വെള്ളിമാട്കുന്ന് റോഡ് സ്ഥലമേറ്റെടുപ്പ്; ആദ്യഘട്ടം പൂര്‍ത്തിയായി
കോഴിക്കോട്: നഗരപാതാ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിനായുള്ള ഒന്നാംഘട്ട ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. കഴിഞ്ഞ ജനുവരിയില്‍ അനുവദിച്ച 35 കോടി രൂപ ചെലവില്‍ പാറോപ്പടി, നടക്കാവ്, മാവൂര്‍ എന്നീ മൂന്നു സ്‌ട്രെച്ചുകളിലുള്‍പ്പെട്ട 0.8226 ഹെക്ടറാണ് ഡയരക്ട് പര്‍ച്ചേസ് വഴി അവസാനമായി ഏറ്റെടുത്തത്. ആദ്യം അനുവദിച്ച 25 കോടി രൂപ ചെലവഴിച്ച് മലാപ്പറമ്പ് ജങ്ഷന്‍ നേരത്തേ വികസിപ്പിച്ചിരുന്നു. ആകെയുള്ള 60ല്‍ 40 പേര്‍ക്കും പണം നല്‍കി ഭൂമിയുടെ ആധാരം രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാര്‍ വാങ്ങിക്കഴിഞ്ഞു. ബാക്കിയുള്ളവയിലെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്.
400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിനു ആകെ 7.5 ഹെക്ടറോളം ഭൂമിയാണ് ആവശ്യമായിട്ടുള്ളത്. സ്ഥലമുടമകള്‍ ഭൂമി വിട്ടുനല്‍കാന്‍ തയാറാണെങ്കിലും നഷ്ടപരിഹാര പാക്കേജിന്റെ അഭാവത്തില്‍ ഒഴിഞ്ഞുപോകാന്‍ കടയുടമകള്‍ കൂട്ടാക്കാത്തതാണ് പ്രധാന പ്രശ്‌നം. മലാപ്പറമ്പ് ജങ്ഷന്‍ വിപുലീകരണ വേളയില്‍ ഒഴിപ്പിച്ച കടയുടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ സര്‍ക്കാരിനു കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.
ഏറ്റെടുക്കുന്ന സര്‍ക്കാര്‍ ഭൂമി മതില്‍കെട്ടി സംരക്ഷിക്കുന്നതിനു കഴിഞ്ഞ വര്‍ഷം പി.ഡബ്ല്യു.ഡിക്ക് അനുവദിച്ച നാലു കോടി രൂപ സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ തിരികെ അടക്കേണ്ടിവന്നിരുന്നു.
മതില്‍ കെട്ടുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതിനുള്ള തുക ഉടന്‍ ലഭിക്കുന്നതോടെ മറ്റു നടപടികള്‍ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."