നാട്ടുകാരുടെ പ്രതിഷേധം പാതായ്ക്കരയിലെ റബര്‍ കമ്പനി അടച്ചുപൂട്ടി റബര്‍ കമ്പനി കഞ്ചിക്കോട്ടേക്ക് മാറ്റിയേക്കും
പെരിന്തല്‍മണ്ണ: പ്രദേശവാസികളുടെ പ്രതിഷേധത്തിനൊടുവില്‍ പെരിന്തല്‍മണ്ണ പാതായ്ക്കരയിലെ റബര്‍ കമ്പനി അടച്ചുപൂട്ടി. പാതായ്ക്കര വില്ലേജില്‍ കോവിലകംപടി തോട്ടക്കരയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ റബര്‍ കമ്പനിയാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയത്. പഴയ ടയറുകള്‍ പൊളിച്ച് കെമിക്കല്‍ ചേര്‍ത്ത് പുഴുക്കി പുതിയ ടയര്‍ ഉല്ട്രൈഡിങ് ഷീറ്റുകളുടെ നിര്‍മാണമാണ് ഇവിടെ നടന്നിരുന്നത്. പാരിസ്ഥിതിക പ്രശ്നവും രോഗഭീതിയും ചൂണ്ടിക്കാട്ടി കമ്പനിക്കെതിരേ നാട്ടുകാര്‍ രംഗത്ത്വന്നിരുന്നു.
2016 നവംബറില്‍ നാട്ടുകാരുടെ എതിര്‍പ്പ് ഉയര്‍ന്നതോടെ കമ്പനി രണ്ടാഴ്ചയോളം അടച്ചിട്ടിരുന്നു. തുടര്‍ന്ന് കമ്പനി ഉടമകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ സമിതി 2018 ജൂണ്‍ 30വരെ കമ്പനിക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
ജനകീയ സമിതി അനുവദിച്ച കാലാവധി തീര്‍ന്നതോടെ റബര്‍ കമ്പനിക്കെതിരേ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തുവന്നു.
ഇതേതുടര്‍ന്ന് ഉടമകള്‍ തന്നെ സ്ഥാപനം അടച്ചുപൂട്ടുകയായിരുന്നു. എന്നാല്‍, ഉടമകള്‍ ആറുമാസത്തെ സാവകാശം ചോദിച്ചിട്ടുണ്ട്.
ഇത് അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. അതേസമയം, റബര്‍ കമ്പനി കഞ്ചിക്കോട്ടേക്ക് മാറ്റാനും ശ്രമം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."