കൊടുംചൂടില്‍ ഖസാക്കിലെ പള്ളിക്കുളവും, അറബിക്കുളവും വറ്റി
പാലക്കാട്: പാലക്കാടന്‍ കാറ്റ് ചൂളം കുത്തുന്ന കരിമ്പനകള്‍ നിറഞ്ഞ ഖസാക്ക്, പരിഷ്‌കാരം തീരെ ബാധിക്കാത്ത റാവുത്തന്മാരുടെയും, തീയന്മാരുടെയും ഗ്രാമമാണ്. ചെതലിമലയുടെ മിനാരങ്ങളില്‍ കണ്ണുംനട്ട് കിടക്കുന്ന, ഷേയ്ക്കിന്റെ കല്ലറയിലും, രാജാവിന്റെ പള്ളിയിലും, അറബിക്കുളത്തിലും, പോതി കുടിപാര്‍ക്കുന്ന പുളിങ്കൊമ്പത്തുമൊക്കെ ചരിത്രങ്ങളും മിത്തുകളുമൊളിപ്പിച്ച, പ്രാചീനമായ ആ ഗ്രാമത്തിലേയ്ക്ക് ഏകാധ്യാപകവിദ്യാലയം സ്ഥാപിക്കുവാനെത്തുന്ന രവിയില്‍ നിന്ന് കഥയാരംഭിക്കുന്നു.കുറേ മനുഷ്യരുടെ ജീവിതങ്ങളിലൂടെ, ഒരു ഗ്രാമത്തിന്റെ കഥ ചുരുളഴിയുകയാണ് ഈ നോവലില്‍. അതിനൊപ്പം രവിയുടെ നിഗൂഢമായ ജീവിത വഴിത്താരകളും ചിന്താസരിണികളും വെളിവാകുന്നു. പാലക്കാടന്‍ ചുരത്തിന്റെ അടിവാരത്തുളള തസ്രാക്ക് എന്ന ഗ്രാമമാണ് നോവലിന്റെ ഭൂമിക. മലയാള ഭാഷക്ക് പുതിയ മാനങ്ങള്‍ നല്‍കിയ ഒ.വി. വിജയന്റെ മാസ്റ്റര്‍പീസ് ഖസാക്കിന്റെ ഇതിഹാസമാണ്.
ഈ നോവലില്‍ ചിത്രീകരിച്ചിട്ടുള്ള എന്നും വറ്റാത്ത പള്ളിക്കുളവും, അറബിക്കുളവും ഇത്തവണ മുഴുവനായും വറ്റി വരണ്ടു. തസ്രാക്കിലെ നിസ്‌കാരപള്ളിയുടെ താഴത്താണ് പള്ളിക്കുളം സ്ഥിതിചെയ്യുന്നത ്. ഒരു കിലോമീറ്റര്‍ അകലെയാണ് അറബികുളം. ഈ രണ്ടു കുളങ്ങളും നോവലില്‍ പലയിടങ്ങളിലായി പരാമര്‍ശിക്കുന്നുണ്ട്. ഓ.വി. വിജയന്‍ താമസിച്ച് നോവലിന് ബീജവാപം നല്‍കിയ ഞാറ്റുപുരയുടെ അടുത്തായിട്ടാണ് പള്ളിക്കുളം. ഈ കുളത്തിലാണ് കുഞ്ഞാമിനയും, ഖസാക്കിലെ ചിലകഥാപാത്രങ്ങളും നീരാടാനെത്തുന്നതെന്നു വിജയന്‍ നോവലില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഒരു കിലോമീറ്റര്‍ അകലെയുള്ള ശ്മശാനത്തിനു അടുത്ത് സ്ഥിതി ചെയ്യുന്നതാണ് നോവലിലെ അറബിക്കുളമെന്നും തസ്രാക്കുകാര്‍ പറയുന്നു അര്‍ധ രാത്രിയുടെ യാമങ്ങളില്‍ ഖബറുകള്‍ നീരാടാന്‍ എത്തുന്നതായി ചിത്രികരിച്ചതും അറബികുളത്തെയാണ്.
ഈ രണ്ടു കുളങ്ങളാണ് ഇപ്പോള്‍ വരണ്ടുണങ്ങി കിടക്കുന്നത്. ആദ്യമായാണ് കുളങ്ങള്‍ ഉണങ്ങി വരണ്ടു കിടക്കുന്നതെന്ന് തസ്രാക്കിലെ ഒ.വി വിജയന്‍ സ്മാരക കേന്ദ്രത്തിലെ കാവല്‍ക്കരനും, തസ്രാക്ക് സ്വദേശിയുമായ മജീദ് റാവുത്തര്‍ സുപ്രഭാതത്തോട് പറഞ്ഞു. എനിക്ക് 63വയസായി. ഓര്‍മവച്ച നാള്‍ മുതല്‍ പള്ളികുളവും, അറബികുളം എന്നറിയപ്പെടുന്ന താമരക്കുളവും വറ്റി കണ്ടിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
കുളങ്ങളില്‍നിന്ന് കൃഷിക്കാവശ്യമായ വെള്ളം എടുത്തിരിന്നു. ഇത്തവണ കനത്ത വേനലായതിനാല്‍ കുളങ്ങള്‍ നേരത്തെ തന്നെ വറ്റി.മുന്‍പുണ്ടായ കടുത്ത വേനലിലും കുളങ്ങള്‍ വറ്റികണ്ടിട്ടില്ല. ഇതാദ്യമായാണ് വെള്ളം മുഴുവന്‍ വറ്റി കുളങ്ങള്‍ വരണ്ടത്. ഇപ്പോള്‍ ഒ.വി.വിജയന്‍ സ്മാരക സമിതി പള്ളിക്കുളം ഏറ്റെടുത്ത് സംരക്ഷിച്ചു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."