മോഷ്ടിച്ച കാറുമായി യുവാവിന്റെയും യുവതിയുടെയും പരാക്രമം
തലപ്പുഴ: മോഷ്ടിച്ച കാറുമായി യുവാവിന്റെയും യുവതിയുടേയും പരാക്രമം. രണ്ട് ബൈക്കുകള്‍ ഇടിച്ചുതെറിപ്പിക്കുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
വ്യാഴാഴ്ച രാവിലെ തലപ്പുഴയിലാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. ബൈക്കുകള്‍ ഇടിച്ച് തെറിപ്പിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ പൊലിസും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയെങ്കിലും കാറിലുണ്ടായിരുന്ന യുവാവും, യുവതിയും ഓടിരക്ഷപ്പെട്ടു. എന്നാല്‍ തലപ്പുഴ എസ്.ഐ സി.ആര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലിസ്് സംഘവും, നാട്ടുകാരും കൈകോര്‍ത്ത് സാഹസികമായി ഇരുവരെയും പിടികൂടി.
കളമശ്ശേരിയില്‍ നിന്നും മോഷ്ടിച്ച കാറാണിതെന്നും പ്രതികള്‍ മറ്റു മോഷണക്കേസില്‍ ഉള്‍പ്പെട്ടെവരാണെന്ന് സംശയിക്കുന്നതായും പൊലിസ് പറഞ്ഞു. പരുക്കേറ്റ ബൈക്ക് യാത്രികരായ കുഴിനിലം പുളിഞ്ചിക്കല്‍ അഭിജിത്ത്(29), വേങ്ങച്ചോട്ടില്‍ സാജു(45) ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
രാവിലെ 10ഓടെ കുഴിനിലം ടൗണില്‍ വച്ചാണ് ബൈക്ക് യാത്രികരായ രണ്ട് പേരെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിച്ചത്.
അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാര്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് തലപ്പുഴ 44ല്‍ വെച്ച് പിടികൂടിയെങ്കിലും കാറിലുണ്ടായിരുന്ന യുവാവും, യുവതിയും ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലിസ് വ്യാപക തെരച്ചില്‍ നടത്തുകയും പരിസരത്തെ വീടിന് സമീപത്ത് നിന്നും ഇരുവരെയും തന്ത്രപൂര്‍വ്വം പിടികൂടുകയുമായിരുന്നു.
പിന്നീട് പൊലിസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലില്‍ കാര്‍ കളമശ്ശേരി സ്വദേശിയായ ഒരു പ്രൊഫസറിന്റെതാണെന്നും അവിടുത്തെ മുന്‍ ജീവനക്കാരനായ യുവാവ് കാര്‍ രണ്ടാഴ്ച മുമ്പ് മോഷ്ടിച്ചതാണെന്നും ബോധ്യപ്പെട്ടു. 24കാരനായ യുവാവ് 27കാരിയായ ഇരിട്ടി സ്വദേശിനിയുമായി ഒരുമിച്ചാണ് മോഷണം നടത്തിയതെന്നാണ് സൂചന.
വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം ഒരു വര്‍ഷമായി ഈ യുവതി യുവാവിനോടൊപ്പമാണ് താമസിച്ചുവരുന്നതെന്നും സൂചനയുണ്ട്. കാര്‍ മോഷ്ടിച്ച ശേഷം ഇരുവരും വയനാട്ടിലെത്തുകയും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന വഴി അപകടത്തില്‍ പെടുകയുമായിരുന്നു.
മാനന്തവാടി പൊലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് അപകടം സംഭവിച്ചതെന്നതിനാല്‍ പ്രതികളെ മാനന്തവാടി പൊലിസിന് കൈമാറിയിട്ടുണ്ട്. തലപ്പുഴ എസ്.ഐ സി.ആര്‍ അനില്‍കുമാറിനെ കൂടാതെ എസ്.ഐ ഇ.ജെ ചാക്കോ, എസ്.സി.പി.ഒമാരായ സുരേഷ്, നൗഷാദ്, സി.പി.ഒമാരായ റോബിന്‍, റഹീം, സരിത്, ഹോംഗാര്‍ഡ് പൗലോസ്, ഡ്രൈവര്‍ രതീഷ് എന്നിവരും നാട്ടുകാരുമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."