ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാറിടിച്ചു വീഴ്ത്തി 7.3 ലക്ഷം കവര്‍ന്നു
നാദാപുരം: കുഴല്‍പ്പണ തട്ടിപ്പ് സംഘം നാദാപുരത്തു വീണ്ടും പണം കവര്‍ന്നു. 7,30,000 രൂപയാണ് ഇന്നലെ യുവാവിനു നഷ്ടമായത്.
ഉച്ചയോടെ പയന്തോങ്ങിലെ സി.ആര്‍.പി മുക്കിനു സമീപത്തുകൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അരൂര്‍ സ്വദേശി തറമ്മല്‍ ഷബീറിനെ (31) കാറിടിച്ചുവീഴ്ത്തി പണം തട്ടിയെടുക്കുകയായിരുന്നു. ചേലക്കാട് കുമ്മംകോട് റോഡില്‍ കാറില്‍ പിന്തുടര്‍ന്നെത്തിയ അഞ്ചംഗ സംഘമാണ് ഷബീറിനെ ഇടിച്ചു വീഴ്ത്തിയത്. തുടര്‍ന്ന് വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ബലമായി കാറില്‍ കയറ്റി കക്കട്ട് ഭാഗത്തേക്കു കൊണ്ടുപോവുകയും പണം കവര്‍ന്നതിനു ശേഷം ആളൊഴിഞ്ഞ ഭാഗത്ത് ഇറക്കി വിടുകയുമായിരുന്നു. കാറില്‍വച്ച് ഇയാള്‍ക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഷബീര്‍ കുഴല്‍പ്പണ വിതരണ സംഘത്തില്‍പ്പെട്ടയാളാണെന്ന് പൊലിസ് പറഞ്ഞു. ഇയാളില്‍നിന്ന് പണം വിതരണം ചെയാനുള്ള ആളുകളുടെ ലിസ്റ്റും ഫോണ്‍ നമ്പറും പൊലിസിന് ലഭിച്ചിട്ടുണ്ട്. സമീപത്തെ മരണ വീട്ടില്‍നിന്ന് ബഹളം കേട്ട് ആളുകള്‍ ഓടിയെത്തിയെങ്കിലും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.
സമീപത്തെ വീട്ടിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചതില്‍നിന്ന് കാറിനെ കുറിച്ചുള്ള സൂചനകള്‍ പൊലിസിന് ലഭിച്ചുവെങ്കിലും നമ്പര്‍ വ്യാജമാണെന്ന് സംശയമുണ്ട്. നാദാപുരത്ത് കുഴല്‍പ്പണ തട്ടിപ്പ് സംഘങ്ങള്‍ വര്‍ധിച്ചു വരുന്നതായാണ് സൂചന.
കഴിഞ്ഞ മാസം ആദ്യം പുറമേരിയില്‍ കാറിലെത്തിയ സംഘം ബൈക്കിടിച്ചു വീഴ്ത്തി നടുപ്പൊയില്‍ സ്വദേശിയായ യുവാവില്‍നിന്ന് 2.5 ലക്ഷം രൂപ തട്ടിയിരുന്നു. ഇതിന്റെ അന്വേഷണത്തിനിടെയാണ് കല്ലാച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വന്‍ പിടിച്ചുപറി സംഘത്തെ കുറിച്ച് പൊലിസിന് സൂചന ലഭിക്കുന്നത്. പ്രതികളെ പിന്നീട് നാദാപുരം എസ്.ഐ എന്‍. പ്രജീഷും സംഘവും അസമില്‍നിന്ന് പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."