ഇമ്മിണി ബല്യ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി വിദ്യാര്‍ഥികള്‍
മുക്കം: ഇമ്മിണി ബല്യ കഥാകാരന്റെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി വിദ്യാര്‍ഥികളുടെ ഓര്‍മ്മ പൂക്കള്‍. ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രധാന രചനകളിലൊന്നായ പാത്തുമ്മയുടെ ആടിലെ കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്റെ 24ാം ചരമവാര്‍ഷിക ദിനത്തില്‍ പന്നിക്കോട് എ.യു.പി സ്‌കൂളില്‍ ദൃശ്യാവിഷ്‌ക്കരിക്കപ്പെട്ടത്.
മാങ്കോസ്റ്റീന്‍ മരമില്ലെങ്കിലും സ്‌കൂളിലെ ചീനി മരച്ചുവട്ടില്‍ പാഠപുസ്തകങ്ങളില്‍ തങ്ങള്‍ വായിച്ച് പഠിച്ച പാത്തുമ്മയും വൈക്കം മുഹമ്മദ് ബഷീറും ആടുമെല്ലാം കഥാപാത്രങ്ങളായി എത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് അത് കൗതുകമായി. സ്‌കൂളില്‍ നടന്ന വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ പരിപാടി സ്‌കൂള്‍ മാനേജര്‍ സി. കേശവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
പി.ടി.എ വൈസ് പ്രസിഡന്റ് ബഷീര്‍ പാലാട്ട് അധ്യക്ഷനായി. മുക്കം പ്രസ് ഫോറം പ്രസിഡന്റ് സി. ഫസല്‍ ബാബു, പ്രധാനാധ്യാപിക കെ.കെ ഗംഗ, കുസുമം തോമസ്, എം.പി.ടി.എ പ്രസിഡന്റ് ഫലീല, പി.പി റസ്‌ല, പി.കെ ഹക്കീം, റഫീഖ് ബാബു, വി.പി ഗീത, രമ്യ സുമോദ്, സുഭഗ ഉണ്ണികൃഷ്ണന്‍, ഐ. ശങ്കരനാരായണന്‍ സംസാരിച്ചു.
മുക്കം: കാരമൂല കുമാരനെല്ലൂര്‍ ജി.എല്‍.പി സ്‌കൂളില്‍ വായനാ വാരാചരണ സമാപനവും ബഷീര്‍ അനുസ്മരണവും എ.പി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.
ബഷീര്‍ പതിപ്പിന്റെ പ്രകാശനവും നടത്തി. എട്ടുകാലി മമ്മൂഞ്ഞ്, പൊന്‍കുരിശ് തോമ, മണ്ടന്‍ മുത്തപ്പ, ആനവാരി രാമന്‍ നായര്‍, കൊച്ചുത്രേസ്യ, പാത്തുമ്മ, അബ്ദുല്‍ ഖാദര്‍, ശിങ്കിടി മുങ്കന്‍ തുടങ്ങിയ കഥാപാത്രങ്ങളെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. പുസ്തക പ്രദര്‍ശനം, ക്ലാസ് ലൈബ്രറികളിലേക്കുള്ള പുസ്തക സമാഹരണം, വായനാ വാരാചരണത്തിന്റെ ഭാഗമായി നടന്ന മത്സരങ്ങളുടെ വിജയികള്‍ക്ക് സമ്മാനദാനം എന്നിവയും നടന്നു.
എസ്.എം.സി ചെയര്‍മാന്‍ പ്രകാശന്‍ കോരല്ലൂര്‍ അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ എം. ഉണ്ണികൃഷ്ണന്‍, അസീസ് കിളിക്കോടന്‍, കെ. നബീസ, കെ.വി. ജെസിമോള്‍, മുജീബ് കീലത്ത് പുല്‍പ്പറമ്പില്‍, പി.കെ സുബൈദ, ജി. ഫൗസിയ, അര്‍ച്ചന സംസാരിച്ചു.
മുക്കം: ബേപ്പൂര്‍ സുല്‍ത്താന്റെ വൈലാലില്‍ വീട്ടില്‍ മുറതെറ്റാതെ ഒന്‍പതാം തവണയും സൗത്ത് കൊടിയത്തൂര്‍ എ.യു.പി സ്‌കൂളിലെ കൂട്ടുകാരെത്തി.
വായിച്ചും, കണ്ടും, കേട്ടും മനസിലാക്കിയ കഥകളുടെയും കഥാപാത്രങ്ങളുടേയും സൃഷ്ടിയായ കഥാകാരന്റെ കൂടുതല്‍ വര്‍ത്തമാനങ്ങളറിയാന്‍ സ്‌കൂളില്‍ ബഷീര്‍ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വ്യത്യസ്ത പരിപാടികളുടെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്.
ബഷീര്‍ കഥകളിലെ കഥാപാത്രങ്ങളായ അദ്ദേഹത്തിന്റെ മക്കളുമായും പാത്തുമ്മയുടെ മകളായ കദീജയുമായും സാഹിത്യകാരന്മാരായ ഖദീജ മുംതാസ്, പി.ആര്‍ നാഥന്‍, കാനേഷ് പുനൂര്‍ തുടങ്ങിയവരുമായുമുള്ള കൂടിക്കാഴ്ച വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി.
സ്‌കൂളില്‍ നടന്ന പ്രശ്‌നോത്തിരി, ആസ്വാദനക്കുറിപ്പ് മത്സരങ്ങളില്‍ വി.സി അമല്‍, വി.പി മിദ്‌ലാജ്, നജ ഫാത്തിമ, സില്‍ന ആയിശ ജേതാക്കളായി. വിജയികള്‍ക്ക് ഗാനരചയിതാവ് റഫീഖ് അഹ്മദ്, ബഷീര്‍ കൃതികളിലെ കഥാപാത്രങ്ങളായ അനീസ് ബഷീര്‍, ഷാഹിന ബഷീര്‍, കദീജ എന്നിവര്‍ ബഷീര്‍ പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി.
ബഷീര്‍ അനുസ്മരണത്തിന്റെ ഭാഗമായി പുസ്തക പ്രദര്‍ശനം, ഡൊക്യുമന്ററി പ്രദര്‍ശനം എന്നിവയും നടന്നു. പരിപാടികള്‍ക്ക് മജീദ് പൂത്തൊടി, എ. ഫാത്തിമ, പി.സി മുജീബ് റഹ്മാന്‍, എം. നസീര്‍ നേതൃത്വം നല്‍കി.
കട്ടാങ്ങല്‍: പുള്ളന്നൂര്‍ ന്യൂ ഗവ. എല്‍.പി സ്‌കൂളില്‍ കുട്ടികള്‍ ബഷീര്‍ ദിനം ആഘോഷിച്ചു. ബഷീറിന്റെ സാഹിത്യങ്ങളും ജീവചരിത്രവും കോര്‍ത്തിണക്കി കൊണ്ട് കൂറ്റന്‍ സ്ലേറ്റില്‍ കൊളാഷ് പ്രദര്‍ശനം നടത്തി.പരിപാടിയില്‍ മൂന്ന്, നാല് ക്ലാസിലെ കുട്ടികള്‍ പങ്കെടുത്തു. ചടങ്ങില്‍ ഹെഡ്മിസ്ട്രസ് സംസാരിച്ചു.ബഷീര്‍ കൃതികള്‍ പുതിയ തലമുറകള്‍ക്ക് പുത്തന്‍ മലയാള ഭാഷാശൈലി രൂപപ്പെടുത്താന്‍ കഴിയുമെന്ന് ടീച്ചര്‍ അഭിപ്രായപ്പെട്ടു. ശാന്ത ടീച്ചര്‍, രൂപാ റാണി, ഷിത, അനീസ് മാസ്റ്റര്‍ സംസാരിച്ചു. പാത്തുമ്മയുടെ ആട് ദൃശ്യാവിഷ്‌കാരം നടന്നു. ലിയാന ജലീല്‍ നന്ദി പറഞ്ഞു.
ഓമശ്ശേരി: വാദിഹുദാ ഹൈസ്‌കൂളില്‍ ബഷീര്‍ അനുസ്മരണവും 'ബാല്യകാല സഖി'യുടെ ദൃശ്യവിഷ്‌കാരവും നടന്നു. എന്‍. ഗീത അധ്യക്ഷയായി. കെ. സറീന അനുസ്മരണ പ്രഭാഷണം നടത്തി. എം.വി റീബ, ഹിന ഫെബിന്‍, എ.എന്‍ ഹിബ, കെ.ടി മിദ്‌ലാജ്, നേഹ ബിജു, ദില്‍ന സംസാരിച്ചു. ഏളേറ്റില്‍: ബഷീര്‍ ചരമദിനത്തോടനുബന്ധിച്ച് എളേറ്റില്‍ എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 'ബഷീര്‍ സ്മൃതികള്‍' അനുസ്മരണ പതിപ്പ് പുറത്തിറക്കി.പ്രധാന അധ്യാപകന്‍ തോമസ് മാത്യു പതിപ്പ് പ്രകാശനം ചെയ്തു. മിനി ജെ, പി.കെ.എ ജലീല്‍, താജുദ്ദീന്‍ എം, സജ്‌ന മാട്ടിലായി, സൗദ കെ, ഷാനവാസ് പൂനൂര്‍ സംസാരിച്ചു.
കൊടുവള്ളി: പറമ്പത്ത് കാവ് എ.എം.എല്‍.പി സ്‌കൂളില്‍ വൈക്കം മുഹമ്മദ് ബഷീറിനും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ക്കും പുനര്‍ജനി. ബഷീര്‍ ചരമ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ പാത്തുമ്മയുടെ ആട് എന്ന പുസ്തകത്തിലെ കഥാപാത്രങ്ങളെയാണ് കുട്ടികള്‍ അവതരിപ്പിച്ചത്. ബഷീര്‍ അനുസ്മരണ പ്രഭാഷണം പി.സി ഖാദര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് സുലൈഖ ടീച്ചര്‍, പി.സി മുഹമ്മദ് അന്‍ഫസ്, പി.സി മിര്‍ഫ, സി.കെ താരീഖ് അന്‍വര്‍, പി.എം മുഹമ്മദ് മാസ്റ്റര്‍, ഫസല്‍ ആവിലോറ, ടി. ഷബീന ബീവി, പി. ജസീല, പി.കെ യുസൈറ ഫെബിന്‍, എം.സി ലതിക, ടി.കെ ഷീല, കെ. ജിന്‍സി, സ്മിത പി നേതൃത്വം നല്‍കി. വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനത്തോടനുബന്ധിച്ച് വെളിമണ്ണ ജി എം എല്‍ പി ആന്റ് യുപി സ്‌കൂളില്‍ ബഷീറിന്റെ ബാല്യകാലസഖിയുടെ ദൃശ്യാവിഷ്‌കാരം സംഘടിപ്പിച്ചു. സ്‌കൂള്‍ അങ്കണത്തിര്‍ നടന്ന പരിപാടി ഹെഡ്മാസ്റ്റര്‍ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. സിനി ടീച്ചര്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ചു. ജില്‍സാന ടീച്ചര്‍ ബഷീര്‍ കൃതികളെ പരിചയപ്പെടുത്തി.ചുമര്‍പത്രിക നിര്‍മ്മാണ മത്സരം, ബഷീര്‍ ദിന ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."