ഇസ്‌റാഉം മിഅ്‌റാജും ഓര്‍മപ്പെടുത്തുന്നത്
വേദനകളകറ്റാന്‍ യാത്ര ഫലപ്രദമാണ്. തനിക്കു സംരക്ഷണമേകിയ പിതൃവ്യന്‍ അബൂത്വാലിബിന്റെയും
പ്രിയ പത്‌നി ഖദീജ (റ)യുടെയും വിയോഗവും ത്വാഇഫിലെ അനുഭവങ്ങളുമെല്ലാം നബി (സ) യുടെ മനസില്‍ വലിയ വേദനയാണു സൃഷ്ടിച്ചിരുന്നത്. മാനസികവ്യഥയനുഭവിച്ച് മുഹമ്മദ് നബി (സ) കഴിയുമ്പോഴാണ് ഇസ്‌റാഉം മിഅ്‌റാജും സംഭവിക്കുന്നത്. പ്രവാചകരെ അടുത്തുവിളിച്ച് സമാധാനിപ്പിക്കാനും ആത്മധൈര്യം പകരാനും അല്ലാഹു തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
വിശുദ്ധ ഖുര്‍ആന്‍ 17ാം സൂറയിലാണ് ഇസ്‌റാഇനെ വിശദീകരിക്കുന്നത്. അതിനു തൊട്ടുമുന്‍പുള്ള സൂറത്ത് അവസാനിക്കുന്നത് ഇങ്ങനെയാണ്: 'താങ്കള്‍ ക്ഷമിക്കുക. അല്ലാഹുവിന്റെ സഹായത്തോടുകൂടിത്തന്നെയാണു താങ്കളുടെ ക്ഷമ. അവരെ സംബന്ധിച്ച് താങ്കള്‍ ദുഃഖിക്കുകയോ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നതിനെപ്പറ്റി അസ്വസ്ഥനാവുകയോ അരുത്. സൂക്ഷിച്ചു ജീവിക്കുകയും നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാരോ അവരുടെ കൂടെയാണു നിശ്ചയമായും അല്ലാഹു.' (അന്നഹ്ല്‍).
ഒരു സൂറയുടെ അന്ത്യഭാഗവും അടുത്ത സൂറയുടെ തുടക്കവും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ഒരു ബന്ധമുണ്ടാകും. മനോവ്യഥയനുഭവിക്കുന്ന തിരുനബിക്കുള്ള സാന്ത്വനത്തിന്റെ സഞ്ചാരമായിരുന്നു ഇസ്‌റാഉം മിഅ്‌റാജും. ഇക്കാര്യം പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഉദ്ധരിച്ചിട്ടുണ്ട്.
ഇസ്‌റാഅ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മക്കയിലെ മസ്ജിദുല്‍ ഹറാമില്‍നിന്നും ഫലസ്തീനിലെ ബൈത്തുല്‍ മുഖദ്ദസിലേക്കുള്ള രാപ്രയാണമാണ്. 'അസ്‌റാ' എന്ന വാക്കിനു നിശാപ്രയാണം ചെയ്യിച്ചു, രാത്രി നടത്തി എന്നാണ് അര്‍ത്ഥം.
ബൈത്തുല്‍ മുഖദ്ദസില്‍നിന്ന് ഉപരിലോകത്തേയ്ക്കുള്ള പ്രയാണമാണ് മിഅ്‌റാജ്. ലോകചരിത്രത്തിലെ ഈ അനുപമ സംഭവം ഹിജ്‌റയുടെ ഒരു കൊല്ലംമുന്‍പ് നബി (സ) യുടെ 52 ാം വയസിലാണു നടന്നത്. അതു നടന്ന മാസത്തെപ്പറ്റിയും തിയതിയെപ്പറ്റിയും ഭിന്നാഭിപ്രായങ്ങളുണ്ടണ്ട്. റജബ് 27നാണെന്നാണു പലരുടെയും ഉറച്ച അഭിപ്രായം. ജനങ്ങളുടെ പ്രവൃത്തിയും അതനുസരിച്ചാണ് (സുര്‍ഖാനി).
അത്ഭുതവാഹനമായ ബുറാഖിന്റെ പുറത്തായിരുന്നു ഇസ്‌റാഅ്. പ്രവാചകരുടെ സുപ്രധാന മുഅ്ജിസത്തുകളിലൊന്നായാണ് ഇസ്‌റാഉം മിഅ്‌റാജും ഗണിക്കപ്പെടുന്നത്. ഒരുരാത്രിയില്‍ നടന്ന പ്രസ്തുത പ്രയാണത്തില്‍ വാനലോകത്തുവച്ചു മുന്‍കാല പ്രവാചകന്മാരെയും ബൈത്തുല്‍ മഅ്മൂറും സിദ്‌റത്തുല്‍ മുന്‍തഹായും സ്വര്‍ഗവും നരകവുമെല്ലാം പ്രവാചകന്‍ ദര്‍ശിച്ചു. അവസാനം അല്ലാഹുവിനെ കാണുകയും പാരിതോഷികമായി ലഭിച്ച അഞ്ചു വഖ്ത് നിസ്‌കാരവുമായി അതേ രാത്രി തന്നെ മക്കയില്‍ തിരിച്ചെത്തുകയും ചെയ്തു.
പ്രവാചകരെ സംബന്ധിച്ചിടത്തോളം വലിയൊരു സമാധാനവും അംഗീകാരവുമായിരുന്നു ഇത്. അടുത്തദിവസം പ്രഭാതത്തില്‍ പ്രവാചകന്‍ അനുയായികളെ വിളിച്ച് ഈ സംഭവം വിശദീകരിച്ചു. പലര്‍ക്കും വിശ്വസിക്കാനായില്ല. ചിലര്‍ അത്ഭുതം പ്രകടിപ്പിച്ചു. ചിലര്‍ ശക്തമായി നിഷേധിച്ചു. പോക്കുവരവിനു രണ്ടുമാസം വഴിദൂരമുള്ള ഫലസ്തീനിലേയ്ക്ക് ഒരു രാത്രിയുടെ അല്‍പ യാമങ്ങള്‍കൊണ്ട് ഒരാള്‍ക്ക് പോയിവരാന്‍ സാധിക്കുമോയെന്നതായിരുന്നു അവരുടെ ചോദ്യം.
മക്കയില്‍നിന്ന് ഖുദ്‌സ് പട്ടണത്തിലേയ്ക്ക് റോഡ് മാര്‍ഗം ആയിരത്തി നാനൂറോളം കിലോമീറ്ററുണ്ട്.ണ്ട വിശ്വാസികളായ ചിലര്‍ മുര്‍തദ്ദായ സംഭവം വരെയുണ്ടായി. ആശയക്കുഴപ്പത്തിലായ ജനങ്ങള്‍ അബൂബക്ര്‍ (റ) വിന്റെ അടുത്തുചെന്നു. പ്രവാചകന്‍ (സ) അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതു സത്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനാല്‍ അദ്ദേഹത്തിനു പില്‍ക്കാലത്ത് സിദ്ദീഖ് എന്ന നാമം കൈവന്നു.
കൂട്ടത്തില്‍ മസ്ജിദുല്‍ അഖ്‌സ മുന്‍പ് സന്ദര്‍ശിച്ചവരുണ്ടായിരുന്നു. അവര്‍ പരീക്ഷണാര്‍ത്ഥം പ്രവാചകനോട് അതിന്റെ വാതിലുകളുടെ എണ്ണവും മറ്റു വിശേഷണങ്ങളും ചോദിച്ചു. ഒരു വ്യത്യാസവുമില്ലാതെ പ്രവാചകന്‍(സ) എല്ലാം വിശദീകരിച്ചുകൊടുത്തു. നാട്ടില്‍നിന്നുപോയ യാത്രാസംഘത്തെ കണ്ടുമുട്ടിയതും അതിന്റെ സഞ്ചാരരീതിയുംവരെ പ്രവാചകന്‍ വിവരിച്ചു. ഒരു സംശയത്തിനും ഇടനല്‍കാത്തവിധമുള്ള വിവരണം കേട്ടു വിശ്വാസികള്‍ പ്രവാചകരോടൊപ്പം ഉറച്ചുനിന്നു. എതിരാളികള്‍ പ്രവാചകരെ കൂടുതലായി പരിഹസിക്കാനും തള്ളിപ്പറയാനും തുടങ്ങി.
നബി (സ)യുടെ ഇസ്‌റാഉം മിഅ്‌റാജും ഖുര്‍ആന്‍ കൊണ്ടു സ്ഥിരപ്പെട്ടതാണ്. വിശുദ്ധ ഖുര്‍ആനിന്റെ 17 ാം അധ്യായം ഒന്നാംവാക്യത്തില്‍ ഇസ്‌റാഇനെ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട് : 'ചുറ്റുഭാഗവും നാം അനുഗ്രഹം ചെയ്ത അല്‍ മസ്ജിദുല്‍ അഖ്‌സ്വായിലേയ്ക്ക് പരിശുദ്ധപള്ളിയില്‍നിന്നു തന്റെ അടിമയെ നമ്മുടെ ദൃഷ്ടാന്തങ്ങളിസയുടെ ചുരുക്കം സമയത്തു സഞ്ചരിപ്പിച്ചവന്‍ എത്ര പരിശുദ്ധന്‍! നിശ്ചയമായും അവന്‍ തന്നെയാണ് എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും'.
'സിദ്‌റത്തുല്‍മുന്‍തഹാ'യില്‍ വച്ചു നബി (സ) ജിബ്‌രീല്‍(അ) എന്ന മലക്കിനെ (അദ്ദേഹത്തിന്റെ സാക്ഷാല്‍ രൂപത്തില്‍) കണ്ടുവെന്ന് 53ാം അധ്യായത്തില്‍ (അന്നജ്ം) പറയുന്നുണ്ട്. 'സിദ്‌റത്തുല്‍മുന്‍തഹാ' ഏഴാം ആകാശത്തിന്റെ മുകളിലാണെന്നു ബുഖാരി, മുസ്‌ലിം തുടങ്ങിയ നിരവധി ഹദീസ് പണ്ഡിതന്മാര്‍ ഉദ്ധരിച്ച ഹദീസുകളില്‍ നബി (സ) പ്രസ്താവിച്ചിട്ടുണ്ട്. മിഅ്‌റാജിനു തെളിവായ പല വാക്യങ്ങളും സൂറതുന്നജ്മില്‍ പരാമര്‍ശിക്കുന്നുണ്ട്. നബി(സ)യ്ക്ക് ഇസ്‌റാഉം മിഅ്‌റാജും ഉണ്ടായത് ഉണര്‍ന്നിരിക്കുമ്പോള്‍ ജഡത്തോടും ആത്മാവോടും കൂടി തന്നെയാണെന്നതാണു സത്യം (ശര്‍ഹുമുസ്‌ലിം). ഖുര്‍ആനും അനേകം സ്വഹാബികള്‍ ഉദ്ധരിച്ച നബിവചനങ്ങളും പരിശോധിക്കുന്നവര്‍ക്ക് മറ്റൊരുവിധത്തില്‍ മനസിലാക്കാന്‍ വഴിയില്ല.
17ാം അധ്യായം ഒന്നാംവാക്യത്തില്‍ പറഞ്ഞത് 'അബ്ദിഹി' (തന്റെ അടിമയെ) എന്നാണ്. ദേഹത്തിനും ആത്മാവിനും കൂടിയുള്ള പേരാണ് ('അബ്ദ് ') അടിമ എന്നത്. തന്റെ അടിമയെ 'രാപ്രയാണം ചെയ്യിച്ചു' എന്നാണല്ലോ ഇവിടെ പറഞ്ഞത്. അപ്പോള്‍ ഈ യാത്ര ദേഹവും ദേഹിയും ഒന്നായിത്തന്നെയായിരുന്നുവെന്ന് വ്യക്തമായി. 72:19 ലും 96:9, 10ലും 25:1ലും 'അബ്ദ്'എന്ന പദം ദേഹവും ദേഹിയും ഒന്നിച്ചുള്ളതിനു പ്രയോഗിച്ചതായി കാണാം.
17ാം അധ്യായം 60ാം വാക്യത്തില്‍ നാം താങ്കള്‍ക്കു കാണിച്ചുതന്ന കാഴ്ചയെ ജനങ്ങള്‍ക്ക് 'ഫിത്‌ന' തന്നെ ആക്കിയിരിക്കുന്നു എന്ന് പറഞ്ഞതു കാണാം. 'ഫിത്‌ന' എന്ന വാക്കിനു പരീക്ഷണം എന്നര്‍ഥം. നബി (സ) കണ്ടതു സ്വപ്നത്തിലായിരുന്നെങ്കില്‍ അതില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടാകാനോ ആശയക്കുഴപ്പമുണ്ടാകാനോ വകയില്ല. എത്രയോ അത്ഭുതകാര്യങ്ങള്‍ ജനങ്ങള്‍ സ്വപ്നം കാണാറുണ്ട്. അതിലൊന്നും ആര്‍ക്കും ഒരു 'ഫിത്‌ന'യും ഉണ്ടാകാറില്ല.
നബി (സ) യുടെ ഇസ്‌റാഉം മിഅ്‌റാജും സ്വപ്നമായിരുന്നെങ്കില്‍ മക്കക്കാര്‍ എതിര്‍ക്കേണ്ടതില്ലായിരുന്നു. ഒരു ചലനവും അതവരില്‍ ഉണ്ടാക്കുമായിരുന്നില്ല. മാത്രമല്ല, സ്വപ്നത്തില്‍ ആകാശഭൂമികളിലെവിടെയും പോകുന്നതും മറ്റെന്തൊക്കെ അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിക്കുന്നതും സര്‍വസാധാരണമാണ്. അതില്‍ എന്ത് അത്ഭുതമിരിക്കുന്നു. 'റുഅ്‌യാ' എന്ന വാക്ക് കണ്ണുകൊണ്ടു കാണുന്നതിനും സ്വപ്നം കാണുന്നതിനും ഉപയോഗിക്കാറുണ്ട്. 60ാം വാക്യത്തില്‍ കണ്ണുകൊണ്ടു കണ്ടുവെന്ന അര്‍ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നതെന്നു സുപ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്‌നുഅബ്ബാസ്(റ) വ്യാഖ്യാനിച്ചതായി കാണാം: 'അത് നബി (സ) ബാഹ്യമായ കണ്ണുകൊണ്ടു കണ്ടതുതന്നെയാകുന്നു. ഇസ്‌റാഇന്റെ രാത്രിയാണ് നബി (സ)യ്ക്ക് അതു കാണിച്ചുകൊടുത്തത്.' ഇതു ബുഖാരി ഉദ്ധരിച്ചതാണ്.
ദേഹത്തോടു കൂടിയ ഇസ്‌റാഉം മിഅ്‌റാജും നടത്തുന്നത് അല്ലാഹുവിന് പ്രയാസമുള്ള കാര്യമല്ല. അത് അസാധ്യമാക്കുന്ന യാതൊരു തെളിവും യുക്തിയിലോ മതത്തിലോ ഇല്ല. അനേകം തെളിവുകളിലൂടെ നബി (സ) യുടെ ഇസ്‌റാഉം മിഅ്‌റാജും ദേഹിയും ദേഹവുമൊന്നിച്ചുള്ള യാത്രയായിരുന്നുവെന്ന് സത്യാന്വേഷികള്‍ക്ക് ഗ്രഹിക്കാന്‍ കഴിയും.
മിഅ്‌റാജിന്റെ രാത്രി നിരവധി അത്ഭുതങ്ങള്‍ക്ക് മുഹമ്മദ് നബി (സ) സാക്ഷിയായിട്ടുണ്ട്. നിസ്‌കാരം നിര്‍ബന്ധമാക്കപ്പെട്ടതുപോലും അന്നാണെന്നതു സുവിദിതമാണല്ലോ. വിശ്വാസീസമൂഹത്തിനു അഭിനമാനകരമായ സംഭവത്തിന്റെ സ്മരണപുതുക്കി അല്ലാഹുവിനോടു നന്ദി പ്രകടിപ്പിക്കല്‍ നമ്മുടെ കടമയാണ്. അതുകൊണ്ട് റജബ് 27നു പ്രത്യേകം നോമ്പ് സുന്നത്തുണ്ട്. (ബാജൂരി 1:314,ഇആനത്ത് 2:264).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."