പി. ജയരാജന്‍ ഒന്‍പത് ക്രിമിനല്‍ കേസുകളില്‍ പ്രതി
കോഴിക്കോട്: വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജനെതിരേ നിലവിലുള്ളത് ഒന്‍പത് ക്രിമിനല്‍ കേസുകള്‍. ഒരു കേസില്‍ ശിക്ഷിച്ചിട്ടുണ്ട്. നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. കതിരൂര്‍ മനോജ് വധക്കേസ്, പ്രമോദ് വധശ്രമക്കേസ് എന്നിവയില്‍ ഗൂഢാലോചന നടത്തി, അരിയില്‍ ഷുക്കൂറിനെ കൊല നടത്താനുള്ള പദ്ധതി മറച്ചുവച്ചു എന്നിവയാണ് ജയരാജന്റെ പേരിലുള്ള കേസുകളില്‍ തീവ്രസ്വഭാവമുള്ളത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ക്രിമിനല്‍ നിയമം 143, 147, 148, 447, 450, 294ഡി, 506 (ഒന്ന്), 364, 341, 323, 324, 307, 302, 109, 201, 118, 120 (ബി), ആര്‍.ഡബ്ല്യു 149 എന്നീ വകുപ്പുകള്‍ പ്രകാരം കണ്ണപുരം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഈ കേസ് സി.ബി.ഐ പരിഗണനയിലാണ്. മറ്റുള്ള കേസുകള്‍ അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗതം തടസപ്പെടുത്തിയതിനുമാണ്. അന്യായമായി സംഘം ചേര്‍ന്ന് പൊതുമുതല്‍ നശിപ്പിച്ച കേസില്‍ കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജയരാജനെ ശിക്ഷിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരം രണ്ടര വര്‍ഷം തടവും പിഴയുമായിരുന്നു ശിക്ഷ. കേസില്‍ ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. അതില്‍ തീരുമാനമാകുന്നതുവരെ വിധി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. കൂത്തുപറമ്പ്, കണ്ണൂര്‍ ടൗണ്‍, മയ്യില്‍, പയ്യന്നൂര്‍ പൊലിസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഓരോ കേസും തളിപ്പറമ്പ് പൊലിസ് സ്റ്റേഷനില്‍ രണ്ട് കേസും നിലവിലുണ്ട്.
പി. ജയരാജന്റെ കൈവശമുള്ളത് 2000 രൂപയും ഭാര്യയുടെ പേരില്‍ 5000 രൂപയുമാണുള്ളത്. ജയരാജന്റെയും ഭാര്യയുടെയും പേരിലായി മൂന്ന് വാഹനങ്ങളുണ്ട്. ജയരാജന്റെ പേരില്‍ 8,22,022 രൂപയുടെ സ്വത്തുക്കളും ഭാര്യയുടെ പേരില്‍ 31,75,418 രൂപയുടെ സ്വത്തുമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."