സഊദിയുടെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ പങ്കാളിയായി ഇന്ത്യ
ജിദ്ദ: സഊദിയുടെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ പങ്കാളിയായി ഇന്ത്യ മാറി. ഇതോടെ സഊദി- ഇന്ത്യ ഉഭയകക്ഷി വ്യാപാരം 126.92 ബില്യൺ റിയാലായി ഉയർന്നു. 2018 ൽ ഇത് 120.01 ബില്യൺ റിയാലായിരുന്നു. കഴിഞ്ഞ വർഷം ഉഭയകക്ഷി വ്യാപാരത്തിൽ 5.8 ശതമാനം വളർച്ച രേഖപ്പെടുത്തി. സഊദിയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളി ചൈനയാണ്.
ഇന്ത്യയിലേക്കുള്ള സഊദി കയറ്റുമതി 3.89 കോടി റിയാൽ തോതിൽ വർധിച്ചതാണ് ഉഭയകക്ഷി വ്യാപാരം ഉയരാൻ ഇടയാക്കിയത്. 2019 ൽ 102.58 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങളാണ് സഊദി ഇന്ത്യയിലേക്ക് കയറ്റി അയച്ചത്. 2014 നു ശേഷം ആദ്യമായാണ് ഇന്ത്യയിലേക്കുള്ള സഊദി കയറ്റുമതി ഇത്രയും ഉയരുന്നത്. 2018 ൽ ഇന്ത്യയിലേക്ക് 98.69 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങളാണ് സഊദി കയറ്റി അയച്ചിരുന്നത്.
കഴിഞ്ഞ കൊല്ലം ഇന്ത്യയിൽ നിന്ന് സഊദിയിലേക്കുള്ള ഇറക്കുമതിയും വർധിച്ചു. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയിൽ 3.01 ബില്യൺ റിയാലിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. 2019 ൽ 24.33 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങളാണ് ഇന്ത്യയിൽ നിന്ന് സഊദി ഇറക്കുമതി ചെയ്തത്. സഊദി-ഇന്ത്യ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇറക്കുമതിയാണ്. 2018 ൽ 21.32 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങളാണ് ഇന്ത്യയിൽ നിന്ന് സഊദിയിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്. 1984 ൽ സഊദിയുടെ ഏറ്റവും വലിയ 11-ാമത്തെ വാണിജ്യ പങ്കാളിയായിരുന്നു ഇന്ത്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."