അരുണാചല്‍: നബാംതുകി സര്‍ക്കാര്‍ ശനിയാഴ്ച ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ നബാംതുകി സര്‍ക്കാര്‍ അടുത്ത ശനിയാഴ്ച ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ ജെ.പി രാജ്‌ഖോവ.
സംസ്ഥാനത്തെ കലിഖോ പുളിന്റ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ നിയമവിരുദ്ധമാണെന്നും നബാംതുകിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ട നടപടി തെറ്റാണെന്നും സുപ്രിംകോടതി കഴിഞ്ഞ ദിവസം വിധിച്ചതിനു തൊട്ടുപിന്നാലെയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ നബാംതുകി സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്.
സംസ്ഥാനത്ത് രാഷ്ട്രപതിഭരണം പ്രഖ്യാപിക്കുന്നതിലേയ്ക്ക് നയിച്ച ഗവര്‍ണര്‍ ജ്യോതിപ്രസാദ് രാജ്‌ഖോവയുടെ ഉത്തരവുകളും അതിനുശേഷം പുതിയ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങളുമെല്ലാം ജസ്റ്റിസ് ജെ.എസ് ഖേഹര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അസാധുവാക്കിയിരുന്നു.
നബാംതുകി സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന വിധി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15ന് സംസ്ഥാനത്തുണ്ടായിരുന്ന രാഷ്ട്രീയസാഹചര്യം നിലനിര്‍ത്താനാണ് കോടതി ഉത്തരവിട്ടത്.
കോണ്‍ഗ്രസിലെ 21 വിമത എം.എല്‍.എമാര്‍ 11 ബി.ജെ.പി അംഗങ്ങള്‍ക്കും രണ്ട് സ്വതന്ത്രന്മാര്‍ക്കും ഒപ്പം ചേര്‍ന്നതോടെ ഡിസംബറിലാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.
രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കവെ അതിലെ ഗവര്‍ണറുടെ ഇടപെടലും വ്യാപകമായ വിമര്‍ശനത്തിന് വഴിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."