ചൈനക്കു മുന്നറിയിപ്പുമായി വീണ്ടും മോദി: സൈന്യം ഏതു നീക്കത്തിനും സജ്ജമെന്നും പ്രധാനമന്ത്രി
ന്യുഡല്‍ഹി: രാജ്യത്തിന്റെ ഒരിഞ്ചു ഭൂമിപോലും ആരും മോഹിക്കേണ്ടെന്നും നമ്മുടെ ഇരിഞ്ചു ഭൂമിപോലും ആര്‍ക്കും വിട്ടുകൊടുക്കുകയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച വൈകിട്ട് വിളിച്ചുചേര്‍ത്ത വീഡിയോ കോണ്‍ഫറന്‍സ് സര്‍വകക്ഷിയോഗത്തിലാണ് മോദി ചൈനക്ക് മുന്നറിയിപ്പു നല്‍കിയത്.
ഇന്ത്യയുടെ അതിര്‍ത്തി ആരും മറികടന്നിട്ടില്ലെന്നും ഇന്ത്യയുടെ പോസ്റ്റുകള്‍ പിടിച്ചെടുത്തിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചൈന അതിര്‍ത്തിയില്‍ ചെയ്തത് രാജ്യത്തെ മുഴുവന്‍ വേദനിപ്പിക്കുകയും രോഷം കൊള്ളിക്കുകയും ചെയ്തു. നമ്മുടെ 20 ജവാന്‍മാര്‍ രക്തസാക്ഷിത്വം വരിച്ചു. എന്നാല്‍ ഇന്ത്യയുടെ മേല്‍ കണ്ണ് പതിപ്പിച്ചവര്‍ ഒരു പാഠംപഠിച്ചെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രത്തെ സംരക്ഷിക്കാനുള്ള ഒരു അവസരവും ഇനി സൈന്യം പാഴാക്കില്ലെന്ന് ഉറപ്പ് നല്‍കുകയാണ്. മറ്റൊരാള്‍ നമ്മുടെ പ്രദേശത്തെ ഒരിഞ്ച് സ്ഥലത്തിനു മേല്‍ കണ്ണ് വയ്ക്കാതിരിക്കാനുള്ള ശേഷി നാം നേടിയിട്ടുണ്ട്.
ഇന്ത്യ സമാധാനവും സൗഹൃദവുമാണ് ആഗ്രഹിക്കുന്ന്. എന്നാല്‍ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുകയെന്നതാണ് പ്രധാനം. സായുധസേനയ്ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കുമ്പോള്‍ തന്നെ നയതന്ത്ര തലത്തിലും ചൈനയോട് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ നിയന്ത്രണ രേഖയില്‍ പട്രോളിംഗ് വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ജാഗ്രതയും വര്‍ധിച്ചു. അവിടെ നടക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാനും ഇടയായെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേ സമയം രഹസ്യാന്വേഷണ വിഭാഗത്തിന് വിട്ടുവീഴ്ച സംഭവിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. കടന്നുകയറ്റം ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."