ബെഞ്ചിലിരിക്കാന്‍ അവര്‍ വന്നില്ല കണ്ണീര്‍പൊഴിച്ച് സഹപാഠികള്‍
എടവണ്ണപ്പാറ: വാഴക്കാട് ഗവ.യുപി സ്‌കൂളിലെ രണ്ട് ബി ക്ലാസ്സിലെ ബെഞ്ചിലിരിക്കാന്‍ സുഹൃത്തുക്കളായ റിശാനും, അശ്ഫാനും ഇനിയൊരിക്കലും വരില്ലെന്ന തിരിച്ചറിവില്‍ വിതുമ്പിക്കരഞ്ഞ് കുരുന്നു മക്കള്‍.
അടുത്ത ദിവസം കാണാമെന്ന പ്രതീക്ഷയോടെ പിരിഞ്ഞ് പോയ പ്രിയ സുഹൃത്തുക്കള്‍ ഇനിയൊരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക് യാത്ര പോയ വിഷമത്തിലായിരുന്നു സ്‌കൂളിലെ സഹപാഠികളും അധ്യാപകരും. ചൊവ്വാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയതിന് ശേഷം തൊട്ടടുത്ത കുളത്തില്‍ കുളിക്കാനിറങ്ങിയ ചിറ്റന്‍ കക്കാട്ടീരി റിയാസിന്റെ മകന്‍ മുഹമ്മദ് റിഷാനും വേലീരിപ്പൊറ്റ അബ്ദുല്‍റഷീദലിയുടെ മകന്‍ അഷ്ഫാനും മുങ്ങി മരിക്കുകയായിരുന്നു.
വിദ്യാര്‍ഥികളുടെ പെട്ടെന്നുള്ള അപകട മരണത്തെ തുടര്‍ന്ന് ബുധനാഴ്ച സ്‌കൂളിന് അവധി നല്‍കിയതിനാല്‍ ഇന്നലെ ക്ലാസില്‍ കുട്ടികള്‍ എത്തിയത് വികാരഭരിതമായിട്ടായിരുന്നു. ക്ലാസ്സില്‍ പഠിക്കാന്‍ മിടുക്കരായ ഇരുവരും ക്ലാസ് റൂമില്‍ ഇരുന്നത് ഒരേ ബെഞ്ചില്‍ തൊട്ടടുത്തായിരുന്നു.
ക്ലാസ്സിലും യാത്രയിലും കളിയിലുമെല്ലാം കൂടെ നടന്നവര്‍ ഒരുമിച്ച് മരണത്തിനും കീഴടങ്ങിയപ്പോള്‍ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഇന്നലെ അസംബ്ലി ചേര്‍ന്ന് ഇരുവര്‍ക്കുമായി പ്രത്യേക പ്രാര്‍ഥന നടത്തിയാണ് സ്‌കൂള്‍ ആരംഭിച്ചത്. അപകടങ്ങള്‍ വരുന്ന വഴിയേ കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് അവബോധം നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."