ജി.സി.സി രാഷ്ട്രങ്ങളിലുള്ളവര്‍ക്ക് യു.എ.ഇ സന്ദര്‍ശിക്കാന്‍ ഇ-വിസ നിര്‍ബന്ധമാക്കി
മനാമ: യു.എ.ഇ സന്ദര്‍ശിക്കുന്ന ജി.സി.സി രാഷ്ട്രങ്ങളിലെ സന്ദര്‍ശകര്‍ക്ക് വിസ ലഭ്യമാക്കുന്ന കാര്യത്തില്‍ വെള്ളിയാഴ്ച മുതല്‍ കാതലായ മാറ്റം വരുന്നു. ഇതിന്റെ ഭാഗമായി നിലവിലുള്ള ഓണ്‍ അറൈവല്‍ വിസ സൗകര്യം വെള്ളിയാഴ്ച മുതല്‍ നിര്‍ത്തലാക്കും. പകരം യു.എ.ഇ സന്ദര്‍ശിക്കാന്‍ വിദേശികളടക്കമുള്ള മുഴുവന്‍ ജി.സി.സി സന്ദര്‍ശകര്‍ക്കും ഇ-വിസ നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്.
നേരത്തെ ഓണ്‍ അറൈവല്‍ വിസ സൗകര്യം ഉപയോഗപ്പെടുത്തി ജി.സി.സി രാഷ്ട്രങ്ങളിലുള്ളവര്‍ക്ക് എപ്പോഴും രാജ്യം സന്ദര്‍ശിക്കാന്‍ അനുമതിയുണ്ടായിരുന്നു. ചില പ്രത്യേക തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് മാത്രം ഏതു സമയത്തും അതിര്‍ത്തി കടക്കാമായിരുന്നു. കൂടാതെ എയര്‍പോര്‍ട്ട് വഴിയുള്ള ജി.സി.സിയിലെ യാത്രക്കാര്‍ക്ക് യു.എ.ഇ എയര്‍പോര്‍ട്ടിലെത്തുന്നതോടെ ഓണ്‍അറൈവല്‍ വിസ പാസ്‌പോര്‍ട്ടില്‍ സ്റ്റാംപ് ചെയ്ത് നല്‍കയും ചെയ്തിരുന്നു. ഈ സംവിധാനമാണ് വെള്ളിയാഴ്ച മുതല്‍ നിര്‍ത്തലാക്കിയിരിക്കുന്നത്.
ഇതു സംബംന്ധിച്ചുള്ള അറിയിപ്പുകള്‍ രാജ്യത്തേക്ക് പ്രവേശിക്കുന്ന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുമുണ്ട്.
അതേസമയം, ജി.സി.സി രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടാത്ത 46 രാജ്യങ്ങളിലുള്ളവര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം തുടര്‍ന്നും ലഭ്യമാകും. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍, ദക്ഷിണ കൊറിയ, മലേഷ്യ, ജപ്പാന്‍, ബ്രൂണെ തുടങ്ങിയ ഏഷ്യന്‍ രാഷ്ട്രങ്ങളെല്ലാം വിസ ഓണ്‍ അറൈവല്‍ സംവിധാനം തുടര്‍ന്നും ലഭ്യമാവുന്ന രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്.
ജി.സി.സി രാഷ്ട്രങ്ങളില്‍ നിന്നും യു.എ.ഇ സന്ദര്‍ശിക്കുന്നവരുടെ ക്രമാധീതമായ വര്‍ധനവും എയര്‍പോര്‍ട്ടിലും ചെക്ക് പോസ്റ്റുകളിലുമുണ്ടാകുന്ന വന്‍ തിരക്കുകളും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമായും ഇ-വിസ നിര്‍ബന്ധമാക്കുന്നത്. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച മുതല്‍ ഇ-വിസ നിര്‍ബന്ധമാക്കുന്നതിനുള്ള നടപടികള്‍ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കി വരികയായിരുന്നു.
ഇ-വിസക്ക് അപേക്ഷിക്കുന്ന ജി.സി.സി രാജ്യങ്ങളിലുള്ളവര്‍ക്ക് അതാതു രാഷ്ട്രങ്ങളിലെ വിസക്ക് 3 മാസത്തെ കാലാവധിയും പാസ്‌പോര്‍ട്ടിന് 6 മാസത്തെ കാലാവധിയുമുണ്ടായിരിക്കേണ്ടതുണ്ട്. കൂടാതെ ഇ-വിസക്ക് അപേക്ഷിക്കുമ്പോള്‍ ആക്ടീവായ ഒരു ഇ-മെയില്‍ വിലാസം നല്‍കാന്‍ അപേക്ഷകര്‍ ശ്രദ്ധിക്കണമെന്ന് ഒരു പ്രമുഖ ട്രാവല്‍സ് ഉടമ സുപ്രഭാതത്തോട് പറഞ്ഞു. അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം അത് അംഗീകരിച്ച വിവരം ലഭ്യമാകുന്നത് നേരത്തെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പ്രസ്തുത ഇ-മെയില്‍ വിലാസത്തിലൂടെയായിരിക്കും. ഇപ്രകാരം ലഭിക്കുന്ന ഇ-വിസക്ക് 30 ദിവസത്തെ കാലാവധിയാണുണ്ടാകുക. ഇതിനകം യു.എ.ഇയില്‍ പ്രവേശിച്ചാല്‍ തുടര്‍ന്ന് വിസാ കാലാവധി ദീര്‍ഘിപ്പിക്കാനും അവസരമുണ്ട്.
അതേ സമയം വിസ ലഭിച്ച് 30 ദിവസം പിന്നിടുകയോ വിസയില്‍ രേഖപ്പെടുത്തിയ തസ്തികയില്‍ മാറ്റം വരുകയോ ചെയ്താല്‍ പ്രസ്തുത വിസയില്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല. പകരം പുതിയ അപേക്ഷ നല്‍കി ഇ-വിസ ലഭ്യമാവാന്‍ കാത്തിരിക്കേണ്ടിയും വരും.
ഇ-വിസ സംബന്ധമായ കൂടുതല്‍ വിവരങ്ങളും അപേക്ഷിക്കേണ്ട രീതിയും http://government.ae/en/web/guest/applyvisa എന്ന ഔദ്യോഗിക വെബ് സൈറ്റില്‍ വൈകാതെ ലഭ്യമാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."