ദുരിത ജീവിതത്തിന് അറുതിയായി; കെ.എം.സി.സിയുടെ സഹായത്താൽ ജോഷ്വാ നാട്ടിലെത്തി
റിയാദ്: ഒരു മാസത്തോളമായി റിയാദിൽ ശരീരം തളർന്ന് അവശനിലയിൽ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശിയെ കെ.എം.സി.സിയുടെ സഹായത്താൽ കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചു. കൊല്ലം കുണ്ടറ സ്വദേശി ജോഷ്വാ അലോഷ്യസിനെയാണ് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗിന്റെ സഹായത്തോടെ വിദഗ്ദ ചികിത്സക്കായി നാട്ടിലെത്തിച്ചത്.
റിയാദിലെ നദീമിൽ ലോൺ ട്രി ജീവനക്കാരനായിരുന്ന ജോഷ്വ കഴിഞ്ഞ മാസമാണ് ജോലി സ്ഥലത്ത് തളർന്ന് വീണത്.
ഉടനെ തന്നെ ജോഷ്വയെ സഹ ജീവനക്കാർ അടുത്തുള്ള ക്ലിനിക്കിലെത്തിക്കുകയായിരുന്നു. ശരീരത്തിന്റെ വലത് ഭാഗം തളർന്ന് പോയ ജോഷ്വയെ അടിയന്തിരമായി വിദഗ്ദ ചികിത്സക്ക് വിധേയമാക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തത് കാരണം ഭാരിച്ച ചികിത്സാ ചെലവ് ജോഷ്വക്ക് താങ്ങാവുന്നതായിരുന്നില്ല. ഇതെ തുടർന്നാണ് ഇവർ കെ.എം.സി.സിയുമായി ബന്ധപ്പെടുന്നത്. ജോഷ്വയെ എത്രയും വിദഗ്ദ ചികിത്സക്ക് എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം കെ.എം.സി.സി ചെയർമാൻ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഇന്ത്യൻ എംബസിയിൽ പ്രത്യേക പരിഗണന ലഭിക്കേണ്ട രോഗിയെന്ന നിലയിൽ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് രണ്ടാഴ്ച മുമ്പ് റിയാദിൽ നിന്നും പുറപ്പെട്ട വിമാനത്തിൽ യാത്രാനുമതി ലഭിച്ചിരുന്നു. എന്നാൽ ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് അവസാന നിമിഷം യാത്ര ഉപേക്ഷിച്ച് റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മടങ്ങുകയായിരുന്നു. തുടർന്ന് വിമാനത്താവളത്തിൽ നിന്നും നേരെ റിയാദിലെ ദാറുശിഫാ ആശുപത്രിയിലെത്തിച്ച് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ചയായി ഇവിടെ ചികിത്സയിലായിരുന്നു. ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്ന് കെ.എം.സി.സി നേതാക്കൾ എംബസിയെയും എയർ ഇന്ത്യാ അധികൃതരെയും ബന്ധപ്പെട്ട് യാത്രാനുമതി നേടിയെടുക്കുകയായിരുന്നു. നഴ്സ് അടക്കം രണ്ട് യാത്രക്കാരെ ഇദ്ദേഹത്തിന്റെ മെഡിക്കൽ അസിസ്റ്റൻസിനായി കണ്ടെത്തുകയും ചെയ്തു. അങ്ങിനെയാണ് വെള്ളിയാഴ്ച കൊച്ചിയിലേക്കുള്ള എയർ ഇന്ത്യാ വിമാനത്തിൽ ജോഷ്വാ യാത്ര തിരിച്ചത്. കെ.എം.സി.സിയുടെ സമയോചിതമായ ഇടപ്പെടൽ മൂലമാണ് ജോഷ്വായെ തുടർ ചികിത്സക്കായി നാട്ടിലെത്തിക്കാൻ സാധിച്ചതെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ദമാമിലുള്ള സഹോദരൻ പറഞ്ഞു. സിദ്ദീഖ് തുവ്വൂരിനൊപ്പം ശിഹാബ് പുത്തേഴത്ത്, ഇർഷാദ് കായക്കൂൽ, മെഹബൂബ് കണ്ണൂർ എന്നിവർക്കൊപ്പം സുഹൃത്തുക്കളായ സുബൈർ തൃശ്ശൂർ, റഹീം കെ.ടി എന്നിവരും സഹായത്തിനായി രംഗത്തുണ്ടായിരുന്നു. കൊച്ചിയിലെത്തിയ ജോഷ്വായെ എറണാകുളം സി.എച്ച് സെന്ററിന്റെ ആംബുലൻസിലാണ് വിമാനത്താവളത്തിൽ നിന്നും കൊണ്ട് പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."