കാമറകള്‍ പ്രവര്‍ത്തന രഹിതം; വാഹനങ്ങള്‍ കുതിച്ചുപായുന്നു
എടപ്പാള്‍: സംസ്ഥാനപാതയോരങ്ങളിലെ മിക്ക കാമറകളും പ്രവര്‍ത്തന രഹിതമായതോടെ വാഹനങ്ങള്‍ കുതിച്ചുപായുന്നു.
കാമറകള്‍ പ്രവര്‍ത്തന രഹിതമായതോടെ നിയമലംഘനം നടത്തിയ വാഹനങ്ങള്‍ക്ക് നോട്ടിസ് അയയ്ക്കാന്‍പോലും കഴിയാതെ അധികൃതര്‍ കുഴങ്ങുകയാണ്. റോഡിലെ നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിനായാണ് പൊലിസ് സംസ്ഥാന പാതയോരങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചത്. തുടക്കത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ച ഈ സംവിധാനം ഏറെ ഉപകാരപ്രദമായിരുന്നു.
ഒട്ടേറെ കുറ്റവാളികളെയും അപകടങ്ങള്‍ വരുത്തി നിര്‍ത്താതെ പോകുന്ന വാഹനങ്ങളും പിടികൂടാന്‍ കഴിഞ്ഞു. ലക്ഷക്കണക്കിന് രൂപ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തു. എന്നാല്‍, നിലവില്‍ ഇവയില്‍ പലതും പ്രവര്ത്തിക്കാതായിരിക്കുകയാണ്. നേരത്തേ അമിതവേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് ചിത്രം സഹിതം പിഴ അടയ്ക്കാനുള്ള നോട്ടിസ് അയച്ചിരുന്നു.
സംസ്ഥാനത്തെ എല്ലാ കാമറകളും തിരുവനന്തപുരത്തുള്ള കേന്ദ്ര ഓഫിസുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അതിനാല്‍തന്നെ നിയമലംഘന കേസുകള്‍ കുമിഞ്ഞുകൂടിയ അവസ്ഥയിലാണ്. ഇപ്പോള്‍ ഇവിടെനിന്നു നോട്ടിസ്പോലും അയയ്ക്കുന്നില്ലെന്നാണു സൂചന. ഏതാനും മാസം മുന്‍പ് കടവല്ലൂര്‍ പാടത്ത് സ്ഥാപിച്ച കാമറ തകരാറായതോടെ അമിതവേഗമില്ലെങ്കിലും പിഴയടയ്ക്കണമെന്ന് നോട്ടിസ് ലഭിച്ച അവസ്ഥയുമുണ്ടായി.
നിലവില്‍ കാമറകളില്‍ പലതും പ്രവര്‍ത്തിക്കുന്നില്ലെന്നു മനസ്സിലാക്കി സ്വകാര്യ ബസുകളടക്കം വാഹനങ്ങള്‍ അമിതവേഗത്തിലാണ് സഞ്ചരിക്കുന്നത്. ഇത് അപകടങ്ങള്‍ക്കിടയാക്കുകയും ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."