ട്രൂനാറ്റ് പരിശോധനയ്ക്ക് അനുമതിയില്ല; ചാര്‍ട്ടേഡ് വിമാനങ്ങള്‍ റദ്ദാക്കിയേക്കും
തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രവാസികള്‍ക്ക് 48 മണിക്കൂര്‍ മുമ്പുള്ള കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതോടെ നാടണയാന്‍ കാത്തുനില്‍ക്കുന്ന ഗര്‍ഭിണികളും കുട്ടികളുമടങ്ങിയ പതിനായിരക്കണക്കിന് പ്രവാസി മലയാളികള്‍ പെരുവഴിയില്‍.
യു.എ.ഇയില്‍ പരിശോധനയ്ക്കു ശേഷമേ വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കൂ എന്നതിനാലും ഖത്തറില്‍ പുറത്തിറങ്ങുന്ന എല്ലാവര്‍ക്കും എഹ്‌തെരാസ് എന്ന മൊബൈല്‍ ആപ്പ് നിര്‍ബന്ധമാക്കിയതിനാലും ഈ രണ്ടു രാജ്യങ്ങളിലുള്ളവര്‍ക്ക് പരിശോധനാ സര്‍ട്ടിഫിക്കറ്റില്ലാതെ തന്നെ കേരളത്തിലെത്താം. എന്നാല്‍ മറ്റു രാജ്യങ്ങളിലുള്ളവരാണ് ്രപതിസന്ധിയിലായിരിക്കുന്നത്.
പ്രധാനമായും സഊദി അറേബ്യ, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലുള്ള പ്രവാസികളാണ് പെരുവഴിയിലായത്. കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം നിശ്ചയിച്ച ട്രൂനാറ്റ് പരിശോധനയ്ക്ക് (ബ്ലഡ് റാപ്പിഡ് ടെസ്റ്റ്) സഊദി അറേബ്യയിലടക്കം നാലു ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. സ്ട്രിപ്പില്‍ രക്തത്തുള്ളി പതിപ്പിച്ചുള്ള പരിശോധനയാണ് ട്രൂനാറ്റ്. അരമണിക്കൂറിനുള്ളില്‍ ഫലം കിട്ടുമെങ്കിലും കൃത്യതയില്ലെന്നാണ് സഊദിയുടെ നിലപാട്. സഊദിയില്‍ നിലവില്‍ പി.സി.ആര്‍ പരിശോധനയ്ക്കു മാത്രമാണ് സാധുതയുള്ളത്. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ആന്റിബോഡി ടെസ്റ്റിനും ട്രൂ നാറ്റ് ടെസ്റ്റിനും സഊദി ആരോഗ്യമന്ത്രാലയം അനുമതി നല്‍കില്ല എന്ന നിലപാടിലാണ്. മറ്റു രാജ്യങ്ങളിലും ഇതു തന്നെയാണ് സ്ഥിതി.
അതേസമയം, കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റുള്ളവര്‍ വന്നാല്‍ മതിയെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന സര്‍ക്കാര്‍ ട്രൂനാറ്റ് പരിശോധന ഇപ്പോള്‍ കേന്ദ്രത്തിന്റെ തലയില്‍ വച്ച് കൈയൊഴിയുകയാണ്. കേന്ദ്രം ഇടപെട്ട് എംബസികള്‍ വഴി പരിശോധന നടത്തണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ കേരളത്തിനായി മാത്രം ഇങ്ങനെയൊരു തീരുമാനം എംബസി വഴി നടത്താന്‍ കഴിയില്ലെന്ന് കേന്ദ്രവും പറയുന്നു.
മറ്റു സംസ്ഥാനങ്ങള്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാത്തതിനാല്‍ കേന്ദ്രം ഇതില്‍ ഇടപെടില്ലെന്നാണ് സൂചന. പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ കേരളം അനുമതി നല്‍കിയ 829 ചാര്‍ട്ടേഡ് വിമാനങ്ങളുടെ യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ടിക്കറ്റെടുത്ത ഗര്‍ഭിണികളടക്കമുള്ളവരുടെ യാത്രയാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കാരണം മുടങ്ങുന്നത്. ഗള്‍ഫില്‍ കൊവിഡ് -19 രോഗ ലക്ഷണങ്ങളുള്ളവര്‍ക്കു മാത്രമേ സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധന നടത്തൂ.
സഊദി അറേബ്യയില്‍ 1,522 റിയാലും (30,900 രൂപ) കുവൈത്തില്‍ 113 ദിനാറും (28,000 രൂപ) ഒമാനില്‍ 75 റിയാലും (14,900 രൂപ) ബഹ്‌റൈനില്‍ 50 ദിനാറും (10,101രൂപ) യു.എ.ഇയില്‍ 370 ദിര്‍ഹവും (7700 രൂപ) ആണ് ഇപ്പോള്‍ പരിശോനയ്ക്ക് ഈടാക്കുന്നത്. ജോലി നഷ്ടമായും വിസ തീര്‍ന്നും മടങ്ങുന്ന പാവപ്പെട്ടവര്‍ക്ക് ഭാരിച്ച പരിശോധനാ ചെലവ് താങ്ങാനാവില്ല.
കൈയില്‍ പണമുണ്ടെങ്കില്‍ തന്നെ സ്രവമെടുക്കാന്‍ ബുക്ക് ചെയ്ത് ദിവസങ്ങളോളം കാത്തിരിക്കണം. ഫലം കിട്ടാന്‍ 96 മണിക്കൂര്‍ വരെയെടുക്കും. എസ്.എം.എസായാണ് ഫലം കിട്ടുക. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന വിധത്തില്‍ സര്‍ട്ടിഫിക്കറ്റ് മിക്കയിടത്തുമില്ല. ബഹ്‌റൈനില്‍ എട്ടു സ്വകാര്യാശുപത്രികള്‍ക്കു മാത്രമാണ് പരിശോധനാനുമതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."