സ്വയം വളരുന്ന പാലങ്ങള്‍
ആ ചോദ്യം കണുമ്പോള്‍ തന്നെ എല്ലാവരും ഒന്നു പരുങ്ങും. 2015 സിവില്‍ സര്‍വീസ് പ്രിലിമിനറി ചോദ്യ പേപ്പറിലാണ് അങ്ങനെയൊരു ജീവനുള്ള ചോദ്യം വന്നത്. ഇന്ത്യയിലെ ഒരു പ്രത്യേക സ്ഥലത്ത്, പ്രാദേശവാസികള്‍ ഒരു തരം മരത്തിന്റെ വേരുകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി പുഴകള്‍ക്കു മീതെ പാലങ്ങളാക്കി ഉപയോഗിക്കുന്നു. കുറച്ചുകാലം കഴിയുമ്പോള്‍ ഈ പാലങ്ങള്‍ക്ക് ഏതൊരു കോണ്‍ക്രീറ്റ് പാലത്തെയും വെല്ലുംവിധം കട്ടിയും ശക്തിയും ലഭിക്കുന്നു. അനന്യമായ ഈ ജീവിക്കുന്ന വേര്മരം എവിടെയാണ് കാണപ്പെടുന്നത്? മേഘാലയ, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, തമിഴ്‌നാട് എന്നിവയാണ് ഒപ്ഷനുകള്‍. വടക്കുകിഴക്കന്‍ മേഖലയിലാകും എന്ന ധാരണയില്‍ മേഘാലയ കറുപ്പിച്ചു. ഉത്തരം ശരിയായിരുന്നു.
എന്നാലും ഒരു സംശയമുണ്ടായിരുന്നു. അങ്ങനെയൊരു പാലമൊക്കെ കേവലം അതിശയോക്തിയല്ലേ എന്ന ധാരണ. പക്ഷേ, മേഘാലയ ചിറാപുഞ്ചിയിലെ മൂവായിരം അടി നീളുന്ന ട്രക്കിങിനിടെ ആ പാലം കണ്‍ കുളിര്‍ക്കെ കാണാനായി. ഒന്നല്ല, പല പാലങ്ങള്‍. ചിലയിടത്ത് ഒരു പാലത്തിനു മീതെ മറ്റൊരു പാലം. ഡബ്ള്‍ ഡക്കര്‍ എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. സിംഗ്ള്‍ ഡക്കറുകളുടെ ഒരു നിര തന്നെയുണ്ട്. മറ്റു ചില പ്രദേശങ്ങളില്‍ ട്രിപ്ള്‍ ഡക്കര്‍ പോലുമുണ്ട്. കണ്‍നിറയെ കാണാം. കയറി നിന്ന് ഫോട്ടോയെടുക്കാം. ചെറിയ വണ്ടികള്‍കൊക്കെ സഞ്ചരിക്കുകയുമാകാം.
മേഘാലയയിലെ പ്രമുഖ ഗോത്ര വിഭാഗമായ ഖാസി വിഭാഗത്തിന്റെ അതിജീവനത്തിന്റെ പാറ്റന്റുകളിലൊന്നാണ് ഈ പാലം. ഫിക്കസ് ഇലാസ്റ്റിക് മരങ്ങളുടെ വേരുകളാണ് ഇതിനു വേണ്ടി ഉപയോഗപ്പെടുത്തപ്പെടുന്നത്. ഈ മരങ്ങളുടെ നൂറ് കണക്കിന് വേരുകള്‍ മുകളിലേക്ക് പടരും. ഇങ്ങനെ പടരുന്ന വേരിന്റെ പടര്‍പ്പുകള്‍ ഉപയോഗിച്ചാണ് ഗോത്രവര്‍ഗ്ഗക്കാര്‍ പാലം പണിയുന്നത്. അന്‍പത് മീറ്റര്‍ വരെ നീളവും ഒന്നര മീറ്റര്‍ വീതിയുമുള്ള ഈ പാലങ്ങള്‍ പൂര്‍ണ്ണതോതിലെത്താന്‍ പത്ത് മുതല്‍ പതിനഞ്ച് വര്‍ഷം വരെ എടുത്തുകാണും. പക്ഷെ, അസാധാരണമായ കട്ടിയും ശക്തിയുമുള്ള ഈ പാലത്തിലൂടെ അന്‍പത് പേര്‍ക്കെങ്കിലും ഒരേ സമയം പേടികൂടാതെ കടക്കാം. പാലങ്ങള്‍ക്കൊക്കെ ജീവനുള്ളതിനാല്‍ അവയുടെ ഗ്യാരണ്ടി ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കയാണ്.
വെസ്റ്റ് ജയന്തിയ മലനിരയിലെ കുടെംഗ്‌റിംഗ് ഗ്രാമത്തിലെ വേരുകളുടെ സ്റ്റേഡിയമാണ് അതിലേറെ അത്ഭുതകരം. തൊട്ടടുത്തുള്ള ഫുട്‌ബോള്‍ മൈതാനത്ത് നടക്കുന്ന കളിമുഴുവന്‍ വീക്ഷിക്കുന്നുണ്ട് അവിടെയിരുന്നു കുറേ കുട്ടികള്‍. മറ്റു ചിലയിടങ്ങളില്‍ വേരുകള്‍ കൊണ്ട് നിര്‍മിച്ച പ്രകൃതിദത്തമായ കോണികള്‍ കാണാം. മുളകള്‍കൊണ്ട് അലങ്കരിച്ച കസേരകള്‍ മുതല്‍ വേസ്റ്റ് ബാസ്‌കറ്റുകള്‍ വരെ മനോഹരമായി ഉണ്ടാക്കിയെടുത്തിട്ടുണ്ട്.
ഗോത്രവര്‍ഗ്ഗങ്ങള്‍ കാടിനെയും പ്രകൃതിയെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് കാണാന്‍ വടക്കുകിഴക്കന്‍ മേഖല ഒരു നല്ല പാഠപുസ്തകമാണ്. വിശിഷ്യാ മേഘാലയയിലെ ഖാസി, ജയന്തിയ ഗോത്രങ്ങളുടെ ജീവിതരീതികള്‍. മരങ്ങളെ വെട്ടാനും കൊല്ലാനും മാത്രമറിയുന്ന നമുക്ക് മുന്നിലെ ചില ജീവിക്കുന്ന പുസ്തകങ്ങളായി അവ നിലകൊള്ളുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."