കനലോര്‍മയായി ശരത്ത്‌ലാലും കൃപേഷും
ഉദുമ/ പെരിയ: വിട്ടൊഴിയാത്ത കനലോര്‍മയായി കൃപേഷും ശരത്ത്‌ലാലും. ഇരുവരും കൊല്ലപ്പെട്ടിട്ട് 41 ദിനം തികയുന്ന ഇന്നലെ തൃക്കണ്ണാട് കടലില്‍ ബന്ധുക്കളുടെ നേതൃത്വത്തില്‍ ഇരുവരുടെയും ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ ബലിതര്‍പ്പണം നടന്നു. ഇതിനു ശേഷം പെരിയയില്‍ മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അമ്മമാരുടെ പ്രാര്‍ഥനാസംഗമവും നടന്നു. രണ്ടിടങ്ങളിലും കൃപേഷിന്റെയും ശരത്തിന്റെയും ബന്ധുക്കളും നാട്ടുകാരും കോണ്‍ഗ്രസ് നേതാക്കളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. കൊല്ലപ്പെട്ട രണ്ടുപേരുടെയും പ്രായത്തില്‍ കുറഞ്ഞവരാണ് ബലിതര്‍പ്പണം ചെയ്തത്. ബലിതര്‍പ്പണത്തില്‍ വന്ന ബന്ധുക്കളായ കുട്ടികള്‍ ചടങ്ങിനിടെ വിതുമ്പുന്നുണ്ടായിരുന്നു.
ശരത്തിന്റെ അച്ഛന്‍ പി.കെ സത്യനാരായണന്‍, അമ്മ ലത, കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍, അമ്മ ബാലാമണി എന്നിവരോടൊപ്പം ഇവരുടെ സഹോദരിമാരും അടുത്ത ബന്ധുക്കളും ബലിതര്‍പ്പണത്തിന് എത്തിയിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ഹക്കീം കുന്നില്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്, വി.ആര്‍ വിദ്യാസാഗര്‍, ബാലകൃഷ്ണന്‍ പെരിയ, സാജിദ് മൗവ്വല്‍, നോയല്‍ ജോസഫ്, ബി.പി പ്രദീപ് കുമാര്‍, ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ബാലന്‍, ശംഭു ബേക്കല്‍ തുടങ്ങിയവരും ചടങ്ങിന് എത്തിച്ചേര്‍ന്നു. ജനാധിപത്യത്തിന്റെ കോടതിയിലും ദൈവത്തിന്റെ കോടതിയിലും കൊലപാതകം ചെയ്തവര്‍ക്കും ചെയ്യിച്ചവര്‍ക്കും മറുപടി നല്‍കേണ്ടി വരുമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് പറഞ്ഞു.
കൃപേഷ്-ശരത്ത് ലാല്‍ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മഹിളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച അമ്മമാരുടെ പ്രാര്‍ഥനാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ലതികാ സുഭാഷ്. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശാന്തമ്മാ ഫിലിപ്പ് അധ്യക്ഷനായി.
ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ഗീതാകൃഷ്ണന്‍, ധന്യാ സുരേഷ്, വിനോദ് കുമാര്‍ പള്ളയില്‍വീട്, മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി മീനാക്ഷി ബാലകൃഷ്ണന്‍, ഡോളി ജോര്‍ജ്, ശാന്തകുമാരി, ഒ.കെ നാരായണി, സിന്ധു പത്മനാഭന്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന്‍ പെരിയ, ബ്ലോക്ക് സെക്രട്ടറി സുകുമാരന്‍ പൂച്ചക്കാട്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടി. രാമകൃഷ്ണന്‍, അഡ്വ. ബാബുരാജ്, സി.കെ അരവിന്ദന്‍, ബി.പി പ്രദീപ് കുമാര്‍ സംസാരിച്ചു. കൃപേഷിന്റെ അച്ഛന്‍ കൃഷ്ണനും ശരത്ത് ലാലിന്റെ അച്ഛന്‍ പി.കെ സത്യനാരായണനും കൃപേഷിന്റെയും ശരത്തിന്റെയും സഹോദരിമാരും ചടങ്ങിനെത്തിയിരുന്നു.
പ്രാര്‍ഥനാ സംഗമത്തില്‍ ലീല കായക്കുളം രാമായണത്തിന്റെ വരികളും മുഹയിദ്ദീന്‍ കുണിയ വിശുദ്ധ ഖുറാന്റെ വരികളും ബിന്ദു ബേബി ബൈബിളിന്റെ വരികളും വായിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."