പരാമര്‍ശത്തില്‍ ഉറച്ച് മുല്ലപ്പള്ളി, നിപാ കാലത്ത് ആരോഗ്യമന്ത്രി ഗസ്റ്റ് ആര്‍ടിസ്റ്റ് മാത്രം: ഒരുഭാഗം അടര്‍ത്തി വാര്‍ത്ത നല്കി: വിശദീകരണവുമായി കെ.പി.സി.സി പ്രസിഡന്റ്
കോഴിക്കോട്: ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്. തന്റെ വാക്കുകളെ വളച്ചൊടിച്ചുവെന്നും പ്രസംഗത്തിലെ ഒരുഭാഗം മാത്രം അടര്‍ത്തിയാണ് മാധ്യമങ്ങള്‍ നല്‍കിയതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. രാജകുമാരിയെന്നും റാണിയെന്നും മന്ത്രിയെ വിളിച്ചതില്‍ എന്താണ് തെറ്റെന്നു ചോദിച്ച മുല്ലപ്പള്ളി നിപ കാലത്ത് ആരോഗ്യമന്ത്രി ശ്ലാഘനീയമായ പ്രവര്‍ത്തനമല്ല കാഴ്ചവെച്ചത്. അവര്‍ ഗസ്റ്റ് ആര്‍ടിസ്റ്റ് മാത്രമായിരുന്നുവെന്നാണ് ചൂണ്ടിക്കാട്ടിയത്. അന്ന് നിപ സംബന്ധിച്ചുള്ള പ്രവര്‍ത്തികളൊക്കെ പി.ആര്മാരായിരുന്നു നിര്‍വഹിച്ചിരുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു. എന്നിട്ടും എല്ലാ അവകാശവാദവുമായി മന്ത്രി രംഗത്തെത്തിയതിനെയാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവനയില്‍ ആരും അതൃപ്തി അറിയിച്ചിട്ടില്ല. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്തുണയുണ്ടെന്നും മുല്ലപ്പള്ളി അറിയിച്ചു.
അതേ സമയത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവിന്റെ ഫേസ് ബുക്ക് പോസ്റ്റിനെതിരേയും പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സ്വാഭാവികമായി പ്രതികരണം നടത്തിയ സജീഷ് ജോലിചെയ്യുന്ന ആശുപത്രിയിലേക്കാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. കൊവിഡ് രാജകുമാരിയാകാന്‍ ഷൈലജ ടീച്ചര്‍ ശ്രമിക്കുന്നുവെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇപ്പോഴെത്ത പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍മ്മയില്‍ നിന്നും മായാത്ത ദിനങ്ങളിലെ അനുഭവങ്ങള്‍ ഓര്‍ത്താണ് സജീഷ് കുറിപ്പിട്ടത്.
നിപയുടെ കാലത്ത് ലിനിയുമായി ബന്ധപ്പെട്ട ഓര്‍മ്മയില്‍ നിന്നും ചിലത് ചികഞ്ഞെടുത്തപ്പോള്‍ പക്ഷെ, ഇപ്പോള്‍ വിവാദങ്ങള്‍ക്ക് കാരണമായ ചിലരുടെ മുഖങ്ങള്‍ അതിന്റെ പരിസരത്ത് പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ കരുതലുമായി ഒപ്പമുണ്ടായിരുന്ന, ഏറ്റവും തണലായി അനുഭവപ്പെട്ടിരുന്ന ചിലരുടെ പേര് വിപരീതമായി പരാമര്‍ശിക്കപ്പെട്ടപ്പോള്‍ വളരെ പ്രയാസം തോന്നുകയും ചെയ്തു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഭരണ പ്രതിപക്ഷ ഭേദങ്ങള്‍ മറന്ന് ആശ്വസിപ്പിക്കാന്‍ എത്തിവരുടെ കൂട്ടത്തില്‍ ഒന്നും ഞാന്‍ ജീവിക്കുന്ന, അന്ന് വടകര പാര്‍ലിമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശ്രീ: മുല്ലപ്പളളി രാമചന്ദ്രന് സര് ഉണ്ടായിരുന്നില്ല. ഒരു ഗസ്റ്റ് റോളില്‍ പോലും! നേരിട്ടോ ടെലിഫോണ്‍ വഴിയോ ഒരു ആശ്വാസവാക്ക് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു എം.പി എന്ന നിലയില്‍ ഉണ്ടായിട്ടില്ല എന്നായിരുന്നു സജീഷിന്റെ കുറിപ്പിലെ കുറ്റപ്പെടുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."