എസ്.എഫ്.ഐ നേതാക്കളുടെ വീടുകള്‍ക്കു നേരെ അക്രമം
കോവളം: പാതിരാത്രിയില്‍ ബൈക്കിലെത്തിയ സംഘം എസ്.എഫ്.ഐ നേതാക്കളുടെ വീടുകള്‍ ആക്രമിച്ചു.
ധനുവച്ചപുരം വി.ടി.എം.എന്‍.എസ്.എസ് കോളജിലെ എസ്.എഫ്.ഐ നേതാക്കളായ കല്ലിയൂര്‍ ആര്.സി ചര്‍ച്ചിനു സമീപം സച്ചിന്, വിഴിഞ്ഞം ചൊവ്വര അരുണ്‍ ഭവനില്‍ ആര്യ എന്നിവരുടെ വീടുകളിലാണ് ആക്രമണം നടന്നത്. ആര്യയുടെ വീടിന്റെ ജനാലകളുടെ പാളികളും മുന്‍വശത്തെയും പിന്‍വശത്തെയും വാതിലുകളും തകര്‍ത്ത അക്രമികള്‍ വീടിനു മുന്നിലെ രണ്ടു ബൈക്കുകളും നശിപ്പിച്ചു.
കാര്യവട്ടം യൂനിവേഴ്സിറ്റി കാംപസില്‍ നടക്കുന്ന കലോത്സവത്തില്‍ പങ്കെടുക്കുന്നതിനാല്‍ സംഭവസമയം ആര്യ വീട്ടിലുണ്ടായിരുന്നില്ല. ആര്യയുടെ മാതാപിതാക്കളും ഭര്‍ത്താവും സഹോദരനും വീട്ടിലുണ്ടായിരുന്നെങ്കിലും വധഭീഷണി മുഴക്കിയ ശേഷം അക്രമികള്‍ മടങ്ങുകയായിരുന്നു. കല്ലിയൂരില്‍ സച്ചിന്റെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ പൂര്‍ണമായും തകര്‍ത്ത അക്രമിസംഘം മുന്‍വാതില്‍ വെട്ടുകത്തികൊണ്ട് വെട്ടിപ്പൊളിച്ചു.
വെള്ളിയാഴ്ച രാത്രി 1.15നാണ് സച്ചിന്റെ വീട്ടില്‍ ആക്രമണമുണ്ടായത്. ഇവിടെനിന്ന് 12 കിലോമീറ്റര്‍ അകലെ താമസിക്കുന്ന ആര്യയുടെ വീട്ടില്‍ 1.45നാണ് ആക്രമണമുണ്ടായത്. ഇതില്‍ നിന്ന് രണ്ടു സംഭവങ്ങള്‍ക്കും പിന്നില്‍ ഒരേ സംഘമാണെന്ന് പൊലിസ് സംശയിക്കുന്നു.
സച്ചിന്റെ വീടിനു നേരെ നടന്ന ആക്രമണത്തില്‍ നേമം പൊലിസ് കേസെടുത്തു. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ നാലംഗ സംഘമാണ് ആര്യയുടെ വീട്ടില്‍ ആക്രമണം നടത്തിയതെന്ന് സി.സി.ടി.വി പരിശോധിച്ചതില്‍ നിന്ന് വ്യക്തമായതായും കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരേ കേസെടുത്തതായും വിഴിഞ്ഞം പൊലിസ് പറഞ്ഞു. കഴിഞ്ഞ കുറേകാലമായി ധനുവച്ചപുരം കോളജില്‍ എസ്.എഫ്.ഐ-എ.ബി.വി.പി സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാകാം ഇന്നലെ നടന്ന അക്രമമെന്ന് പൊലിസ് കരുതുന്നു. വിഴിഞ്ഞം സി.ഐ ജിജു, എസ്.ഐ ത്രിദീപ് ചന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് പരിശോധന നടത്തി. സംഭവമറിഞ്ഞ് കോവളം എം.എല്‍.എ അഡ്വ. എം. വിന്‍സെന്റ്, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, കോവളം ഏരിയാ സെക്രട്ടറി ഹരികുമാര്‍, ജില്ലാ കമ്മിറ്റി അംഗം പി. രാജേന്ദ്രകുമാര്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."