പുതിയ റേഷന്‍ കാര്‍ഡ് 'ക്യൂ' ദുരിതം തീരാതെ അപേക്ഷകര്‍
മാനന്തവാടി: പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ സ്വീകരിക്കാന്‍ താലൂക്ക് സപ്ലൈ ഓഫിസുകളില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും ഓഫിസുകളിലെത്തുന്നവര്‍ക്ക് ദുരിതം തന്നെ കൂട്ട്. മണിക്കൂറുകളോളം കാത്തിരുന്നാണ് ജനങ്ങള്‍ അപേക്ഷ നല്‍കുന്നത്. കൂടാതെ അപേക്ഷകള്‍ക്കുള്ള കര്‍ശന നിബന്ധനകളും അപേക്ഷകര്‍ക്ക് വിനയാകുകയാണ്.
പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കണമെങ്കില്‍ വീടിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്് ഹാജരാക്കണം. ഇതിന് പുറമേ, മാസ വരുമാനം 25000 രൂപക്ക് മുകളിലാണെങ്കില്‍ അപേക്ഷകന്‍ സ്വന്തം സത്യവാഗ്മൂലവും 25000 രൂപക്ക് താഴെയാണെങ്കില്‍ വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രവും ഹാജരാക്കണം. എന്നാല്‍ വില്ലേജില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള കാലതാമസം അപേക്ഷകര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.
മറ്റ് റേഷന്‍ കാര്‍ഡുകളില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ ഇത് തെളിയിക്കാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയോ, സ്ഥലം എം.എല്‍.എയുടെയോ സാക്ഷ്യപത്രം ഹാജരാക്കണം.
വര്‍ഷങ്ങളായി അപേക്ഷകനെ അറിയാമെന്നും ഇയാള്‍ മറ്റൊരു കാര്‍ഡിലും ഉള്‍പ്പെട്ടിട്ടില്ലായെന്നമുള്ള സാക്ഷ്യപത്രമാണ് ത്രിതലപഞ്ചായത്ത് പ്രതിനിധികളില്‍ നിന്ന് ഹാജരേക്കണ്ടത്. ഇത് നേടിയെടുക്കാന്‍ സാധാരണക്കാര്‍ ബുദ്ധിമുട്ടുകയാണ്. കൂടാതെ 12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളുടെ പേര് ഉള്‍പ്പെടുത്താനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയോ, സ്ഥലം എം.എല്‍.എയുടെയോ സാക്ഷ്യപത്രം ഹാജരാക്കണമെന്ന നിബന്ധനയും അപേക്ഷകര്‍ക്ക് വിനയാകുകയാണ്. അപേക്ഷ സമര്‍പ്പിക്കണമെങ്കില്‍ വിവിധ ഓഫിസുകളില്‍ കയറിയിറങ്ങേണ്ട സ്ഥിതിയാണുള്ളത്. മുന്‍പ് വിതരണം ചെയ്ത റേഷന്‍ കാര്‍ഡുകളില്‍ തെറ്റായ പേരാണ് വന്നെതെങ്കില്‍ അത് തിരുത്താന്‍ വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷന്റെ തെറ്റെല്ലാതിരുന്നിട്ടും ഇത് തിരുത്താനും ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്.
നാല് വര്‍ഷമായി മുടങ്ങിക്കിടന്ന റേഷന്‍ കാര്‍ഡ് സംബന്ധിച്ച അപേക്ഷകള്‍ സ്വീകരിക്കുന്നത് ജൂണ്‍ 25 മുതലാണ് വീണ്ടും തുടങ്ങിയത്. പുതിയ ഉത്തരവ് പ്രകാരം പുതിയ റേഷന്‍ കാര്‍ഡിനും, കാര്‍ഡില്‍ പുതിയ അംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനും കാര്‍ഡ് മറ്റൊരു താലൂക്കിലേക്ക് മാറ്റുന്നതിനും കാര്‍ഡിലുള്‍പ്പെട്ട അംഗങ്ങളെ മറ്റൊരു താലൂക്കിലേക്ക് മാറ്റുന്നതിനും കാര്‍ഡില്‍ തിരുത്തല്‍ വരുത്തുന്നതിനും ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാനും ഇനി താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്കും സിറ്റി റേഷനിംഗ് ഓഫിസര്‍മാര്‍ക്കും അപേക്ഷ നല്‍കിയാന്‍ മതിയാവും. കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റല്‍, റേഷന്‍ കാര്‍ഡ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റല്‍, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കല്‍, നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കല്‍ തുടങ്ങിയ അപേക്ഷകളും ഈ ഓഫിസുകളില്‍ തന്നെ സമര്‍പ്പിച്ചാല്‍ മതിയാകും.
നാല് വര്‍ഷമായി ഇത്തരവം അപേക്ഷകള്‍ വകുപ്പുകളില്‍ സ്വീകരിക്കാത്തത് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് ആശ്വാസമാണെങ്കിലും താലൂക്ക് സപ്ലൈ ഓഫിസുകളിലെ തിരക്കും ചില നിബന്ധനകളും അപേക്ഷകരുടെ ദുരിതം ഇരട്ടിപ്പിക്കുകയാണ്. ഓഫിസുകളില്‍ ആവശ്യത്തിന് കൗണ്ടറുകള്‍ ആരംഭിച്ച് അപേക്ഷകര്‍ക്ക് സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."