ജനകീയവേദി പ്രവര്‍ത്തകരുടെ പേരില്‍ ജാമ്യമില്ല കേസ് ചുമത്തിയതായി പരാതി
പെരുമ്പാവൂര്‍: അമിതഭാര വാഹനങ്ങള്‍ക്ക് നിയന്ത്രണമുള്ള റോഡില്‍ ഭാരവാഹനങ്ങള്‍ തടഞ്ഞ ജനകീയവേദി പ്രവര്‍ത്തകരുടെ പേരില്‍ ജാമ്യമില്ല കേസ് ചുമത്തിയതായി പരാതി. പട്ടാല്‍ - പാങ്കുളം റോഡില്‍ അമിതഭാര വാഹനങ്ങള്‍ സഞ്ചരിച്ചത് തടഞ്ഞതിനെ തുടര്‍ന്നാണ് നടപടിയെന്ന് ജനകീയവേദി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പ്ലൈവുഡ് കമ്പനിക്കെതിരെ പ്രദേശവാസികള്‍ കഴിഞ്ഞ മൂന്ന് മാസമായി സമരത്തിലാണ്. കമ്പനിയിലേക്ക് വന്ന വാഹനങ്ങള്‍ തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ജനകീയവേദി പറഞ്ഞു. പട്ടാല്‍ - പാങ്കുളം റോഡിന് മൂന്ന് മീറ്റര്‍ വീതിയാണുള്ളതെന്നും 8.6 ടണ്ണിന് താഴെവരുന്ന വാഹനങ്ങള്‍ക്കാണ് റോഡിലൂടെ ഗതാഗതത്തിന് അനുവാദമുള്ളുവെന്നും കാണിച്ച് മുനിസിപ്പല്‍ അധികൃതര്‍ നല്‍കിയ വിവരാവകാശരേഖ പൊലീസ് അധികാരികളെ കാണിച്ചുവെങ്കിലും വാഹനങ്ങള്‍ക്കെതിരെ കേസെടുക്കാതെ തങ്ങളെ പൊലീസ് ഭീക്ഷണിപ്പെടുത്തുകയാണ് ചെയ്തതെന്നും ജനകീയവേദി ആരോപിച്ചു. 27.5 ടണ്‍ ഭാരം കാണിക്കുന്ന വെയ്ബ്രിഡ്ജ് ബില്ലോട് കൂടിയാണ് വാഹനങ്ങള്‍ സഞ്ചരിച്ചതെന്നും ജനകീയവേദി പ്രസ്താവിച്ചു. റസിഡന്റ്‌സ് അസ്സോസിയേഷന്‍ പ്രവര്‍ത്തകരടക്കമുള്ള നാട്ടുകാര്‍ വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ലെന്നും പകരം ജനകീയവേദി പ്രവര്‍ത്തകരായ 16 ഓളം പേര്‍ക്കെതിരെ കേസെടുക്കുകയാണ് ചെയ്തതെന്നും ജനകീയവേദി പ്രവര്‍ത്തകര്‍ പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നടത്തി പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനകീയവേദി ഡി.ജി.പിക്കും പൊലീസ് കംപ്ലയന്റ് അതോറിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."