. ലോകം മുഴുവന്‍ ഇസ്‌ലാമോഫോബിയ നിറഞ്ഞു തുളുമ്പുന്ന ഇക്കാലത്ത് ഈ നിരീക്ഷണങ്ങള്‍ ഏറെ പ്രസക്തമാണ്.
മുതലാളിത്ത വ്യവസ്ഥിതി മനുഷ്യവിരുദ്ധമാവുന്നതെങ്ങനെയെന്ന് ഗോവിന്ദന്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ബൂര്‍ഷ്വാഭരണത്തില്‍ സമ്പത്തും അധികാരവുമെല്ലാം കയ്യാളുന്നത് ചെറുന്യൂനപക്ഷമായ ഉപരിവര്‍ഗമാണ്. സമ്പത്തധികാരത്തിന്റെ പരിവേഷത്തില്‍ അവര്‍ രാഷ്ട്രീയാധികാരവും ആസൂത്രണം ചെയ്യുന്നു. ഇവിടെയാണ്, ലിബറല്‍ ഡമോക്രസിയുടെ പരിമിതിയും പരാജയവും ഗോവിന്ദന്‍ കാണുന്നത്. ജനാധിപത്യം വെറുവൊരു രാഷ്ട്രീയ ചട്ടക്കൂടാണെന്ന വിശ്വാസത്തില്‍ തുടങ്ങിയ ലിബറല്‍ ഡമോക്രസി, മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അശക്തമായി. അത് വാഗ്ദാനം ചെയ്ത, മൗലികാവകാശങ്ങള്‍ പോലും പലപ്പോഴും റദ്ദ് ചെയ്യപ്പെട്ടു. മനുഷ്യന് മാന്യമായും മര്യാദയായും ജീവിക്കാനുള്ള അവസരമൊരുക്കാന്‍ അതിന് കഴിഞ്ഞില്ല. ജനാധിപത്യത്തിന്റെ അനന്തര വികാസത്തിനവശ്യം വേണ്ട ആശയഗതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ ലിബറല്‍ ഡമോക്രസി തികച്ചും പരാജയപ്പെടുകയാണുണ്ടായതെന്ന് ഗോവിന്ദന്‍ വിമര്‍ശിക്കുന്നു.
രാഷ്ട്രവ്യവഹാരമായിരുന്നു ഗോവിന്ദന്റെ പ്രധാന ആലോചനാവിഷയം. മനുഷ്യനെ സംബന്ധിക്കുന്ന മറ്റ് പരികല്പനകളെല്ലാം രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കിടക്കുന്നു. കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിതത്ത്വത്തില്‍ നിന്ന് അകന്നുനിന്നിരുന്നുവെങ്കിലും അദ്ദേഹം ഒരു അരാഷ്ട്രീയ വാദിയായിരുന്നില്ല. ദേശീയ-അന്തര്‍ദേശീയ സംഭവവികാസങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ച്, രാഷ്ട്രീയ ഗതിവിഗതികളെയും പരിണാമങ്ങളെയും കുറിച്ചുള്ള തന്റെ നിഗമനങ്ങള്‍ അദ്ദേഹം പങ്കുവച്ചു. ചരിത്രത്തിന്റെ സ്രഷ്ടാവായ മനുഷ്യനെ ആധാരമാക്കി, ലോകകാര്യങ്ങളെ വിശകലനം ചെയ്ത ഗോവിന്ദന് സമഗ്രാധിപത്യത്തെ ഒരുതരത്തിലും അംഗീകരിക്കുവാന്‍ കഴിയുമായിരുന്നില്ല. അങ്ങനെയാണ് ഗോവിന്ദനും മാര്‍ക്‌സിസവും തമ്മില്‍ കലഹിച്ചു തുടങ്ങുന്നത്.
റഷ്യയിലേയും കിഴക്കന്‍ യൂറോപ്പ്യന്‍ രാജ്യങ്ങളിലേയും സോഷ്യലിസ്റ്റ് പരീക്ഷണങ്ങള്‍ സമഗ്രാധിപത്യത്തിലേക്ക് വഴുതി മാറുന്ന സന്ദര്‍ഭമായിരുന്നു അത്. അന്ധമായ അനുസരണം ആവശ്യപ്പെടുന്ന ഒരു പ്രത്യയശാസ്ത്ര സഞ്ചയമാവാന്‍ പാടില്ലാത്ത മാര്‍ക്‌സിസം ഒടുവില്‍ അങ്ങനെയായിത്തീരുന്നത് ചരിത്രത്തിലെ ക്രൂരമായ നേരമ്പോക്കാണെന്ന് ഗോവിന്ദന് പറയേണ്ടിവന്നു. സങ്കല്പമേഖലയില്‍ അതീവസുന്ദരമായ ഒരു ആശയസംഹിത പ്രയോഗരംഗത്ത്, അധികാരത്തിന്റെയും അന്ധവിശ്വാസത്തിന്റെയും പിടിയിലമര്‍ന്ന് രൂപാന്തരപ്പെടുന്നത്, ചിന്തിക്കുന്നവരുടെ മനസ്സില്‍ ഒരുതരം ശൂന്യത സൃഷ്ടിച്ചു. മാര്‍ക്‌സിസ്റ്റ് ആശയഗതികളോട് തനിക്ക് തോന്നിയ സന്ദേഹങ്ങള്‍ ഗോവിന്ദന്‍ മറച്ചുവെച്ചില്ല. 'സന്ദേഹികളുടെ സംവാദ'മായ കേരളീയ സാംസ്‌കാരികഭൂമികയെ അത് ചടുലമാക്കി. അതോടെ സംവാദ നായകന്‍, വര്‍ഗ്ഗശത്രുക്കളുടെ പട്ടികയില്‍ പ്രധാനിയായി ഇടംപിടിച്ചു.
ഗോവിന്ദന്‍ യഥാര്‍ത്ഥത്തില്‍ കമ്മ്യൂണിസത്തിന്റെ ശത്രുവായിരുന്നില്ല. സമ്മോഹനവും വിമോചനാത്മകവുമായ ഒരു ദര്‍ശനമായി കമ്മ്യൂണിസത്തെ അദ്ദേഹം അംഗീകരിക്കുന്നുണ്ട്. മാര്‍ക്‌സിനെ ആദരിക്കുന്നതിനും വാഴ്ത്തുന്നതിനും ഒരു പിശുക്കും കാണിച്ചിട്ടുമില്ല. മനുഷ്യധിഷണയുടെ ഉത്തുംഗമായി, മാര്‍ക്‌സിനെ വിലയിരുത്തി ഗംഭീരമായൊരു ജീവചരിത്രം രചിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മാര്‍ക്‌സിസത്തെ ഒരു ഡോഗ്മയായി കാണാനോ മാര്‍ക്‌സിന്റെ അപ്രമാദിത്തത്തില്‍ അന്ധവിശ്വാസിയാവാനോ ഗോവിന്ദന്‍ കൂട്ടാക്കിയില്ല. ഈ ധിക്കാരത്തിന് കടുത്ത ശിക്ഷ തന്നെ അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നു. അക്കാദമിക് മണ്ഡലങ്ങളില്‍ നിന്നും സാംസ്‌കാരികരംഗങ്ങളില്‍ നിന്നും പടിക്ക് പുറത്തായി. അര്‍ഹിക്കുന്ന അംഗീകാരങ്ങളൊന്നും തേടിയെത്തിയതുമില്ല. പക്ഷെ, തിരസ്‌കാരങ്ങളെയും പുരസ്‌കാരങ്ങളെയും ഗൗനിച്ചുകൊണ്ട് എന്തെങ്കിലും പറയാനോ എഴുതാനോ ഗോവിന്ദന് ആവുമായിരുന്നില്ല.
ഇടതുപക്ഷം ഗോവിന്ദനെ തെറ്റിദ്ധരിച്ചുവെങ്കില്‍ ഹൈന്ദവ ഫാസിസ്റ്റുകള്‍ക്ക് അദ്ദേത്തെ ഭയമായിരുന്നു. സനാതന ഹൈന്ദവ ധര്‍മ്മത്തില്‍ നിന്ന് ഹിന്ദുത്വവാദം എങ്ങനെ വ്യതിരിക്തമാവുന്നു എന്ന് ഗോവിന്ദന്‍ ചൂണ്ടിക്കാണിച്ചിരുന്നു. സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ തീവ്രസ്വഭാവത്തെയും അധികാരലേക്കുള്ള കുറുക്കുവഴിയായി മതത്തെ ഉപയോഗപ്പെടുത്തുന്നതിനെയും അതിന്റെ ആശയഗതികളെയും അദ്ദേഹം ചോദ്യംചെയ്തു. സ്വാതന്ത്യസമരത്തെ പിന്നില്‍ നിന്ന് കുത്തിയ ചരിത്രവും, രാഷ്ട്രപിതാവിന്റെ മാറ് പിളര്‍ന്ന പാതകവും പേറുന്ന സംഘപരിവാരത്തെ തീരെ ചെറുപ്പിക്കാന്‍ കഴിയുമായിരുന്നില്ല.
ചിന്തയുടെ ആഴങ്ങളില്‍ ലാളിത്യത്തിന്റെ മുദ്രപതിപ്പിച്ച ദാര്‍ശനികനായിരുന്നു ഗോവിന്ദന്‍. മാനവസംസ്‌കൃതിയുടെ കനത്ത ഈടുവയ്പുകളെ സംബന്ധിച്ച് അഗാധമായ ജ്ഞാനമുണ്ടായിരുന്നെങ്കിലും പാണ്ഡിത്യത്തിന്റെ ഗര്‍വ് ഒരിക്കലും അദ്ദേഹം പ്രകടിപ്പിച്ചില്ല. സ്വകീയമായ ദര്‍ശനപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് പകരം, സംവാദങ്ങളിലൂടെയാണ് തന്റെ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തിയത്. സമാനമനസ്‌കരോടൊത്തുചേര്‍ന്നുള്ള ആ സംവാദ രീതി പ്രാചീനഗ്രീക്ക് ദാര്‍ശനികന്‍ സോക്രട്ടീസിനെ അനുസ്മരിപ്പിക്കുന്നു. വിട്ടുവീഴ്ചയില്ലാത്ത സ്വാതന്ത്ര്യബോധത്താല്‍ പ്രചോദിതമായിരുന്നു ആ സര്‍ഗ്ഗചേതന. ഗോവിന്ദനെഴുതി:
'എഴുത്തോ നിന്റെ കഴുത്തോ ഏറെ കൂറേതിനോട് എന്ന്
ചോദിച്ചൊരുവന്‍ എന്നരികില്‍ വരും മുമ്പെ എന്റെ ദൈവമേ
നീ ഉണ്ടായെങ്കില്‍ എന്നെക്കെട്ടിയെടുത്തേക്ക്, നരകത്തിലെങ്കിലങ്ങോട്ട്'
ആശ്രിതരുടെയല്ല, സ്വതന്ത്രചിന്തകരുടെ സങ്കേതമായിരുന്നു, മദിരാശിയിലെ ഗോവിന്ദഭവനം. ചോദ്യം ചെയ്തുകൂടാത്തതായി ഒന്നുമില്ലെന്ന പാഠം ഗോവിന്ദന്‍ അവര്‍ക്കു പകര്‍ന്നു നല്‍കി. പക്ഷെ, തന്റെ ചിന്തകളും ആദര്‍ശങ്ങളും ആരിലും അടിച്ചേല്‍പ്പിച്ചില്ല. ശരിതെറ്റുകളെക്കുറിച്ചുള്ള അന്തിമവിധികളുമുണ്ടായില്ല. തന്റെ ആകാരം മറ്റുള്ളവര്‍ക്കുമുണ്ടാവണമെന്ന ശാഠ്യവുമില്ല. വഴിതെറ്റി അലയുന്നവര്‍ക്ക് ചില സൂചനകള്‍ നല്‍കി; അത്രമാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."