യോഗിയുടെ ഗൊരഖ്പൂര്‍ പിടിച്ച നിഷാദ് പാര്‍ട്ടി എന്‍.ഡി.എ സഖ്യത്തിലേക്ക്
ന്യൂഡല്‍ഹി: ബി.ജെ.പിയെ ഞെട്ടിച്ച് ഗൊരഖ്പൂര്‍ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിന്റെ സീറ്റ് പിടിച്ചെടുത്ത നിഷാദ് (നിര്‍ഭല്‍ ഇന്ത്യന്‍ ശോഷിത് ഹമാരാ ആം ദള്‍) പാര്‍ട്ടി എസ്.പി-ബി.എസ്.പി സഖ്യം വിടുന്നു.
ലഖ്‌നൗവില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് നിഷാദ് പാര്‍ട്ടി മേധാവി സഞ്ജയ് നിഷാദ് സഖ്യം വിടുന്ന കാര്യം അറിയിച്ചത്.
സഞ്ജയ് നിഷാദിന്റെ മകന്‍ പ്രവീണാണ് ഗൊരഖ്പൂരില്‍നിന്ന് മത്സരിച്ച് വിജയിച്ചത്. ഇന്നലെ സഞ്ജയ് നിഷാദിനൊപ്പം ഇദ്ദേഹവും യു.പി മന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ്ങും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഇതോടെ നിഷാദ് പാര്‍ട്ടി എന്‍.ഡി.എയുടെ ഭാഗമാകാനുള്ള സാധ്യതയും വര്‍ധിച്ചു. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.ഏതൊക്കെ സീറ്റുകളില്‍ നിഷാദ് പാര്‍ട്ടി മത്സരിക്കണമെന്ന് പ്രഖ്യാപിക്കുമെന്ന് അഖിലേഷ് യാദവ് അറിയിച്ചിരുന്നെങ്കിലും പോസ്റ്ററിലോ എഴുത്തുകളിലോ ഒന്നിലും നിഷാദ് പാര്‍ട്ടിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല.
ഇതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതാണ് ഇത്തരമൊരു തീരുമാനത്തിലേക്കു നയിച്ചത്. 'ഇനി തെരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി മത്സരിക്കാം, മറ്റു വഴികളും തെരഞ്ഞെടുക്കാം' - സഞ്ജയ് നിഷാദ് കൂട്ടിച്ചേര്‍ത്തു.
മഹാരാജ്ഗഞ്ച് സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സഖ്യം തകരുന്നതിലേക്ക് എത്തിച്ചതെന്ന് നിഷാദ് പാര്‍ട്ടിയുടെ മാധ്യമവിഭാഗം മേധാവി നിക്കി നിഷാദ് പറഞ്ഞു.
മണ്ഡലത്തില്‍നിന്ന് സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണമെന്ന ആവശ്യം എസ്.പി അംഗീകരിച്ചിരുന്നില്ല. എസ്.പിയുടെ ചിഹ്നത്തില്‍ മത്സരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിസമ്മതിച്ചെന്നും പലരും പാര്‍ട്ടി വിടാന്‍ തുടങ്ങിയെന്നും നിക്കി വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് എസ്.പി-ബി.എസ്.പി സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുമെന്നു നിഷാദ് പാര്‍ട്ടി അറിയിച്ചത്.
എന്നാല്‍ പിന്നാലെ സഖ്യം വിടുകയാണെന്ന അറിയിപ്പുമെത്തി. സഖ്യത്തില്‍ ചേരുമെന്ന് അറിയിച്ച അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വാര്‍ത്താസമ്മേളനത്തില്‍ സഞ്ജയ് നിഷാദ് വിമര്‍ശിച്ചിരുന്നു.
'ഇരുവരും നിഷാദ് സമൂഹത്തിനു വലിയ വാഗ്ദാനങ്ങള്‍ നല്‍കി, എന്നാല്‍ ഒന്നും നടപ്പാക്കിയില്ല. നമ്മുടെ ഭരണഘടനയും യുവാക്കളും കര്‍ഷകരുമെല്ലാം അപകടത്തിലാണ്.
വ്യാജ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചാണ് ആ പാര്‍ട്ടിക്ക് എല്ലാവരും വോട്ട് ചെയ്തതെന്നും വാര്‍ത്താസമ്മേളനത്തില്‍ സഞ്ജയ് നിഷാദ് ആരോപിച്ചിരുന്നു. പിന്നീടാണ് അദ്ദേഹം എസ്.പി-ബി.എസ്.പി സഖ്യം വിടുന്ന കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."