സൗഹൃദവും സ്‌നേഹവും നിലപാടായി സ്വീകരിച്ച വ്യക്തിത്വമാണ് തിക്കോടിയനെന്ന് എം.ടി
കോഴിക്കോട്: സൗഹൃദവും സ്‌നേഹവും നിലപാടായി സ്വീകരിച്ച് എല്ലാവരോടും അടുപ്പം കാണിച്ച വ്യക്തിയായിരുന്നു തിക്കോടിയനെന്ന് എം.ടി വാസുദേവന്‍ നായര്‍. കോഴിക്കോട് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന തിക്കോടിയന്‍ ജന്മശതാബ്ദി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് സാംസ്‌കാരിക വേദി പ്രസിഡന്റ് എ.കെ അബ്ദുല്‍ ഹക്കീം അധ്യക്ഷനായി. സ്മരണിക തിക്കോടിയന്റെ മകള്‍ എം. പുഷ്പക്ക് നല്‍കി എം.ടി വാസുദേവന്‍ നായര്‍ പ്രകാശനം ചെയ്തു. വി.ആര്‍ സുധീഷ് അനുസ്മരണ പ്രഭാഷണം നടത്തി. തിക്കോടിയന്റെ നാടകത്തിലെ അഭിനേതാക്കളായിരുന്ന ബാബു പറശേരി, വില്‍സണ്‍ സാമുവല്‍, എല്‍സി സുകുമാരന്‍, വിജയലക്ഷ്മി ബാലന്‍, കെ.എസ് കോയ, രത്‌നമ്മ മാധവന്‍, നിലമ്പൂര്‍ മണി, കോഴിക്കോട് ശിവരാമന്‍, വിജയന്‍ കാരന്തൂര്‍, എന്‍.വി.എസ് പൂക്കാട് എന്നിവരെയും റേഡിയോ കലാകാരന്‍ രവി രഞ്ജനെയും ചടങ്ങില്‍ ആദരിച്ചു.
തിക്കോടിയന്റെ 'ചുവന്ന കടല്‍' നോവലിന്റെ പുതിയ പതിപ്പിന്റെ പ്രകാശനം കെ.പി രാമനുണ്ണി ടി.വി സുനീതക്കു നല്‍കി നിര്‍വഹിച്ചു. അരങ്ങുകാണാത്ത നടന്‍ ആത്മകഥയുടെ പുതിയ പതിപ്പ് സജിത മഠത്തില്‍, ദീദി ദാമോദരനു നല്‍കി പ്രകാശനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, മാമുക്കോയ, എം. പുഷ്പ സംസാരിച്ചു. പുഷ്പവൃഷ്ടിയെക്കുറിച്ച് ഡോ. കെ. ശ്രീകുമാര്‍ സംസാരിച്ചു. സാംസ്‌കാരിക വേദി സെക്രട്ടറി കെ.വി ശശി സ്വാഗതവും പി.പി ബഷീര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."