കോഴിക്കോട് കലക്ടര്‍ക്കെതിരേ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
കൊച്ചി: കോഴിക്കോട് കലക്ടര്‍ എന്‍.പ്രശാന്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കാപ്പ കേസില്‍ കോടതി ഉത്തരവ് പാലിക്കാത്തതിനാണ് വിമര്‍ശനം.
ബംഗ്ലാദേശില്‍ നിന്നും പെണ്‍കുട്ടികളെ കടത്തിയ കേസില്‍ സുഹൈല്‍ തങ്ങള്‍ എന്ന പ്രതിക്കെതിരേ കലക്ടര്‍ കാപ്പ ചുമത്തിയില്ലെന്നതാണ് ഹൈക്കോടതിയുടെ വിമര്‍ശനത്തിന് കാരണം. പ്രതിക്കെതിരേ കാപ്പ ചുമത്തണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. കോടതി ഉത്തരവ് പ്രകാരം കാപ്പ ചുമത്താമെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍, കാപ്പ ചുമത്തേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു പൊലിസ് നിലപാട്. പൊലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്നും അതിനാല്‍ കാപ്പ ചുമത്തേണ്ട ആവശ്യമില്ലെന്നുമായിരുന്നു കലക്ടറുടെ അഭിപ്രായം.
പ്രതിക്കെതിരേ കാപ്പ ചുമത്തേണ്ടെന്ന് തീരുമാനമെടുത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. അത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചതിന്റെ കാരണമെന്താണെന്ന് വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കലക്ടറില്‍നിന്ന് വിശദീകരണം തേടാന്‍ സ്റ്റേറ്റ് അറ്റോര്‍ണിയെ ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."