കിടപ്പുരോഗികളുടെ സ്‌നേഹസംഗമം
കായംകുളം: വീടുകള്‍ക്കുള്ളില്‍ കിടപ്പിലായി ഒറ്റപ്പെട്ടു കഴിയുന്ന രോഗികളെ പങ്കെടുപ്പിച്ചുകൊണ്ട് സ്‌നേഹസംഗമം സംഘടിപ്പിക്കുകയാണ് കായംകുളം ബ്ലഡ് ഡൊണേഷന്‍ സെല്‍. നാളെ രാവിലെ 10.30 മുതല്‍ വൈകുന്നേരം നാലുമണിവരെ കായംകുളം കായലോരത്തെ ഡി.ടി.പി.സി അമിനിറ്റി സെന്ററിലാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.
അപകടത്തില്‍പ്പെട്ടും മറ്റ് രോഗങ്ങള്‍ ബാധിച്ചും മുറികള്‍ക്കുള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതെ കിടക്കുന്നവരും, ഓട്ടിസം ബാധിച്ച കുട്ടികളും, വീല്‍ചെയറുകളില്‍ കഴിയുന്നവരും സംഗമത്തില്‍ പങ്കെടുക്കും. കിടക്കകളും, വീല്‍ചെയറുകളും സജ്ജീകരിച്ചിട്ടുണ്ട്. സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മാനസിക ഉല്ലാസത്തിനായി കായല്‍ യാത്ര, മാജിക് ഷോ, ഗാനമേള, കോമഡി എന്നിങ്ങനെ നിരവധി പരിപാടികളും പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അവതരിപ്പിക്കുന്ന സ്‌നേഹവര, കാരിക്കേച്ചര്‍ എന്നിവ സംഗമത്തിന്റെ ഭാഗമായി നടക്കും. സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നിരവധി പദ്ധതികളാണ് സംഘാടകര്‍ സജ്ജമാക്കിയിരിക്കുന്നത്.
രാവിലെ ഒന്‍പതു മുതല്‍ ഏഴോളം ആംബുലന്‍സുകളാണ് രോഗികളെ സംഗമസ്ഥലത്തെത്തിക്കാന്‍ സജീകരിച്ചിരിക്കുന്നത്. സിനിമാ, സീരിയല്‍ താരങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ - സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തകര്‍ പങ്കെടുക്കും. രോഗികള്‍ക്ക് മാനസിക ഉല്ലാസമായി സംഘടിപ്പിച്ചിരിക്കുന്ന കായല്‍യാത്ര വ്യത്യസ്തമായ പദ്ധതിയാണ്. സംഗമത്തിലൂടെ പങ്കെടുക്കുന്ന മുഴുവന്‍ ആളുകള്‍ക്കും വേണ്ടുന്ന സഹായങ്ങള്‍ ചെയ്യുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ നവാസ് ഓണ്‍ഡ്രൈവ്, കണ്‍വീനര്‍ മുഹമ്മദ് ഷെമീര്‍, സംഘാടകരായ നിഷാദ്, അസിം നാസര്‍, ഇയാസ്, അറാഫത്ത്, ജസില്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."