തെരുവുവിളക്കുകള്‍ നിശ്ചലം പ്രതിഷേധവുമായി കൗണ്‍സിലര്‍മാരുടെ കുത്തിയിരിപ്പ് സമരം
നിലമ്പൂര്‍: നഗരസഭയിലെ തെരുവുവിളക്കുകള്‍ പ്രവര്‍ത്തനരഹിതമായതില്‍ നടപടി ആവശ്യപ്പെട്ട് രണ്ട് നഗരസഭ കൗണ്‍സിലര്‍മാര്‍ സെക്രട്ടറിക്കു മുന്നില്‍ കുത്തിയിരുപ്പു സമരം നടത്തി. കൗണ്‍സിലര്‍മാരായ മുസ്തഫ കളത്തുംപടിക്കല്‍, പി.എം ബഷീര്‍ എന്നിവരാണ് കുത്തിയിരുപ്പു സമരം നടത്തിയത്.
നടപടികള്‍ ഉടനുണ്ടാവുമെന്ന നഗരസഭ സെക്രട്ടറിയുടെ ഉറപ്പില്‍ പിന്നീട് സമരം അവസാനിപ്പിച്ചു. നഗരസഭയില്‍ 2017-18 വര്‍ഷത്തെ പദ്ധതി പ്രകാരം 21,66,816 രൂപ ചെലവഴിച്ച് സ്ഥാപിച്ച തെരുവുവിളക്കുകളാണ് പ്രവര്‍ത്തനരഹിതമായത്. ഇവ മാറ്റിസ്ഥാപിക്കുന്നതിനും മെയിന്റനന്‍സ് കാലവധി നീട്ടുന്നതിനും നടപടികളെടുക്കണമെന്നാണ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടത്.
അതാതു സമയങ്ങളില്‍ കൗണ്‍സില്‍ യോഗങ്ങളില്‍ ഇതു സംബന്ധിച്ച് തീരുമാനങ്ങളെടുത്തിട്ടുണ്ടെങ്കിലും നടപ്പിലായില്ലെന്നും ഇവര്‍ പറയുന്നു. തെരുവുവിളക്കുകളുടെ മെയിന്റനന്‍സ് പ്രവര്‍ത്തികള്‍ തിങ്കളാഴ്ച തുടങ്ങാന്‍ കരാറുകാരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ടെന്ന് നഗരസഭ സെക്രട്ടറി പറഞ്ഞു.
സെന്‍സര്‍ സ്ഥാപിച്ച വകയില്‍ കരാറുകാര്‍ക്ക് ഏഴര ലക്ഷത്തോളം രൂപ നല്‍കാനുണ്ട്. ഇത് പുതിയ പദ്ധതിയിലുള്‍പ്പെടുത്തി നല്‍കാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."