പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി മുട്ടിലില്‍ വീണ്ടും രാഷ്ട്രീയ വടംവലിക്ക് വേദിയാവുന്നു
മുട്ടില്‍: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എം നജീം സ്ഥാനം രാജിവെച്ചതോടെ മുട്ടിലില്‍ വീണ്ടും രാഷ്ട്രീയ വടംവലിക്ക് വേദിയാവുന്നു. കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ കോട്ടയായിരുന്ന മുട്ടില്‍ അവര്‍ക്ക് നഷ്ടപ്പെട്ടത് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച വിമത കോണ്‍ഗ്രസുകാരനായ നജീമിന്റെ സി.പി.എം പരിണയത്തിലായിരുന്നു.
19 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഒന്‍പത് സീറ്റുകള്‍ നേടി ഇരുമുന്നണികളും തുല്ല്യത പാലിച്ചപ്പോള്‍ എല്‍.ഡി.എഫുമായി ധാരണയുണ്ടാക്കി നജീം രണ്ടര വര്‍ഷം മുട്ടില്‍ പഞ്ചായത്ത് ഭരിച്ചു. അതിന് ശേഷമാണ് കഴിഞ്ഞ ദിവസം ഇവര്‍ക്കൊപ്പം നില്‍ക്കാനാവില്ലെന്ന് കാണിച്ച് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. രാജിവച്ചതിന് തൊട്ടുപിറകെ കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പും നജീം സ്വീകരിച്ചതായായാണ് വിവരം.
ഇതിന് പിറകെ കോണ്‍ഗ്രസില്‍ നിന്നുള്ള ഒരാളെ അടുത്ത പ്രസിഡന്റാക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നേതൃത്വം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മുന്നണിയിലെ പ്രബല കക്ഷിയായ മുസ്‌ലിം ലീഗ് എന്ത് നിലപാടെടുക്കുമെന്നത് കാത്തിരുന്നു കാണേണ്ട അവസ്ഥയിലാണ് കോണ്‍ഗ്രസുകാര്‍. ഞായറാഴ്ച നടക്കുന്ന മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗത്തിലെടുക്കുന്ന തീരുമാനം എന്താവുമെന്ന് കാത്തിരിക്കുകയാണ് പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതൃത്വം.എന്നാല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്ന ആളെ മുസ്‌ലിംലീഗിലെ ഭൂരിഭാഗം വാര്‍ഡ് കമ്മിറ്റികളും തള്ളിക്കളയുമെന്നാണ് ഇവര്‍ തന്നെ നല്‍കുന്ന സൂചന. ഒന്‍പതില്‍ അഞ്ച് സീറ്റുകളുള്ള മുസ്‌ലിം ലീഗിന് തന്നെ പ്രസിഡന്റ് സ്ഥാനം ലഭിക്കണമെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന പല വാര്‍ഡ് കമ്മിറ്റികളുടെയും ആവശ്യം. നജീമിനെ അഞ്ചുവര്‍ഷവും പ്രസിഡന്റ് സ്ഥാനം നല്‍കാമെന്ന ധാരണയിലാണ് എല്‍.ഡി.എഫ് കൂടെക്കൂട്ടിയത്.
പാതിവഴി പിന്നിടവേ നജീം രാജിവെച്ചൊഴിഞ്ഞപ്പോള്‍ തങ്ങളുടെ ശക്തികേന്ദ്രത്തില്‍ ഭരണം വീണ്ടും യു.ഡി.എഫിന്റെ കൈകളിലെത്താനുള്ള വഴിയാണ് തെളിഞ്ഞത്. എന്നാല്‍ പ്രസിഡന്റ് സ്ഥാനം ആര്‍ക്കെന്നതിനെ ആശ്രയിച്ചിരിക്കും ഇതെന്ന് മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."