വിദ്യാര്‍ഥികള്‍ക്ക് ലഹരി വില്‍പന മമ്പാട്ടുമൂലയില്‍ രണ്ടു പേരെ പൊലിസ് പിടികൂടി
കാളികാവ്: മലയോര മേഖലയില്‍ ലഹരിവില്‍പന സജീവം. വിദ്യാര്‍ഥികള്‍ക്ക് നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് വില്‍പന നടത്തിയ രണ്ടു പേരെ പൊലിസ് പിടികൂടി. പാറല്‍ മമ്പാട്ടുമൂലയിലെ പഴമ്പിലാക്കോട് രാജന്‍(50), മമ്പാട്ടുമൂല വെണ്ണൂറാംപൊയിലിലെ മേനാത്തി ശമീര്‍ എന്നിവരെയാണ് കാളികാവ് പൊലിസ് പിടികൂടിയത്. മലയോര മേഖലയില്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് ലഹരി ഉത്പന്നങ്ങളുടെ വില്‍പന സജീവമാണ്. മൂന്ന് രൂപയുടെ പാക്കറ്റ് മുപ്പത് രൂപക്ക് വരെയാണ് വില്‍ക്കുന്നത്.
മലയോര മേഖലയില്‍ വിവിധയിനം ലഹരി വസ്തുക്കള്‍ക്ക് വ്യത്യസ്ത ഏജന്റുമാരും വിദ്യാലയങ്ങളില്‍ എത്തിക്കാന്‍ ഇടനിലക്കാരുമുണ്ടെന്നാണ് സൂചന. അന്യ സംസ്ഥാനങ്ങളില്‍നിന്ന് വണ്ടൂര്‍, തുവ്വൂര്‍, കാളികാവ് എന്നിവിടങ്ങളിലെ മൊത്ത വിതരണക്കാരാണ് മലയോര മേഖലയിലെ കടകളില്‍ ലഹരി ഉല്‍പന്നങ്ങള്‍ എത്തിക്കുന്നത്.
ഇടനിലക്കാര്‍ ചിലയിടങ്ങളില്‍ വിദ്യാര്‍ഥികള്‍ തന്നെയാണ്. വളരെ പെട്ടന്ന് സാമ്പത്തികലാഭമുണ്ടാക്കാമെന്നതിനാലാണ് വിദ്യാര്‍ഥികള്‍ ഇതില്‍ കണ്ണികളാകുന്നത്. കുട്ടികളെ ഉപയോഗിച്ച് തന്ത്രപരമായിട്ടാണ് കച്ചവടക്കാരെ പൊലിസ് വലയിലാക്കിയത്.
കൈമാറ്റം നടത്തുന്നതിനിടയില്‍ പൊലിസ് കൈയോടെ പിടികൂടി. രണ്ട് കടകളില്‍ നിന്നായി 37 പായ്ക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. കാളികാവ് എസ്.ഐ എം.സി പ്രമോദ്, യു. വിനോദ്, വി.എ പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഇരുവരേയും പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."