സ്‌കൂളുകളിലെ അവധിക്കാല ക്ലാസുകള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: കൊടുംചൂടും വരള്‍ച്ചയും കണക്കിലെടുത്ത് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അവധിക്കാല ക്ലാസുകള്‍ നടത്തരുതെന്ന് വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്‍കി. അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകള്‍ പിന്തുടരുന്ന വിദ്യാലയങ്ങളിലും അവധിക്കാല ക്ലാസുകള്‍ പാടില്ല. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറങ്ങി.
സംസ്ഥാനം അഭിമുഖീകരിക്കുന്ന കൊടുംചൂടും വരള്‍ച്ചയും കണക്കിലെടുത്താണ് വിദ്യാഭ്യാസ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം അവധിക്കാല ക്ലാസുകള്‍ ഈവര്‍ഷം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്.
കൊടുംചൂടില്‍ ക്ലാസുകള്‍ നടത്തുന്നത് വിദ്യാര്‍ഥികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് ദുരന്തനിവാരണ അതോരിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവധിക്കാല ക്ലാസുകള്‍ക്കെതിരേ ബാലാവകാശ കമ്മിഷന്‍ ഉത്തരവും ഉണ്ട്. അതേസമയം പരമാവധി 10 ദിവസംവരെ സ്‌കൂളുകളില്‍ മുന്‍കൂര്‍ അനുമതിയോടെ ക്യാംപുകള്‍ സംഘടിപ്പിക്കാം.
ചൂട് നിയന്ത്രണ സംവിധാനങ്ങള്‍, കുടിവെള്ളം എന്നിവ ഉറപ്പാക്കിയ ശേഷം അതത് വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് സംഘാടകര്‍ അപേക്ഷ നല്‍കണം. എ.ഇ.ഒ മുതലുള്ള ഓഫിസര്‍മാര്‍ സ്‌കൂളിലെത്തി ആവശ്യമായ മുന്നൊരുക്കം ഉണ്ടെന്ന് ഉറപ്പാക്കിയശേഷം രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ 10 ദിവസത്തില്‍കൂടാത്ത ക്യാംപുകളും ശില്‍പ്പശാലകളും നടത്താവൂ.
സ്‌പെഷ്യല്‍ ക്ലാസുകളോ അവധിക്കാല ക്ലാസുകള്‍ക്കോ അനുമതിയുണ്ടാകില്ല. ജൂണ്‍ മൂന്നിന് സ്‌കൂളുകള്‍ തുറക്കും. മുഴുവന്‍ വിദ്യാലയങ്ങളിലും പ്രവേശനോത്സവങ്ങളും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."