എ ഗ്രൂപ്പ് വിട്ടവര്‍ സാംസ്‌കാരിക സംഘടനയുടെ പേരില്‍ യോഗം ചേര്‍ന്നു കൊച്ചിയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പിന് പുതിയ മാനം
മട്ടാഞ്ചേരി:കൊച്ചിയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന് പുതിയ മാനം കൈവരുന്നു.സാംസ്‌കാരിക സംഘടനയുടെ പേരില്‍ എ ഗ്രൂപ്പ് വിട്ടവര്‍ വിളിച്ച് ചേര്‍ത്ത കണ്‍വെന്‍ഷന്‍ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.കൊച്ചി സൗഹൃദ വേദിയെന്ന സംഘടനയുടെ പേരിലാണ് എ ഗ്രൂപ്പ് വിട്ടവര്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ത്തത്.മുന്‍ ബ്ലോക്ക് പ്രസിഡണ്ടും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്ന പി.കെ.അബ്ദുല്‍ ലത്തീഫിന്റെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത കണ്‍വെന്‍ഷനില്‍ സ്ത്രീകള്‍ ഉള്‍പ്പടെ മുന്നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തത് ഔദ്യോഗിക വിഭാഗത്തെ ഞെട്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നങ്ങളാണ് ഇപ്പോള്‍ പുതിയ തലത്തിലേക്ക് നീങ്ങുന്നത്.ഡൊമിനിക് പ്രസന്റേഷന്‍ മല്‍സരിക്കരുതെന്ന അന്നത്തെ കെ.പി.സി.സി.പ്രസിഡണ്ടിന്റെ നിലപാടിനോട് യോജിച്ചവര്‍ക്കെതിരെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരിച്ച പ്രതികാര നടപടികളെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്.എ ഗ്രൂപ്പിന്റെ ശക്തി കേന്ദ്രമായ കൊച്ചിയിലെ ഭൂരിഭാഗം പ്രവര്‍ത്തകരും ഇതോടെ ഗ്രൂപ്പ് വിടുകയായിരുന്നു.
തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷം എ ഗ്രൂപ്പ് വിട്ടവര്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക ലംഘനം ആരോപിച്ച് അഞ്ച് പേര്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.ഇതിന് പിന്നാലെ പന്ത്രണ്ടോളം പേര്‍ തങ്ങളുടെ സ്ഥാനങ്ങള്‍ രാജി വെക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് ഇവര്‍ ഗ്രൂപ്പില്ലാതെ പി.കെ.അബ്ദുല്‍ ലത്തീഫിന്റെ നേതൃത്വത്തില്‍ മുന്നോട്ട് പോകുവാന്‍ തീരുമാനിക്കുകയായിരുന്നു.
എ ഗ്രൂപ്പിന്റെ ശക്തി ക്ഷയിച്ചതോടെ കൊച്ചി നോര്‍ത്ത് ബ്ലോക്ക് പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ഐ ഗ്രൂപ്പ് ശക്തമാക്കിയ പശ്ചാത്തലത്തിലാണ് എ ഗ്രൂപ്പ് വിട്ടവര്‍ വിപുലമായ കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ത്തത്.ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ച് വിട്ട് പുതിയ കമ്മിറ്റി വരണമെന്നതാണ് ഇവരുടെ ആവശ്യം.കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തകരെ താഴേ തട്ടില്‍ പ്രവര്‍ത്തന സജ്ജമാക്കാനും ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തകരെ പങ്കാളികളാക്കുന്നതിനായുള്ള പദ്ധതിക്ക് രൂപം നല്‍കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു ഇതിന് പുറമേ എ ഗ്രൂപ്പ് ഒഴികെയുള്ളവരുമായി സഹകരിച്ച് പോകുവാനും തീരുമാനമായി.
കൊച്ചിയില്‍ മറ്റ് ഗ്രൂപ്പുകള്‍ ഒരുമിച്ച് നിന്നിട്ട് പോലും പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പ് വരുത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത്രയും പ്രവര്‍ത്തകര്‍ എത്തിയതെന്നത് ഔദ്യോഗിക വിഭാഗത്തിന് തലവേദനയായി മാറിയിരിക്കുകയാണ്. ഫോര്‍ട്ട്‌കൊച്ചി സി.സി.ഇ.എ.ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ പി.കെ.അബ്ദുല്‍ ലത്തീഫ് ഉല്‍ഘാടനം ചെയ്തു.എം.സത്യന്‍ അധ്യക്ഷത വഹിച്ചു.സി.ജി.രമേശന്‍,സി.ജി വേണുഗോപാല്‍,കെ.ബി അഷറഫ്,രാജു മാളിയേക്കല്‍,കലാമണ്ഡലം വിജയന്‍,ജോയി മാസ്റ്റര്‍,കെ.ബി.സലാം തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."